ജയ്പുര്‍: ഇന്ത്യന്‍ നായകനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനുമായ വിരാട് കോഹ്‌ലിയെയും കരീബിയില്‍ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിനെയും മറികടന്ന് ഐ.പി.എല്‍ റണ്‍വേട്ടയില്‍ സഞ്ജു സാംസണ്‍ ഒന്നാമത്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയതോടെയാണ് സഞ്ജു റണ്‍വേട്ടയില്‍ വീണ്ടും ഒന്നാമതെത്തിയത്.
6 കളികളില്‍ നിന്ന് 239 റണ്ണാണ് ഒന്നാമതുള്ള സഞ്ജുവിനുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 92 ഉം. രണ്ടാമതുള്ള കോഹ്‌ലിക്ക് 5 കളികളില്‍ നിന്ന് 231 റണ്‍സാണുള്ളത്. അതേസമയം മൂന്നാം സ്ഥാനത്ത ഗെയ്‌ലിനെ മറികടന്ന് ഹൈദരാബാദ് നായകന്‍കെയ്ന്‍ വില്യംസണാണുള്ളത്. 5 കളികളില്‍ നിന്ന് 230 റണ്ണാണ് വില്യംസണിന്റെ സമ്പാദ്യം.
എന്നാല്‍ 229 റണ്ണുമായി നാലാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ല്‍ വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.
ഇന്നലെ നടന്ന മുംബൈ രാജസ്ഥാന്‍ മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലില്‍ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിനാണ് ആതിഥേയരായ രാജസ്ഥാന്‍ തോല്‍പിച്ചത്.
ആറു കളികളില്‍ നിന്ന് ആറു പോയിന്റുള്ള രാജസ്ഥാന്‍ ആറാം സ്ഥാനത്താണ്. അഞ്ചു കളികളില്‍ നിന്ന് രണ്ടുപോയിന്റ് മാത്രമുള്ള മുംബൈ ഏഴാമതും. മുംബൈയുടെ നാലാമത്തെ തോല്‍വിയാണിത്. രാജസ്ഥാന്റെ മൂന്നാം ജയവും.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ അരങ്ങേറ്റക്കാരന്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗളിങ്ങിന്റെ മികവില്‍ രാജസ്ഥാന്‍ ഏഴ് വിക്കറ്റിന് 167 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയും ചെയ്തു. 39 പന്തില്‍ നിന്ന് 52 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. സഞ്ജുവിന് മികച്ച പിന്തുണ നല്‍കിയ ബെന്‍ സ്റ്റോക്‌സാണ് 27 പന്തില്‍ നിന്ന് 40 റണ്‍സ് നേടി.
ഇരുവരും മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതിസന്ധിയിലായെങ്കിലും 11 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ടീമിനു ജയം സമ്മാനിച്ചത്. നേരത്തെ മുംബൈ നിരയില്‍ ഓപ്പണര്‍ സൂര്യകുമാര്‍ യാദവിനും ഇഷന്‍ കിഷനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത്. യാദവ് 47 പന്തില്‍ നിന്ന് 72ഉം ഇഷാന്‍ 42 പന്തില്‍ നിന്ന് 58 ഉം റണ്‍സെടുത്തു. പൊള്ളാര്‍ഡ് 20 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.