| Wednesday, 5th April 2023, 10:43 pm

ഒരേ ഒരു രാജാവ്; രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രം ഒറ്റക്ക് തിരുത്തിക്കുറിച്ച് സഞ്ജു; ക്യാപ്റ്റനാടാ... കയ്യടിക്കടാ...

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്ര പുസ്തകത്തില്‍ വീണ്ടും ഇടം നേടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന താരം എന്ന റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. അജിന്‍ക്യ രഹാനെയെ മറികടന്നുകൊണ്ടായിരുന്നു സഞ്ജുവിന്റെ റെക്കോഡ് നേട്ടം.

അതിന് പുറമെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ആയിരം റണ്‍സ് സ്വന്തമാക്കാനും സഞ്ജുവിനായി.

പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് 3,096 റണ്‍സായിരുന്നു സഞ്ജുവിന്റെ പേരില്‍ ഉണ്ടായിരുന്നത്. രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ ഗെറ്ററാകാന്‍ വെറും മൂന്ന് റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന് വേണ്ടിയിരുന്നത്.

3098 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയെ മറികടന്ന സഞ്ജു ബാറ്റിങ്ങില്‍ കുതിപ്പ് തുടരുകയാണ്.

അതേസമയം, മത്സരത്തില്‍ രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. പിന്നാലെ ജോസ് ബട്‌ലറിന് പകരം ഓപ്പണറായി കളത്തിലിറങ്ങിയ അശ്വിനെയും രാജസ്ഥാന് നഷ്ടമായി.

വണ്‍ ഡൗണായെത്തിയ ജോസ് ബട്‌ലര്‍ 11 പന്തില്‍ നിന്നും 19 റണ്‍സ് നേടി മടങ്ങി.

നാലാമനായി ക്രീസിലെത്തിയ നിമിഷം മുതല്‍ സഞ്ജു ആക്രമണമഴിച്ചുവിട്ടിരുന്നു. സിക്‌സറും ബൗണ്ടറികളുമായി താരം കളം നിറഞ്ഞാടുകയാണ്.

നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 81 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് രാജസ്ഥാന്‍. 18 പന്തില്‍ നിന്നും 35 റണ്‍സുമായി സഞ്ജുവും 13 പന്തില്‍ നിന്നും എട്ട് റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെയും പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും ബാറ്റിങ് കരുത്തില്‍ 197 റണ്‍സാണ് നേടിയത്.

Content Highlight: Sanju Samson becomes Rajasthan Royals’ leading run getter

We use cookies to give you the best possible experience. Learn more