| Tuesday, 3rd October 2023, 10:37 am

ക്യാപ്റ്റനായി സഞ്ജു, വിക്കറ്റ് കീപ്പറായി പന്ത്; ചര്‍ച്ചയായി 'ലോകകപ്പിലെ 11ാം ടീം'

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് മാമാങ്കത്തിനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. ഇനിയുള്ള നാല് വര്‍ഷം ക്രിക്കറ്റിന്റെ കിരീടം തലയിലണിയുന്നതാരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ലോകമൊന്നാകെ. കിരീടം നിലനിര്‍ത്താനുറച്ച് ഇംഗ്ലണ്ടും കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ കിവികളും കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ സൗത്ത് ആഫ്രിക്കയും ബംഗ്ലാദേശും ഒരു ദശാബ്ദക്കാലത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയും പ്രതാപം വീണ്ടടുക്കാന്‍ ഓസീസും പാകിസ്ഥാനും അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ ഒരു തരത്തിലുള്ള പ്രവചനങ്ങള്‍ക്കും സ്ഥാനമില്ല.

മികച്ച സ്‌ക്വാഡുമായാണ് എല്ലാ ടീമുകളും ഇന്ത്യയിലേക്ക് പറന്നത്. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ച പല പേരുകാര്‍ക്കും ടീമില്‍ ഇടം കണ്ടെത്താന്‍ സാധിക്കാതെ പോയിരുന്നു. പരിക്കോ ഫോം ഇല്ലായ്മയോ മറ്റു പല കാരണങ്ങളാലോ പല സൂപ്പര്‍ താരങ്ങള്‍ക്കും ഈ ലോകകപ്പ് നഷ്ടമായിരിക്കുകയാണ്.

എന്നാല്‍ ആ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇലവനാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. പ്രമുഖ കായികമാധ്യമമായ ഇന്‍സൈഡര്‍ സ്‌പോര്‍ട് തെരഞ്ഞെടുത്ത മിസ്സിങ് ഒ.ഡി.ഐ വേള്‍ഡ് കപ്പ് ഇലവനാണ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയാണ് ഇലവനൊരുക്കിയിരിക്കുന്നത്. സഞ്ജു വിക്കറ്റ് കീപ്പറാണെങ്കിലും കീപ്പിങ് ഗ്ലൗ മറ്റൊരാളെയാണ് ഏല്‍പിച്ചിരിക്കുന്നത്. ഇന്ത്യയുടെ വണ്ടര്‍ ബോയ് ആയ റിഷബ് പന്താണ് വിക്കറ്റ് കീപ്പര്‍.

ഓപ്പണര്‍മാരുടെ റോളില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജേസണ്‍ റോയ്‌യും ബംഗ്ലാദേശ് സൂപ്പര്‍ താരം തമീം ഇഖ്ബാലിനെയുമാണ് തെരഞ്ഞെടുത്തത്. ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസനുമായുള്ള പടലപ്പിണക്കങ്ങളും തമീം ബംഗ്ലാ സ്‌ക്വാഡില്‍ ഇടം നേടാതിരുന്നതും ക്രിക്കറ്റ് ലോകത്ത് പ്രധാന ചര്‍ച്ചയായി മാറിയിരുന്നു.

വണ്‍ ഡൗണായി സഞ്ജു സാംസണും നാലാം നമ്പറില്‍ റിഷബ് പന്തുമാണ് ക്രീസിലെത്തുക. അഞ്ചും ആറും നമ്പറുകളില്‍ ന്യൂസിലാന്‍ഡ് താരങ്ങളാണ് ടീമിന്റെ ഭാഗമാകുന്നത്. അഞ്ചാമനായി ഹെന്റി നിക്കോള്‍സ് എത്തുമ്പോള്‍ ഫിനിഷറുടെ റോളില്‍ മൈക്കല്‍ ബ്രേസ്‌വെല്ലാണ് ഇടം പിടിച്ചിരിക്കുന്നത്.

ഏഴാം നമ്പറില്‍ ശ്രീലങ്കന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയെത്തുമ്പോള്‍ എട്ടാം നമ്പറില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇവര്‍ രണ്ട് പേരും തന്നെയാണ് ടീമിന്റെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.

പേസര്‍മാരായി ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറും പാക് താരം നസീം ഷായും പ്രോട്ടീസ് സൂപ്പര്‍ പേസര്‍ ആന്റിച്ച് നോര്‍ക്യയുമെത്തുന്നതോടെ ഇന്‍സൈഡര്‍ സ്‌പോര്‍ട്ടിന്റെ ഇലവന്‍ പൂര്‍ത്തിയാകും.

മിസ്സിങ് ഒ.ഡി.ഐ വേള്‍ഡ് കപ്പ് ഇലവന്‍

1. ജേസണ്‍ റോയ് – ഇംഗ്ലണ്ട്

2. തമീം ഇഖ്ബാല്‍ – ബംഗ്ലാദേശ്

3. സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍) – ഇന്ത്യ

4. റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍) – ഇന്ത്യ

5. ഹെന്റി നിക്കോള്‍സ് – ന്യൂസിലാന്‍ഡ്

6. മൈക്കല്‍ ബ്രേസ്‌വെല്‍ -ന്യൂസിലാന്‍ഡ്

7. വാനിന്ദു ഹസരങ്ക – ശ്രീലങ്ക

8. അക്‌സര്‍ പട്ടേല്‍ – ഇന്ത്യ

9. ജോഫ്രാ ആര്‍ച്ചര്‍ – ഇംഗ്ലണ്ട്

10. നസീം ഷാ – പാകിസ്ഥാന്‍

11. ആന്റിച്ച് നോര്‍ക്യ – സൗത്ത് ആഫ്രിക്ക

Content highlight: Sanju Samson as captain, Rishabh Pant as wicketkeeper, missing ODI World Cup XI under discussion

We use cookies to give you the best possible experience. Learn more