അടുത്ത മാസം ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തന്റെ ടീം തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി നിലനിര്‍ത്തിയാണ് ചോപ്ര ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം ഒരുക്കിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയായിരിക്കും ഇന്ത്യയുടെ ഓപ്പണറെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. 2023 ലോകകപ്പിന് ശേഷമുള്ള രോഹിത് ശര്‍മയുടെ പ്രകടനങ്ങള്‍ വ്യക്തമാക്കിയാണ് ചോപ്ര രോഹിത്തിനെ ടീമിന്റെ ഭാഗമാക്കിയത്.
ആകാശ് ചോപ്ര
ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവരെ തെരഞ്ഞെടുത്ത ആകാശ് ചോപ്ര വണ്‍ ഡൗണായി വിരാട് കോഹ്‌ലിയെയും ടീമിന്റെ ഭാഗമാക്കി.
ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് എന്നിവരെ ടീമിന്റെ ഭാഗമാക്കിയ ആകാശ് ചോപ്ര എന്നാല്‍ സൂര്യകുമാര്‍ യാദവിനും സഞ്ജു സാംസണും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നല്‍കിയില്ല. ആഭ്യന്തര തലത്തിലെ പ്രകടനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചോപ്ര ഇരുവരെയും തഴഞ്ഞത്.
‘എനിക്ക് തോന്നുന്നത് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിന്റെ ഭാഗമികില്ല എന്നാണ്. അവന്‍ സാധാരണയായി ഏകദിനങ്ങള്‍ കളിക്കാറില്ല, വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്താനും അവന് സാധിച്ചിട്ടില്ല.
സഞ്ജു സാംസണാകട്ടെ വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചിട്ടുമില്ല. ഒരാള്‍ ടൂര്‍ണമെന്റ് കളിക്കുന്നില്ല, മറ്റൊരാള്‍ റണ്‍സ് നേടുന്നുമില്ല. അവരുടെ പേരുകള്‍ സ്‌ക്വാഡില്‍ ഉണ്ടാകില്ല,’ ആകാശ് ചോപ്ര പറഞ്ഞു.
എന്നാല്‍ സഞ്ജുവിന് പകരം ആകാശ് ചോപ്ര പരിഗണിച്ച റിഷബ് പന്തും ഇത്തവണ വിജയ് ഹസാരെ ട്രോഫി കളിച്ചിട്ടില്ല. ഏകദിന ഫോര്‍മാറ്റില്‍ പന്തിനേക്കാള്‍ മികച്ച പ്രകടനം നടത്തിയത് സഞ്ജുവാണ് എന്നതും ശ്രദ്ധേയമാണ്.
ഏകദിനത്തില്‍ കളിച്ച 14 ഇന്നിങ്‌സില്‍ നിന്നും 56.66 എന്ന മികച്ച ശരാശരിയിലും 99.60 സ്‌ട്രൈക്ക് റേറ്റിലും 510 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും താരം കുറിച്ചിട്ടുണ്ട്.
അതേസമയം റിഷബ് പന്താകട്ടെ 27 ഇന്നിങ്‌സില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ പന്ത് സ്വന്തമാക്കിയിട്ടുണ്ട്.
റിഷബ് പന്ത്
ചോപ്രയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.