2023-24 രഞ്ജി സീസണിലെ ആദ്യ രണ്ട് മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ നായകനാക്കിയാണ് സെലക്ടര്‍മാര്‍ ആദ്യ രണ്ട് മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
രോഹന്‍ എസ്. കുന്നുമ്മലാണ് ഈ മത്സരങ്ങളില്‍ സഞ്ജുവിന്റെ ഡെപ്യൂട്ടി. എം. വെങ്കടരമണക്ക് കീഴിലാണ് കേരളം കളത്തിലിറങ്ങുന്നത്.
ജനുവരി അഞ്ചിനാണ് കേരളത്തിന്റെ ആദ്യ മത്സരം. ആലപ്പുഴയില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് എതിരാളികള്‍. ജനുവരി 12നാണ് സഞ്ജുവിന്റെ കീഴില്‍ കേരളം രണ്ടാം മത്സരത്തിനിറങ്ങുന്നത്. അസമിനെതിരെ നടക്കുന്ന മത്സരത്തിന് ഗുവാഹത്തിയാകും വേദിയാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചില പ്രധാന മാറ്റങ്ങള്‍ വരുത്തിയാണ് സെലക്ടര്‍മാര്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വിഷ്ണു വിനോദ് ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ സിജോമോന്‍ ജോസഫിന് സ്ഥാനം നഷ്ടമായി. വിക്കറ്റ് കീപ്പറായി വിഷ്ണു രാജ് എത്തുന്നതോടെ ടീമിന് പുതിയ മാനമാണ് കൈവരുന്നത്.
സൂപ്പര്‍ താരങ്ങളായ ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ എന്നിവരും 16 അംഗ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 50 വിക്കറ്റ് വീഴ്ത്തി ചരിത്രം സൃഷ്ടിച്ച ജലജ് സക്‌സേന ഇത്തവണയും നേട്ടം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
എലീറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. മുംബൈ, ബംഗാള്‍, ആന്ധ്രപ്രദേശ് ചത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, അസം, ബീഹാര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
കഴിഞ്ഞ സീസണില്‍ എലീറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം സ്ഥാനം പിടിച്ചത്. ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 21 പോയിന്റാണ് ടീമിന് ഗ്രൂപ്പ് ഘട്ടത്തില്‍ നേടാന്‍ സാധിച്ചത്.