ഐ.പി.എല്ലിലെ 55ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ 20 റൺസിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസന്റെ മിന്നും പ്രകടനമാണ് ഏറെ ശ്രദ്ധ നേടിയത്. 46 പന്തില്‍ 86 റണ്‍സ് നേടി കൊണ്ടായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിങ്. 186.96 സ്‌ട്രൈക്ക് റേറ്റില്‍ എട്ട് ഫോറുകളും ആറ് സിക്‌സുകളുമാണ് രാജസ്ഥാന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നു കൊണ്ടായിരുന്നു സഞ്ജുവിന്റെ മുന്നേറ്റം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ക്യാപ്റ്റന്‍ എന്ന നിലയില്‍ 1775 റണ്‍സ് ആണ് സഞ്ജു അടിച്ചെടുത്തത്. മുംബൈ ഇന്ത്യന്‍സിനായി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് 1723 റണ്‍സാണ് സച്ചിന്‍ നേടിയത്.
ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ് എന്നീ ക്രമത്തില്‍
വിരാട് കോഹ്‌ലി-4994
എം എസ് ധോണി-4660
രോഹിത് ശര്‍മ-3986
ഗൗതം ഗംഭീര്‍-3518
ഡേവിഡ് വാര്‍ണര്‍-3356
കെ.എല്‍ രാഹുല്‍-2602
ശ്രേയസ് അയ്യര്‍-1923
ആദം ഗില്‍ഗ്രിസ്റ്റ്-1900
സഞ്ജു സാംസണ്‍-1775
സച്ചിന്‍ ടെണ്ടുല്‍ക്കര്‍-1723
മത്സരം പരാജയപ്പെട്ടെങ്കിലും 11 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയുമായി 16 പോയിന്റുമായി രണ്ടാം സ്ഥാനത്തു തന്നെയാണ് സഞ്ജുവും കൂട്ടരും. മെയ് 12ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Sanju Samson breaks Sachin Tendulker record in IPL