സഞ്ജു സാംസൺ പുതിയ റോളിൽ അവതരിച്ചു; ഇനി വലിയ കളികൾ മാത്രം
Football
സഞ്ജു സാംസൺ പുതിയ റോളിൽ അവതരിച്ചു; ഇനി വലിയ കളികൾ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th September 2024, 7:47 pm

സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണ്‍ തുടങ്ങിയതിന്റെ ആവേശത്തിലാണ് മലയാളി ഫുട്‌ബോള്‍ പ്രേമികള്‍. വമ്പന്‍ താരങ്ങളുടെയും വിദേശ കോച്ചുമാരുടെയും സാന്നിധ്യവുമാണ് സൂപ്പര്‍ ലീഗ് കേരളയെ ഏറെ ശ്രദ്ധേയമാക്കുന്നത്.

ഇപ്പോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പര്‍ ലീഗ് കേരള ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ ഓഹരികള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണ്‍ വാങ്ങിയിരിക്കുകയാണ്. സൂപ്പര്‍ ലീഗ് കേരള തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

സഞ്ജുവിന് പുറമെ സിനിമാ മേഖലയില്‍ നിന്നും സെലിബ്രേറ്റികളായ പൃഥ്വിരാജ് സുകുമാരനും ആസിഫ് അലിയും മറ്റ് ക്ലബ്ബുകളുടെ ഉടമകളാണ്. പൃഥ്വിരാജ് ഫോഴ്സ കൊച്ചിയുടേയും ആസിഫ് കണ്ണൂര്‍ വാരിയേഴ്സിന്റെയും സഹ ഉടമകളാണ്.

അതേസമയം ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മത്സരത്തില്‍ മലപ്പുറം എഫ്.സി തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഫോഴ്‌സാ കൊച്ചിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു മലപ്പുറം ടൂര്‍ണമെന്റിലേക്ക് വരവറിയിച്ചത്.

മലപ്പുറത്തിനു വേണ്ടി പെഡ്രോ മാന്‍സിയും മലയാളി താരം ഫസലു റഹ്‌മാനുമാണ് ഗോളുകള്‍ നേടിയത്. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന മലപ്പുറം എഫ്.സിയിലേക്ക് സഞ്ജു സാംസണിന്റെ ഈ വരവ് ടീമിന് കൂടുതല്‍ ഊര്‍ജ്ജമായിരിക്കും നല്‍കുക. രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് എഫ്.സിയെയാണ് മലപ്പുറം നേരിടുക.

ഇംഗ്ലണ്ട് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയുടെ കീഴിലാണ് മലപ്പുറം എഫ്.സി സൂപ്പര്‍ ലീഗ് കേരളയുടെ പന്തുതട്ടുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയുടെ മുന്‍ പരിശീലകനായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള പരിശീലകനാണ് ഗ്രിഗറി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ മച്ചാന്‍സിനെ തങ്ങളുടെ രണ്ടാം ഐ.എസ്.എല്‍ കിരീടത്തിലേക്ക് നയിച്ചിരുന്നത് ജോണ്‍ ഗ്രിഗറി ആയിരുന്നു. 2018ലായിരുന്നു ജോണിന്റെ കീഴില്‍ ചെന്നൈ കിരീടം സ്വന്തമാക്കിയത്.

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ അനസ് എടത്തൊടികയും മലപ്പുറം എഫ്.സിയുടെ ഭാഗമാണ്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഗോകുലം കേരള എഫ്.സിക്ക് വേണ്ടിയായിരുന്നു അനസ് അവസാനമായി ബൂട്ട് കെട്ടിയത്. ഫുട്‌ബോളില്‍ മികച്ച അനുഭവസമ്പത്തുള്ള അനസ് മലപ്പുറത്തിന് വേണ്ടി കളിക്കുന്നത് ടീമിലുള്ള മറ്റ് യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമായിരിക്കും നല്‍കുക.

 

Content Highlight: Sanju Samson Buy Shares Of Malappuram FC