Entertainment
എന്ത് വിധിയിത്... വല്ലാത്ത ചതിയിത്, ബേസിലിനെ ട്രോളി ടൊവിനോയും സഞ്ജുവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 12, 03:28 am
Tuesday, 12th November 2024, 8:58 am

ബേസില്‍ ജോസഫിന്റെയും ടൊവിനോയുടെയും സൗഹൃദം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ഇരുവരും തമ്മില്‍ നടത്തുന്ന രസകരമായ കൊടുക്കല്‍ വാങ്ങലുകള്‍ പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ബേസിലിന്റെ ഏറ്റവും പുതിയ വീഡിയോയും അതിനെ ടൊവിനോയും സഞ്ജു സാംസണും ട്രോളിയതുമാണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.

കഴിഞ്ഞദിവസം കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗിന്റെ ഫൈനലിന് ശേഷമാണ് വീഡിയോക്ക് ആസ്പദമായ സംഭവം നടന്നത്. ബേസിലിന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് എഫ്.സിയും പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സാ കൊച്ചിയും തമ്മിലായിരുന്നു മത്സരം. 2-0ത്തിന് കാലിക്കറ്റ് എഫ്.സി. കിരീടം സ്വന്തമാക്കി.

മത്സരശേഷം വിജയികള്‍ക്ക് മെഡല്‍ സമ്മാനിക്കുന്ന ചടങ്ങില്‍ എല്ലാ കളിക്കാരും പൃഥ്വിയുടെ കൈയില്‍ നിന്ന് മാത്രം മെഡല്‍ സ്വീകരിക്കുകയും ബേസിലിനെ ആരും മൈന്‍ഡ് ചെയ്യാതെ പോവുകയും ചെയ്യുന്നത് കാണാന്‍ സാധിക്കും. ഇതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഈയിടെ ടൊവിനോ നിര്‍മിക്കുന്ന മരണമാസ് എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെ ബേസില്‍ ടൊവിനോയെ ട്രോളുന്ന അവസരമുണ്ടായിരുന്നു.

പൂജക്ക് ശേഷം ആരതിയുമായി പോകുന്ന സമയത്ത് ടൊവിനോ കൈ കാണിക്കുകയും എന്നാല്‍ ടൊവിനോക്ക് നേരെ പൂജാരി ആരതി കാണിക്കാതെ പോവുകയും ചെയ്തിരുന്നു. ഈ സംഭവത്തെ ബേസില്‍ പലയിടുത്തും കളിയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് ടൊവിനോയെ ട്രോളിയതിന് ബേസിലിന് ഇന്ന് തിരിച്ചുകിട്ടുന്നു എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

ഈ വീഡിയോക്ക് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ‘എന്ത് വിധിയിത്’ എന്ന പാട്ട് വെച്ചുകൊണ്ട് സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിരുന്നു. ഈ വീഡിയോക്ക് ടൊവിനോ കളിയാക്കി ചിരിക്കുന്ന കമന്റും അതിന് ‘നീ പക പോക്കുകയാണല്ലേ’ എന്ന ബേസിലിന്റെ റിപ്ലൈയും ശ്രദ്ധേയമായി. കര്‍മ ഈസ് എ ബൂമറാങ് എന്ന ക്യാപ്ഷനില്‍ പലരും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. ഈ വീഡിയോ ധ്യാന്‍ ശ്രീനിവാസന്റെ കൈയില്‍ കിട്ടിയാല്‍ എന്താകും എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

ടൊവിനോ നിര്‍മിക്കുന്ന മരണമാസില്‍ ബേസിലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് ഈ വീഡിയോ വീണ്ടും ചര്‍ച്ചയാകുമെന്നാണ് സോഷ്യല്‍ മീഡിയയിലെ പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Sanju Samson and Tovino Thomas trolled Basil Joseph’s new video