ബംഗ്ലാദേശിനെതിരായ മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍മാരായി അഭിഷേക് ശര്‍മയേയും സംസഞ്ജു സാംസണേയും തെരഞ്ഞെടുത്തിരിക്കുകയാണ്. ഗ്വാളിയോറില്‍ നടക്കാനിരിക്കുന്ന ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഈ കാര്യം പറഞ്ഞത്.
സൂര്യകുമാര്‍ പറഞ്ഞത്
‘പരമ്പരയില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യും. ഞങ്ങള്‍ ഗ്വാളിയോറില്‍ പരിശീലിച്ച ദിവസങ്ങളില്‍ പിച്ച് മന്ദഗതിയിലാണെന്ന് തോന്നിയില്ല. ഇത് ഒരു മികച്ച ടി-20 വിക്കറ്റാണെന്ന് തോന്നുന്നു. അതിനാല്‍, ഒരു മികച്ച മത്സരം പ്രതീക്ഷിക്കുന്നു.
പ്രാക്ടീസ് സെഷനുകളില്‍ ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. അതിനാല്‍, പിച്ച് എങ്ങനെ പെരുമാറുമെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ധാരണയുണ്ട്. ഞങ്ങള്‍ ഗ്രൗണ്ട് സ്റ്റാഫുമായി കാറ്റ് ഘടകത്തെക്കുറിച്ചോ മഞ്ഞു ഘടകത്തെക്കുറിച്ചോ സംസാരിച്ചിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ പദ്ധതികളില്‍ ഉറച്ചുനില്‍ക്കും,’ ഗ്വാളിയോറില്‍ നടന്ന പരമ്പര ഉദ്ഘാടനത്തിന് മുമ്പ് ഇന്ത്യയുടെ സൂര്യകുമാര്‍ പറഞ്ഞു.
2024 ടി-20 ലോകകപ്പിന്റെ ഭാഗമായിരുന്ന സഞ്ജുവിന് ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ സിബാബ്‌വെക്കെതിരെ അവസരം ലഭിച്ച സഞ്ജു മധ്യനിര ബാറ്ററായിട്ടാണ് ഇറങ്ങിയത്. ശേഷം ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും താരത്തിന് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ പോകുകയായിരുന്നു.
ഇപ്പോള്‍ സഞ്ജുവിന് തിരിച്ച് വരാനും തന്റെ കഴിവ് പുറത്തെടുക്കാനുമുള്ള മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ സഞ്ജു ടി-20യില്‍ 30 മത്സരത്തിലെ 26 ഇന്നിങസില്‍ നിന്ന് 444 റണ്‍സ് നേടിയിട്ടുണ്ട്. 77 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രണ്ട് അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ സഞ്ജുവിന് ഉണ്ട്.
ബംഗ്ലാദേശിനെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ വിവരങ്ങള്‍
ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നടക്കുക. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കും.