|

കൂവാന്‍ വന്നതാണോ... എന്നാല്‍ നീയൊന്നും കൂവണ്ട; ആരാധകര്‍ക്കെതിരെ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് അനൗണ്‍സ് ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ബി.സി.സി.ഐക്കെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്. മികച്ച ഫോമില്‍ കളിക്കുന്ന, ഓസ്‌ട്രേലിയന്‍ മണ്ണില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള സഞ്ജുവിനെ ഉള്‍പ്പെടുത്താതെ റിഷബ് പന്തിനെയും ദിനേഷ് കാര്‍ത്തിക്കിനെയും വിക്കറ്റ് കീപ്പറുടെ റോളില്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ടീമിനെതിരെ പോസ്റ്റുകള്‍ പങ്കുവെച്ചും ബി.സി.സി.ഐയുടെ പേജില്‍ കേറി പൊങ്കാലയിട്ടും ആരാധകര്‍ അവരുടെ ദേഷ്യം തീര്‍ത്തിരുന്നു. കേരളത്തില്‍ വെച്ച് നടക്കുന്ന ഇന്ത്യയുടെ മത്സരത്തിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം നടക്കുന്നത് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ്. ഈ മത്സരത്തില്‍ സഞ്ജുവിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച് പ്രതിഷേധിക്കാന്‍ മലയാളി ആരാധകര്‍ പദ്ധതിയിട്ടിരുന്നു.

ഇതിന് പുറമെ ഇന്ത്യന്‍ ടീമിനെതിരെ കൂവി വിളിച്ച് പ്രതിഷേധിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ക്യാമ്പെയ്‌നും ആരംഭിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ തന്നെ ആരാധകര്‍ക്കെതിരെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ടീമിലെടുക്കാത്തതിന്റെ പേരില്‍ പല തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്നും ഇത് നിര്‍ത്തണമെന്നും സഞ്ജു പറയുന്നു.

രാഹുലും പന്തും തന്റെ സഹതാരങ്ങളാണെന്നും ഇവരോട് മത്സരിച്ചാല്‍ സ്വന്തം ടീമിനെ തോല്‍പിക്കുന്നതിന് തുല്യമായിരിക്കുമെന്നും സഞ്ജു പറയുന്നു.

‘കെ.എല്‍. രാഹുലിന് പകരം സഞ്ജു സാംസണെ ടീമിലെടുക്കണം, റിഷബ് പന്തിന് പകരം സഞ്ജുവായിരുന്നു ടീമിലെത്തേണ്ടത് എന്ന തരത്തിലുള്ള പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ വളരെ ക്ലിയറായി തന്നെയാണ് ഞാന്‍ ചിന്തിക്കുന്നത്. പന്തും രാഹുലും എന്റെ തന്നെ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. അവര്‍ക്കെതിരെ തിരിയുകയാണെങ്കില്‍ ഞാന്‍ എന്റെ ടീമിനെ തോല്‍പിക്കുന്നതിന് തുല്യമായിരിക്കും അത്,’ സഞ്ജു പറയുന്നു.

അതേസമയം, ന്യൂസിലാന്‍ഡ് എ ടീമിനെതിരായ പരമ്പരയില്‍ ഇന്ത്യ എ ടീമിന്റെ നായകനായി സഞ്ജുവിനെ നിയമിച്ചരുന്നു.

സെപ്റ്റംബര്‍ 22ന് ആരംഭിക്കുന്ന പരമ്പര 27നാണ് അവസാനിക്കുക. 17 അംഗ സ്‌ക്വാഡില്‍ പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, ഉമ്രാന്‍ മാലിക്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ് ഭരത്താണ്. ഒരുപാട് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഈ പരമ്പരക്ക് സാധിക്കും.

ന്യൂസിലാന്‍ഡ് എ ടീമിനെതിരെയുള്ള ഇന്ത്യന്‍ എ സ്‌ക്വാഡ്:

പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പാട്ടിദാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷഭാസ് അഹമ്മദ്, രാഹുല്‍ ചഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ഷര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, നവദീപ് സൈനി, രാജ് അംഗദ് ബാവ.

Content highlight: Sanju Samson against Fans