| Thursday, 27th July 2023, 9:30 pm

അവസരം ലഭിച്ചാല്‍ ഇനി കൃത്യം ഏഴ് ദിവസം; സച്ചിന് പോലും ഇല്ലാത്ത നേട്ടത്തിലേക്ക് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. റെഡ് ബോള്‍ സീരീസ് വിജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്കിറങ്ങിയിരിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മേല്‍ക്കൈ നേടിയിരിക്കുകയാണ്. 23 ഓവറില്‍ വിന്‍ഡീസിനെ 114 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്ത് കാട്ടിയിരിക്കുന്നത്.

ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും സൂപ്പര്‍ താരം സഞ്ജു സാംസണ് അവസരം നല്‍കാത്തതിലുള്ള പ്രതിഷേധം ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിന് എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജു ഉറപ്പായും ടീമില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്. ഇനി രണ്ട് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ശേഷിക്കുന്നത്. ഏകദിന പരമ്പരക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും ഇന്ത്യ കളിക്കും.

ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിലും സഞ്ജു ഇടം നേടിയിട്ടുണ്ട്.

ഈ പരമ്പരയില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെടും. ടി-20 ഫോര്‍മാറ്റില്‍ 6,000 റണ്‍സ് എന്ന സ്വപ്‌നതുല്യമായ നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

ഈ പരമ്പരയില്‍ 21 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്താല്‍ 6,000 റണ്‍സ് എന്ന നേട്ടത്തിലേക്ക് സഞ്ജുവിന് കാലെടുത്ത് വെക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ടി-20യിലെ 6K ക്ലബ്ബില്‍ ഇടം നേടുന്ന 61ാമത് താരവും 13ാം ഇന്ത്യന്‍ താരവുമാകാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന് സാധിക്കും.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, എം.എസ്. ധോണി, ദിനേഷ് കാര്‍ത്തിക്, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, സൂര്യകുമാര്‍ യാദവ്, ഗൗതം ഗംഭീര്‍, അംബാട്ടി റായിഡു എന്നിവരാണ് ടി-20യില്‍ 6,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങള്‍. പട്ടികയില്‍ അവസാനം ഇടം നേടിയ അംബാട്ടി റായിഡു ഐ.പി.എല്‍ 2023നിടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

പട്ടികയുടെ തലപ്പത്തിരിക്കുന്നവര്‍എണ്ണമറ്റ ഫ്രാഞ്ചൈസി ലീഗുകളിലടക്കം കളിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ നാല് ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. കേരള, ഇന്ത്യ, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായാണ് സഞ്ജു ബാറ്റേന്തിയത്.

14,526 റണ്‍സോടെ പട്ടികയില്‍ ഒന്നാമതുള്ള ഗെയ്ല്‍ 29 ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രണ്ടാമതുള്ള ഷോയ്ബ് മാലിക്കാകട്ടെ 28 ടീമുകള്‍ക്കായാണ് കളിച്ചത്. സഞ്ജുവിനേക്കാള്‍ ഇരട്ടിയിലധികം മത്സരങ്ങളിലും ടോപ് ഓര്‍ഡറില്‍ ഇവര്‍ ബാറ്റേന്തിയിട്ടുണ്ട്.

2011ലാണ് സഞ്ജു ടി-20 ഫോര്‍മാറ്റില്‍ അരങ്ങേറിയത്. ഇതുവരെ കളിച്ച 241 മത്സരത്തിലെ 234 ഇന്നിങ്സില്‍ നിന്നുമാണ് സഞ്ജു റണ്‍സ് നേടിയിരിക്കുന്നത്.

28.60 എന്ന ശരാശരിയിലും 133.07 എന്ന സ്ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്. മൂന്ന് സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 119 ആണ്. 483 ബൗണ്ടറിയും 264 സിക്സറുമാണ് 12 വര്‍ഷത്തെ ടി-20 കരിയറില്‍ സഞ്ജു സ്വന്തമാക്കിയത്.

ആഗസ്റ്റ് മൂന്നിനാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കരിബീയന്‍ മണ്ണില്‍ കളിക്കുക.

Content Highlight: Sanju Samson can complete 6000 runs in T20 if he scores 21 more runs

We use cookies to give you the best possible experience. Learn more