മുംബൈ: ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചെങ്കിലും, പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിലെ സഞ്ജുവിന്റെ വിവാദം സൃഷ്ടിച്ച അവസാന ഓവര്‍ വീണ്ടും ചര്‍ച്ചയാകുന്നു.
മത്സരത്തില്‍ അതുവരെ നന്നായി കളിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ചത് പരാജയപ്പെട്ടിട്ടും സ്‌ട്രൈക്ക് നഷ്ടപ്പെടാതിരിക്കാന്‍ റണ്ണിനായി ഓടിയിരുന്നില്ല. ഈ തീരുമാനത്തില്‍ സഞ്ജു ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകുമോ, എന്നാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച.
അതിനുള്ള പ്രധാന കാരണം, അന്ന് സഞ്ജു സ്‌ട്രൈക്ക് നിഷേധിച്ച ക്രിസ് മോറിസിന്റെ മികച്ച പ്രകടനമാണ് വ്യാഴാഴ്ച ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് വിജയത്തിലെത്തിച്ചത് എന്നതാണ്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാന,് ഡേവിഡ് മില്ലറും ക്രിസ് മോറിസും ചേര്‍ന്നാണ് അവിശ്വസനീയ വിജയം സമ്മാനിച്ചത്. ക്രിസ് മോറിസിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് നിര്‍ണായകമായത്. മോറിസ് 18 പന്തുകളില്‍ നിന്നും 36 റണ്‍സെടുത്തു. മത്സരത്തില്‍ ദല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം റോയല്‍സ് അവസാന ഓവറില്‍ രണ്ട് പന്ത് ശേഷിക്കെ മറികടന്നു.
ക്രിസ് മോറിസിന്റെ ഈ പ്രകടനമാണ് സഞ്ജുവിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരം വീണ്ടും ചര്‍ച്ചയാക്കുന്നത്. അതേസമയം, പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തില്‍ സിംഗിള്‍ നേടാനല്ല ഡബിളിനായി ഓടി സഞ്ജുവിന് സ്‌ട്രൈക്ക് നല്‍കാനായിരുന്നു തന്റെ ശ്രമമെന്ന് മോറിസ് ഇന്നലെ മത്സര ശേഷം പറഞ്ഞു. സീസണിലെ ഐ.പി.എല്‍ താരലേലത്തിലെ റെക്കോര്‍ഡ് തുകയായ 16.25 കോടി രൂപക്കായിരുന്നു രാജസ്ഥാന്‍ മോറിസിനെ സ്വന്തമാക്കിയിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക