| Sunday, 13th October 2024, 8:23 am

സെഞ്ച്വറിയടിച്ച് അഞ്ഞൂറിലേക്ക്; കരിയര്‍ തിരുത്തിക്കുറിച്ച് സഞ്ജു, ആ നാണക്കേടും കഴുകിക്കളഞ്ഞു

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ടി-20 കരിയറിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ ഹൈദരാബാദ് ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കുറിച്ചത്. ബംഗ്ലാദേശ് ബൗളര്‍മാരെ ഒരു ദയയും കാണിക്കാതെ അടിച്ചുകൂട്ടി 40ാം പന്തിലാണ് സഞ്ജു സെഞ്ച്വറി തൊട്ടത്.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് താരമെന്ന നേട്ടവും ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.

500 തൊട്ട് സഞ്ജു

ഈ സെഞ്ച്വറിയിലൂടെ കരിയറിലെ മറ്റൊരു നേട്ടത്തിലേക്കും സഞ്ജു നടന്നടുത്തു. 500 അന്താരാഷ്ട്ര ടി-20 റണ്‍സ് എന്ന നേട്ടത്തിലേക്കാണ് സഞ്ജു നടന്നുകയറിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതോടെ തലപൊക്കിയ വിമര്‍ശകര്‍ക്കുള്ള മറുപടിയായിരുന്നു സഞ്ജുവിന്റെ ഈ പ്രകടനം.

ഉപ്പലില്‍ വെറും 13 റണ്‍സ് കണ്ടെത്തിയാല്‍ സഞ്ജുവിന് 500 റണ്‍സ് മാര്‍ക് പിന്നിടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും വ്യക്തിഗത നേട്ടങ്ങള്‍ക്ക് പിന്നാലെ പോകാത്ത സഞ്ജു തന്റെ ലക്ഷ്യം വളരെ വലുതാണെന്ന് വ്യക്തമാക്കിയാണ് ബാറ്റ് വീശിയത്.

കരിയറിലെ 29ാം ഇന്നിങ്‌സിലായിരുന്നു സഞ്ജുവിന്റെ ഈ നേട്ടം പിറവിയെടുത്തത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കമാണ് താരം ടി-20യില്‍ ബാറ്റ് വീശുന്നത്. 144.52 എന്ന സ്‌ട്രൈക്ക് റേറ്റും 22.84 എന്ന ശരാശരിയിലുമാണ് സഞ്ജുവിന്റെ പ്രകടനം.

മോശം റെക്കോഡില്‍ നിന്ന് മോചനം

ഈ സെഞ്ച്വറിക്ക് പിന്നാലെ തന്റെ പേരില്‍ കുറിക്കപ്പെട്ട ഒരു മോശം റെക്കോഡ് മാറ്റിയെഴുതാനും സഞ്ജുവിന് സാധിച്ചു. അന്താരാഷ്ട്ര ടി-20യില്‍ 25 മത്സരങ്ങള്‍ക്ക് ശേഷം ഏറ്റവും മോശം ശരാശരിയുള്ള ഇന്ത്യന്‍ ബാറ്ററെന്ന മോശം നേട്ടമാണ് സഞ്ജുവിന്റെ പേരിലുണ്ടായിരുന്നത്.

28 ഇന്നിങ്‌സുകള്‍ക്ക് ശേഷം 19.32 ആയിരുന്നു താരത്തിന്റെ ബാറ്റിങ് ശരാശരി. ഈ അനാവശ്യ റെക്കോഡ് പട്ടികയില്‍ 20.00ല്‍ താഴെ ശരാശരിയുണ്ടായിരുന്നത് സഞ്ജുവിന് മാത്രമായിരുന്നു. റിഷബ് പന്തും അക്‌സര്‍ പട്ടേലും അടക്കമുള്ള താരങ്ങള്‍ സഞ്ജുവിന് മുകളിലാണ് സ്ഥാനം പിടിച്ചത്.

എന്നാല്‍ ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഈ മോശം റെക്കോഡില്‍ നിന്ന് കരകയറാനും സഞ്ജുവിന് സാധിച്ചു.

മുമ്പില്‍ ഇനിയെന്ത്?

ബംഗ്ലാദേശിനെതിരെ തകര്‍ത്തടിച്ചതോടെ അടുത്ത പരമ്പരയിലും തന്റെ സാന്നിധ്യമുണ്ടാകുമെന്ന് സഞ്ജു ഉറക്കെ വിളിച്ചുപറയുകയാണ്. മാനേജ്‌മെന്റ് തന്നെ പിന്തുണച്ചാല്‍ ആ വിശ്വാസം പൂര്‍ണമായും കാക്കാന്‍ തന്നെക്കൊണ്ട് സാധിക്കുമെന്നുള്ള സ്റ്റേറ്റ്‌മെന്റ് കൂടിയായിരുന്നു ആ സെഞ്ച്വറി.

ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ പരിപൂര്‍ണ പിന്തുണയും സഞ്ജുവിനുണ്ട്. ഇക്കാരണം കൊണ്ടുതന്നെ പ്രോട്ടിയാസിനെതിരെ ബാറ്റ് വീശാനും സഞ്ജുവുണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

നവംബറില്‍ നടക്കുന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനമാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. നാല് മത്സരങ്ങളുടെ പരമ്പരയ്ക്കാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയിലേക്ക് പറക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ മണ്ണിലും സഞ്ജു വീരേതിഹാസം രചിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Content highlight: Sanju Samson completed 500 T20I Runs

We use cookies to give you the best possible experience. Learn more