ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം വളരെ ആവേശം നിറഞ്ഞതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റണ്‍ നേടിയപ്പോള്‍ തിരിച്ചടിക്കാന്‍ ഇറങ്ങിയ അയര്‍ലന്‍ഡ് 221 റണ്‍ നേടിയിരുന്നു. അവസാന ഓവറില്‍ 17 റണ്‍ വേണ്ടിയിരിക്കെ നാല് റണ്ണകലെ അയര്‍ലന്‍ഡ് വീഴുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്കായി ബാറ്റര്‍മാര്‍ മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സെഞ്ച്വറിയുമായി ദീപക് ഹൂഡ ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ചപ്പോള്‍, 77 റണ്‍സുമായി മലയാളി താരം സഞ്ജു സാംസണ്‍ ഹൂഡക്ക് മികച്ച പിന്തുണ നല്‍കി. ഏഴ് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ 225 റണ്‍ നേടിയത്.
മൂന്നാം ഓവറില്‍ തന്നെ മികച്ച ഫോമിലുള്ള ഇഷന്‍ കിഷാനെ നഷ്ടമായ ഇന്ത്യയെ സഞ്ജുവും ഹൂഡയും കരകയറ്റുകയായിരുന്നു. തുടക്കം മുതലെ ഹൂഡ തകര്‍ത്തടിച്ചപ്പോള്‍ സഞ്ജു പതിഞ്ഞ താളത്തില്‍ ഇന്നിങ്‌സ് കെട്ടിപൊക്കി. ട്രാക്കില്‍ ആയതിന് ശേഷം സഞ്ജു തന്റെ സ്വന്തം ശൈലിയില്‍ കത്തികയറുകയായിരുന്നു.
ഇരുവരും രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇതോടെ ഇന്ത്യന്‍ ടി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. രോഹിത് ശര്‍മ-കെ.എല്‍. രാഹുല്‍ എന്നീ സഖ്യത്തിന്റെ 165 റണ്ണിന്റെ കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും മറികടന്നത്.
മൂന്നാം ഓവറില്‍ 13 റണ്‍സുള്ളപ്പോള്‍ ഒന്നിച്ച ഇരുവരും 17ാം ഓവറില്‍ 189 റണ്ണിലെത്തിച്ചാണ് മടങ്ങിയത്. മാര്‍ക്ക് അഡയറിന് മുന്നില്‍ ബൗള്‍ഡായി സഞ്ജുവായിരുന്നു മടങ്ങിയത്.
— Sanju Samson Army™ (@SanjuSamsonEra) June 28, 2022
ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ ബാറ്റ് വീശാന്‍ എത്തിയ സഞ്ജു തന്റെ അവസരം മാക്‌സിമം ഉപയോഗിച്ചപ്പോള്‍ പിറന്നത് ക്ലാസിക്ക് ഇന്നിങ്‌സ്. സഞ്ജു തന്റെ കന്നി അന്താരാഷ്ട്ര ടി20 ഫിഫ്റ്റി നേടിയപ്പോള്‍ ദീപക് ഹൂഡ നേടിയത് അദ്ദേഹത്തിന്റെ പ്രഥമ ടി20 സെഞ്ച്വറി. വെറും 56 ബോളില്‍ 9 ഫോറും 6 സിക്‌സും അടക്കം 104 റണ്‍സ് നേടികൊണ്ട് ദീപക് ഹൂഡ തന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടി നല്‍കി.
42 പന്തിലായിരുന്നു സഞ്ജു 77 റണ്‍സ് നേടിയത്. 9 ഫോറും നാല് സിക്‌സും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.