IPL
ഒരു ഫ്രെയിമില്‍ ചേട്ടനും അനിയനും; ഒരേ നില്‍പും നടപ്പുമായി ധോണിയും സഞ്ജുവും; മനം കവര്‍ന്ന വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 11, 02:48 pm
Tuesday, 11th April 2023, 8:18 pm

ഐ.പി.എല്ലില്‍ ഏപ്രില്‍ 12ന് നടക്കുന്ന മത്സരത്തിനായാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിഹാസ താരം എം.എസ്. ധോണിയും ധോണിയുടെ പിന്‍മുറക്കാരനായ സഞ്ജു സാംസണും തമ്മിലുള്ള പോരാട്ടത്തിനാണ് ചെപ്പോക് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍മാര്‍ തമ്മിലുള്ള പോരാട്ടം, ഐ.പി.എല്‍ 2023ലെ പ്രായം കൂടിയ ക്യാപ്റ്റനും പ്രായം കുറഞ്ഞ ക്യാപ്റ്റനും തമ്മിലുള്ള പോരാട്ടം, ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ജെനറേഷനുകള്‍ തമ്മിലുള്ള പോരാട്ടം എന്ന് തുടങ്ങി ക്രിക്കറ്റ് ആരാധകര്‍ക്ക് മനസില്‍ തങ്ങി നില്‍ക്കാന്‍ പോന്ന പല മൊമെന്റുകളും അടങ്ങുന്നതാണ് ചെന്നൈ – രാജസ്ഥാന്‍ മത്സരം.

തങ്ങളുടെ അവസാന മത്സരം വിജയിച്ചാണ് ചെന്നൈയും രാജസ്ഥാനും ചെപ്പോക്കിലേക്കിറങ്ങുന്നത്. ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോയില്‍ ചിര വൈരികളായ മുംബൈ അവരുടെ തട്ടകത്തില്‍ വെച്ച് പരാജയപ്പെടുത്തിയാണ് ചെന്നൈ തങ്ങളുടെ രണ്ടാം ഹോം മാച്ചിന് കോപ്പുകൂട്ടുന്നത്.

സ്വന്തം തട്ടകത്തില്‍ വെച്ച് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് രാജസ്ഥാന്‍. ജെയ്‌സ്വാള്‍ – ബട്‌ലര്‍ സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങും ചഹലിന്റെ ബൗളിങ്ങുമാണ് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന് വിജയം സമ്മാനിച്ചത്.\

ഏപ്രില്‍ 12ന് ധോണിപ്പടയെ നേരിടുന്നതിന് മുന്നോടിയായി രാജസ്ഥാന്‍ ടീം ചെന്നൈയിലെത്തിയിരിക്കുകയാണ്. പ്രാക്ടീസ് സെഷനുകളും തന്ത്രങ്ങളുമായി ഇരുടീമുകളുടെയും പരിശീലനം തകൃതിയാണ്.

ഈ പരിശീലനത്തിന്റെ ഒരു വീഡിയോ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സഞ്ജുവിന്റെയും ധോണിയുടെയും നെറ്റ് സെഷനാണ് വീഡിയോയിലുള്ളത്.

ഇരുവരും ഒരേ ഫ്രെയിമില്‍ വരുന്ന തരത്തിലാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇരുടീമുകളുടെയും ആകാധകര്‍ വീഡിയോ ആഘോഷമാക്കുകയാണ്.

മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് വിജയവുമായി നാല് പോയിന്റോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് വിജയവുമായി നാല് പോയിന്റ് തന്നെയാണ് ചെന്നൈക്കും ഉള്ളതെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ അഞ്ചാമതാണ് ചെന്നൈ.

+2.067 എന്ന റണ്‍ റേറ്റാണ് രാജസ്ഥാനുള്ളത്. +.0356 ആണ് സി.എസ്.കെയുടെ എന്‍.ആര്‍.ആര്‍.

 

Content Highlight: Sanju Samson and MS Dhoni’s practice video goes viral