| Sunday, 13th October 2024, 1:49 pm

ഇന്ത്യയില്‍ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ഈ റെക്കോഡ് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല; ഇതിഹാസതുല്യനായി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20 മത്സരം മലയാളി ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. അവരുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍ കരിയറിലെ ആദ്യ ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത് ഈ മത്സരത്തിലാണ്. ലോകമെമ്പാടുമുള്ള സഞ്ജു ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ദിവസം കൂടിയായിരുന്നു ഇത്.

നേരിട്ട 40ാം പന്തില്‍ സെഞ്ച്വറി നേടി സഞ്ജു തനിക്കെതിരെ വന്ന കൂരമ്പുകളുടെയെല്ലാം മുനയൊടിച്ചുകളയുകയായിരുന്നു. ‘കേരനിര ഫാന്‍സ്’ എന്ന കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികള്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്നതിനും ഈ സെഞ്ച്വറി കാരണമായി. കൃത്യമായ പിന്തുണ നല്‍കിയാല്‍ സഞ്ജുവിന്റെ പൊട്ടെന്‍ഷ്യല്‍ കാണാമെന്ന അവരുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു ആ പ്രകടനം.

ഈ ഇന്നിങ്‌സില്‍ പല റെക്കോഡുകളും സഞ്ജു സ്വന്തമാക്കി. അതിലൊന്ന് ഇന്ത്യയില്‍ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ഓര്‍ത്തുവെക്കപ്പെടുകയും ചെയ്യും.

ഇന്ത്യക്കായി അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് ഇത്. സഞ്ജുവിന് മുമ്പ് വിക്കറ്റ് കീപ്പര്‍മാര്‍ ഒരുപാട് വന്നെങ്കിലും അവര്‍ക്കാര്‍ക്കും തന്നെ കുട്ടിക്രിക്കറ്റില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നില്ല. ഇനി ആര് തന്നെ സെഞ്ച്വറി നേടിയാലും സഞ്ജുവിന്റെ പേര് എന്നും ഒന്നാമതായി നില്‍ക്കും.

ഏകദിനത്തില്‍ രോഹിത് ശര്‍മ പലയാവര്‍ത്തി ഇരട്ട സെഞ്ച്വറിയടിച്ചപ്പോഴും വീരുവും ഗില്ലും ഇഷാനുമെല്ലാം ഇരുന്നൂറടിച്ചപ്പോഴും സച്ചിന്റെ ഇരട്ട സെഞ്ച്വറിയാണ് എന്നും ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. കാരണം ആദ്യം ഈ നേട്ടത്തിലെത്തിയത് മാസ്റ്റര്‍ ബ്ലാസ്റ്ററാണ്. ഇതുപോലെ ഏത്രയെത്ര വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യക്കായി ടി-20 സെഞ്ച്വറി നേടിയാലും സഞ്ജുവിന്റെ ഈ നേട്ടം ആരാലും തകര്‍ക്കപ്പെടാതെ തുടരും.

ഈ മത്സരത്തില്‍ മറ്റ് പല നേട്ടങ്ങളും സഞ്ജു സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യം. 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മക്ക് ശേഷം രണ്ടാമാനായാണ് സഞ്ജുവിന്റെ സ്ഥാനം.

ഇന്ത്യക്കായി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന 11ാം താരം കൂടിയാണ് സഞ്ജു. സഞ്ജുവിനും രോഹിത്തിനും പുറമെ സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി, ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, സുരേഷ് റെയ്‌ന, ദീപക് ഹൂഡ, അഭിഷേക് ശര്‍മ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഇതിനൊപ്പം ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ടി-20ഐ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടവും സഞ്ജു നേടി. 234.17 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

ഒരു അന്താരാഷ്ട്ര ടി-20 ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും താരം സ്വന്തമാക്കി. റിഷാദ് ഹൊസൈനെതിരെ ഒരു ഓവറില്‍ പറത്തിയ അഞ്ച് സിക്‌സറടക്കം എട്ട് തവണയാണ് സഞ്ജു പന്ത് ഗ്യാലറിയിലെത്തിച്ചത്.

ഇതിനൊപ്പം തന്നെ ടി-20 ഐ കരിയറിലെ ആദ്യ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരം സ്വന്തമാക്കി.

വരും മത്സരങ്ങളിലും താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Sanju Samson becomes the first Indian wicket keeper batter to score a T20I century

We use cookies to give you the best possible experience. Learn more