|

ക്രിക്കറ്ററായില്ലെങ്കില്‍ ആ സൗത്ത് ഇന്ത്യന്‍ നടനെ പോലെ ഒരു സൂപ്പര്‍ താരമായി മാറിയേനേ; തുറന്നുപറഞ്ഞ് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനോടുള്ള ആരാധന എത്രത്തോളമാണെന്ന് ആരാധകര്‍ക്കറിയാവുന്നതാണ്. താന്‍ രജിനികാന്തിന്റെ ഹാര്‍ഡ്‌കോര്‍ ഫാന്‍ ആണെന്ന് സഞ്ജു പല തവണ വ്യക്തമാക്കിയതുമാണ്.

ടീം ബസിലിരുന്ന് രജിനികാന്തിന്റെ വിഡിയോ കാണുന്ന സഞ്ജുവിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. സഞ്ജുവിന് രജനികാന്തിനോടുള്ള ആരാധന എത്രത്തോളമാണെന്ന് അറിയാവുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ ടീം തങ്ങളുടെ ക്യാപ്റ്റനായി രജിനി ബി.ജി.എം ഒരുക്കിവെക്കുന്നതും പതിവാണ്.

ഇപ്പോള്‍ ക്രിക്കറ്ററായില്ലെങ്കില്‍ മറ്റെന്ത് ജോലി ചെയ്യുമെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് സഞ്ജു സാംസണ്‍. ഇതിഹാസ താരം എം.എസ്. ധോണിക്കൊപ്പം പങ്കെടുത്ത ഒരു ചടങ്ങിലാണ് സഞ്ജു ഇക്കാര്യം പറയുന്നത്.

ക്രിക്കറ്റ് താരമായില്ലെങ്കില്‍ രജിനികാന്തിനെ പോലെ ഒരു സൗത്ത് ഇന്ത്യന്‍ സിനിമാതാരമാകുമെന്നാണ് സഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞത്. ഇതിനൊപ്പം സൂപ്പര്‍ സ്റ്റാറിന്റെ ഐക്കോണിക്കായ ‘നാ ഒരു തടവ് സൊന്നാ… അത് നൂറ് തടവ് സൊന്ന മാതിരി’ എന്ന ഡയലോഗും താരം പറയുന്നുണ്ട്.

ചടങ്ങില്‍ എം.എസ്. ധോണിയും രജിനിയുടെ ഏറെ പ്രശസ്തമായ ഡയലോഗ് പറയുന്നുണ്ട്. പടയപ്പ സിനിമയിലെ ‘എന്‍ വഴി തനി വഴി’ എന്നാണ് ധോണി പറയുന്നത്.

അതേസമയം, ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ കൈവിരലിന് പരിക്കേറ്റ സഞ്ജു തിരിച്ചുവരവിന്റെ പാതയിലാണ്. താരത്തിന് ആറ് ആഴ്ചയോളം വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

ഐ.പി.എല്ലിന് മുമ്പ് താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഷെഡ്യൂളുകളും പുറത്തുവന്നിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. മാര്‍ച്ച് 23ന് ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി.

ശേഷം മാര്‍ച്ച് 26ന് ഗുവാഹത്തിയില്‍, തങ്ങളുടെ രണ്ടാം ഹോം സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ തങ്ങളുടെ രണ്ടാം മത്സരം കളിക്കും. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേരിടുക.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങള്‍

മാര്‍ച്ച് 23 vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഹൈദരാബാദ്

മാര്‍ച്ച് 26 vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഗുവാഹത്തി*

മാര്‍ച്ച് 30 vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുവാഹത്തി*

ഏപ്രില്‍ 5 vs പഞ്ചാബ് കിങ്‌സ് – മുല്ലാപൂര്‍

ഏപ്രില്‍ 9 vs ഗുജറാത്ത് ടൈറ്റന്‍സ് – അഹമ്മദാബാദ്

ഏപ്രില്‍ 13 vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ജയ്പൂര്‍*

ഏപ്രില്‍ 16 vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദല്‍ഹി

ഏപ്രില്‍ 19 vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ജയ്പൂര്‍*

ഏപ്രില്‍ 24 vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ബെംഗളൂരു

ഏപ്രില്‍ 28 vs ഗുജറാത്ത് ടൈറ്റന്‍സ് -ജയ്പൂര്‍*

മെയ് 1 vs മുംബൈ ഇന്ത്യന്‍സ് – ജയ്പൂര്‍*

മെയ് 4 vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – കൊല്‍ക്കത്ത*

മെയ് 12 vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – ചെന്നൈ

മെയ് 16 vs പഞ്ചാബ് കിങ്‌സ് – ജയ്പൂര്‍*

* ഹോം മാച്ചുകള്‍

Content highlight: Sanju Samson answered the question of who would have been if not a cricketer