| Monday, 10th October 2022, 8:30 am

ഇനി റിഷബ് പന്തിന് പണിയെടുക്കാതെ പറ്റില്ല, കാരണം സഞ്ജുവും ഇഷാനും പലതും തെളിയിച്ച് കഴിഞ്ഞു

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം റാഞ്ചിയില്‍ നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികച്ച വിജയമായിരുന്നു ഇന്ത്യ നേടിയത്. കളിയില്‍ ഏഴ് വിക്കറ്റിന്റെ വിജയം ആഘോഷിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ഇന്ത്യക്കായി.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമായിരുന്നു ഇന്ത്യയുടെ വിജയ ശില്‍പികള്‍. അയ്യര്‍ ശതകം തികച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ സെഞ്ച്വറിക്ക് ഏഴ് റണ്‍സ് മാത്രമകലെ കാലിടറി വീണു.

പതിവുപോലെ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ കിഷനും നാലാമനായി ഇറങ്ങിയ അയ്യരും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കി.

വിജയത്തിന് 70 റണ്‍സകലെ ഇഷാന്‍ കിഷന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായപ്പോള്‍ അഞ്ചാമനായി ഇറങ്ങിയ സഞ്ജുവും കത്തിക്കയറി. സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച സഞ്ജു ഇന്ത്യ വിജയത്തിലെത്തും വരെ ഒരറ്റത്ത് ഉറച്ചു നിന്നു. ഇതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടീസ് ഉയര്‍ത്തിയ 279 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം നടത്തിയതോടെ പരുങ്ങലിലാവുന്നത് റിഷബ് പന്തിന്റെ കാര്യമാണ്. ഒരു ഭാഗത്ത് റിഷബ് പന്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് മറുവശത്ത് അവസരം കാത്തിരിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ അടിച്ചു തകര്‍ക്കുന്നത്.

പ്രോട്ടീസിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവായിരുന്നു ഇന്ത്യയെ താങ്ങി നിര്‍ത്തിയതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ അയ്യരിനൊപ്പം ചേര്‍ന്ന് ആ റോള്‍ ഭംഗിയായി നിര്‍വഹിച്ചത് ഇഷാന്‍ കിഷന്‍ ആയിരുന്നു.

പന്തിന്റെ സ്‌ട്രോങ് ഹോള്‍ഡിലൊന്നായ ഏകദിന ഫോര്‍മാറ്റിലാണ് ഇവര്‍ അടിച്ചുകളിക്കുന്നതെന്നും ശ്രദ്ധേയമാണ്. റിഷബ് പന്ത് ഒരു ഏകദിനമോ ടെസ്‌റ്റോ കളിച്ചിട്ട് നാളേറെയായി എന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം.

തന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്ത ടി-20 ഫോര്‍മാറ്റിലാണ് പന്ത് ഇപ്പോള്‍ നിരന്തരമായി കളിക്കുന്നത്. ഏഷ്യാ കപ്പിലും സൗത്ത് ആഫ്രിക്കക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും നടന്ന പരമ്പരയിലും പന്ത് നിന്ന് പരുങ്ങുന്നത് ക്രിക്കറ്റ് ലോകം കണ്ടതാണ്.

ടി-20 ഫോര്‍മാറ്റില്‍ ദിനേഷ് കാര്‍ത്തിക്കും അസാധ്യ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏത് നമ്പറില്‍ ബാറ്റ് ചെയ്താലും റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ദിനേഷ് കാര്‍ത്തിക് ടി-20യില്‍ മുട്ടിടിക്കുന്ന പന്തിനെ കവച്ചുവെക്കുന്നുണ്ട്.

ടി-20യില്‍ തന്നെക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന ദുഷ്‌പേര് ഈ ലോകകപ്പോടെ പന്തിന് മാറ്റിയെടുക്കാന്‍ സാധിക്കണം. അല്ലാത്ത പക്ഷം അവസരം കാത്തിരിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ പന്തിനെ റാഞ്ചും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Content highlight: Sanju Samson and Ishan Kishan are threats in Rishabh Pant’s place

We use cookies to give you the best possible experience. Learn more