| Wednesday, 29th June 2022, 12:06 pm

സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്; സൂപ്പര്‍ കൂട്ടുകെട്ടിന് ശേഷം ഹൂഡ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആവേശകരമായ വിജയം. 225 റണ്‍ നേടിയ ഇന്ത്യ നാല് റണ്ണിനായിരുന്നു വിജയിച്ചത്. 221 റണ്‍ വരെയെത്താനെ അയര്‍ലന്‍ഡിന് സാധിച്ചുള്ളൂ.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ദീപക് ഹൂഡയും സഞ്ജു സാംസണുമായിരുന്നു തകര്‍ത്ത് കളിച്ചത്. ദീപക് ഹൂഡ 57 പന്തില്‍ 107 റണ്‍ നേടിയപ്പോള്‍ സഞ്ജു 42 പന്തില്‍ 77 റണ്‍ നേടി. ഹൂഡയായിരുന്നു കളിയിലെ താരവും. ഇരുവരും രണ്ടാം വിക്കറ്റില്‍ 176 റണ്ണാണ് കൂട്ടിച്ചേര്‍ത്തത്.

ഇരുവരും ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗം അല്ലാത്ത താരങ്ങളാണ്. അവസരങ്ങള്‍ ഇരുവരേയും എപ്പോഴും തേടിയെത്താറില്ല. അതിനാല്‍ കിട്ടിയ അവസരത്തില്‍ രണ്ട് പേരും കത്തികയറുകയായിരുന്നു. ചിലപ്പോള്‍ ഇരുവരുടേയും നല്ലകാലം ആരംഭിക്കുന്നേ ഉണ്ടാകുകയുള്ളൂ.

ഇരുവരും ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് ആദ്യമായല്ല. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2014ല്‍ നടന്ന അണ്ടര്‍-19 ലോകകപ്പ് ടീമില്‍ രണ്ട് പേരും ഒരുമിച്ച് കളിച്ചിരുന്നു. സഞ്ജു യുവ ഇന്ത്യയുടെ ഉപനായകനായിരുന്നു. ഹൂഡ ടീമിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറും. ടൂര്‍ണമെന്റില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായെങ്കിലും സഞ്ജുവും ഹൂഡയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇപ്പോഴിതാ രണ്ടാം മത്സരത്തിലെ ഇരുവരുടേയും കൂട്ടുകെട്ടിന് ശേഷം അണ്ടര്‍ 19 ഓര്‍മകള്‍ പുതുക്കുകയാണ് ദീപക് ഹൂഡ. മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും സ്വന്തമാക്കിയ ഹൂഡ ബ്രോഡ്കാസ്‌റ്റേഴ്‌സിനോട് സംസാരിക്കുകയായിരുന്നു.

സഞ്ജു തന്റെ ബാല്യകാല സുഹൃത്താണെന്നന്നും അവന് വേണ്ടി ഒരുപാട് സന്തോഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അയര്‍ലന്‍ഡ് നല്ല സ്ഥലമാണെന്നും ആരാധകരെല്ലാം നല്ല സപ്പോര്‍ട്ട് ആയിരുന്നുവെന്നു ഹൂഡ പറഞ്ഞു.

‘ഞാന്‍ ഒരു നല്ല ഐ.പി.എല്‍ സീസണിന് ശേഷമാണ് വരുന്നത്. അതേ പ്രകടനം ഇവിടെയും പിന്തുടരാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണോത്സുകമായി കളിക്കാനാണ് എനിക്കിഷ്ടം. മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നത് കാരണം എനിക്ക് സമയമുണ്ട്, സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.

സഞ്ജു ബാല്യകാല സുഹൃത്താണ്, ഞങ്ങള്‍ ഒരുമിച്ച് അണ്ടര്‍ 19 കളിച്ചിട്ടുണ്ട്. അവന്റെ ഇന്നിങ്‌സിലും എനിക്ക് സന്തോഷമുണ്ട്. അയര്‍ലന്‍ഡ് വളരെ നല്ലതാണ്, ഞാന്‍ ഇവിടെ ഒരുപാട് ആസ്വദിച്ചു. ഇവിടുത്തെ ആരാധകര്‍ മികച്ചവരാണ്. വിക്കറ്റ് വ്യത്യസ്തമായിരുന്നെങ്കില്‍ പോലും, എനിക്ക് ഒരിക്കലും ഇന്ത്യക്ക് പുറത്താണ് കളിക്കുന്നതെന്ന് തോന്നിയില്ല. പിന്തുണയ്ക്ക് എല്ലാ ആരാധകര്‍ക്കും നന്ദി,’ ഹൂഡ പറഞ്ഞു.

മൂന്നാം ഓവറില്‍ തന്നെ മികച്ച ഫോമിലുള്ള ഇഷന്‍ കിഷാനെ നഷ്ടമായ ഇന്ത്യയെ സഞ്ജുവും ഹൂഡയും കരകയറ്റുകയായിരുന്നു. തുടക്കം മുതലെ ഹൂഡ തകര്‍ത്തടിച്ചപ്പോള്‍ സഞ്ജു പതിഞ്ഞ താളത്തില്‍ ഇന്നിങ്‌സ് കെട്ടിപൊക്കി. ട്രാക്കില്‍ ആയതിന് ശേഷം സഞ്ജു തന്റെ സ്വന്തം ശൈലിയില്‍ കത്തികയറുകയായിരുന്നു.

ഇരുവരും രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇതോടെ ഇന്ത്യന്‍ ടി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. രോഹിത് ശര്‍മ-കെ.എല്‍. രാഹുല്‍ എന്നീ സഖ്യത്തിന്റെ 165 റണ്ണിന്റെ കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും മറികടന്നത്.

മൂന്നാം ഓവറില്‍ 13 റണ്‍സുള്ളപ്പോള്‍ ഒന്നിച്ച ഇരുവരും 17ാം ഓവറില്‍ 189 റണ്ണിലെത്തിച്ചാണ് മടങ്ങിയത്.

Content Highlights: Sanju Samson adnd Deeepak Hooda was team mates in under19 worldcup squad

We use cookies to give you the best possible experience. Learn more