| Wednesday, 6th December 2023, 7:51 am

കരിയറിലെ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തത്തിലെ സെഞ്ച്വറി; തോറ്റിട്ടും തോല്‍ക്കാതെ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കേരളം തോല്‍വി വഴങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കിനി സ്‌പോര്‍ട്‌സ് അരീന ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് റെയില്‍വേസ് കേരളത്തെ പരാജയപ്പെടുത്തിയത്.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച കേരളത്തെ ഞെട്ടിച്ചുകൊണ്ട് റെയില്‍വേസ് സ്‌കോര്‍ ഉയര്‍ത്തി. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നേടി ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നാം വിക്കറ്റിലെ കൂട്ടുകെട്ട് കേരളത്തിന്റെ പ്രതീക്ഷകള്‍ ഒന്നായി തകര്‍ക്കുകയായിരുന്നു

പ്രധം സിങ്ങും സഹാബ് യുവരാജ് സിങ്ങും ചേര്‍ന്ന് കേരളത്ത ഒന്നാകെ തച്ചുതകര്‍ത്തു. പ്രധം സിങ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് യുവരാജ് റെയില്‍വേസ് നിരയില്‍ നിര്‍ണായകമായത്. 77 പന്തില്‍ 61 റണ്‍സുമായി പ്രധം സിങ് തിളങ്ങിയപ്പോള്‍ യുവരാജ് സിങ് 136 പന്തില്‍ പുറത്താകാതെ 121 റണ്‍സും നേടി ടീമിന്റെ നെടുംതൂണായി.

27 പന്തില്‍ 31 റണ്‍സടിച്ച ഉപേന്ദ്ര യാദവും നിര്‍ണായകമായി. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 255 റണ്‍സാണ് റെയില്‍വേസ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പേ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നിലം പൊത്തിയിരുന്നു.

അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു ടീമിന്റെ അവസ്ഥ മനസിലാക്കി ക്രീസില്‍ ഉറച്ചുനിന്നു. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ താരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ആറാം നമ്പറില്‍ ക്രീസിലെത്തിയ ശ്രേയസ് ഗോപാലിനൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ സഞ്ജു കേരള ഇന്നിങ്‌സിന് അടിത്തറയൊരുക്കി.

സിക്‌സറും ബൗണ്ടറികളുമായി സ്‌കോറിങ്ങിന് വേഗം കൂട്ടിയ സഞ്ജു കരിയറിലെ 20ാം ലിസ്റ്റ് എ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. എന്നാല്‍ അവിടംകൊണ്ടും നിര്‍ത്താതെ താരം ആ അര്‍ധ സഞ്ച്വറി സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്യുകയും ചെയ്തു. കരിയറിലെ രണ്ടാം ലിസ്റ്റ് എ സെഞ്ച്വറിയാണ് സഞ്ജു റെയില്‍വേസിനെതിരെ കുറിച്ചത്.

ഇതിനൊപ്പം അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് ഗോപാലും സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 63 പന്തില്‍ 53 റണ്‍സാണ് ശ്രേയസ് നേടിയത്. 59ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 197ലാണ്. ശ്രേയസിനെ പുറത്താക്കി രാജ് ചൗധരിയാണ് റെയില്‍വേസിനെ തുണച്ചത്.

അബ്ദുള്‍ ബാസിത്തും അഖില്‍ സ്‌കറിയയും വന്നതുപോലെ പോയെങ്കിലും സഞ്ജു സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 50ാം ഓവറിലെ അഞ്ചാം പന്തില്‍ രാഹുല്‍ ശര്‍മയുടെ പന്തില്‍ പ്രധം സിങ്ങിന് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജു പുറത്തായത്.

139 പന്തില്‍ നിന്നും 128 റണ്‍സ് നേടിയാണ് കേരള ക്യാപ്റ്റന്‍ പവലിയനിലേക്ക് തിരിച്ചുനടന്നത്. എട്ട് ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെടെ 128 റണ്‍സാണ് താരം സ്വന്തമാക്കിയത്.

സഞ്ജുവിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇതല്ലെങ്കിലും താരത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിങ്‌സായി ഇത് മാറിയിരിക്കുകയാണ്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയ സഞ്ജു വീണ്ടും വീണ്ടും താനൊരു ഡിപ്പന്‍ഡിബിള്‍ ടാലന്റാണെന്ന് അടിവരയിടുന്ന പ്രകടനാണ് പുറത്തെടുക്കുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ സഞ്ജു ബെഞ്ചിലിരിക്കേണ്ടി വരുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ സഞ്ജു ഈ പ്രകടനം തുടരുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ സഞ്ജുവിന് പ്രയാസം കാണില്ല.

ഇന്ത്യയുടെ കരിനീല ജേഴ്‌സില്‍ കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ചാല്‍ ടീമിലെ സ്ഥിരസാന്നിധ്യമായി മാറാനും സഞ്ജുവിന് സാധ്യതയുണ്ടാകും.

അതേസമയം, ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ കേരളം വിജയ് ഹസാരെ ട്രോഫിയുടെ പ്രീ ക്വാര്‍ട്ടറിനും  യോഗ്യത നേടി. ഡിസംബര്‍ ഒമ്പതിനാണ് കേരളത്തിന്റെ മത്സരം. ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ മഹാരാഷ്ട്രയാണ് എതിരാളികള്‍.

Content Highlight: Sanju Samson brilliant innings against Railways

We use cookies to give you the best possible experience. Learn more