കഴിഞ്ഞ ദിവസം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 32 റണ്‍സിന്റെ മികച്ച വിജയമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള രാജസ്ഥാന്റെ രണ്ടാം വിജയമാണിത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 202 റണ്‍സ് നേടിയിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനാകാതെ ധോണിപ്പട 170 റണ്‍സില്‍ കാലിടറി വീഴുകയായിരുന്നു.
പവര്‍പ്ലേ ഓവറുകളിലെ ജെയ്‌സ്വാളിന്റെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന്റെ വിജയത്തിന് അടിത്തറയൊരുക്കിയത്. 43 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ അടിച്ചെടുത്ത 77 റണ്‍സിലാണ് രാജസ്ഥാന്‍ ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്.
ഈ പ്രകടനത്തിന് പിന്നാലെ മാന്‍ ഓഫ് ദി മാച്ച് ഉള്‍പ്പെടെയുള്ള അവാര്‍ഡുകളും നേടിയത് ജെയ്‌സ്വാളായിരുന്നു. താരത്തിന്റെ പ്രകടനത്തെ കുറിച്ചും ടീമിലുണ്ടാക്കിയ ഇംപാക്ടിനെ കുറിച്ചും സംസാരിക്കുകയാണ് നായകനായ സഞ്ജു. മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസെന്റേഷനിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഈയൊരു വിജയത്തിനാണ് ടീമും ഡഗ് ഔട്ടും ഒരുപോലെ കാത്തിരുന്നത്. ജെയ്‌സ്വാളും ജുറെലും ഡി.ഡി.പിയും (ദേവ്ദത്ത് പടിക്കല്‍) അടക്കമുള്ള യുവതാരങ്ങള്‍ ബാറ്റ് ചെയ്ത രീതി വളരെ മികച്ചതായിരുന്നു. ഇത്തരത്തില്‍ അറ്റാക്ക് ചെയ്ത് കളിക്കുന്ന രീതിയെയാണ് ഡ്രസിങ് റൂമില്‍ ഞങ്ങളെപ്പോഴും പ്രൊമോട്ട് ചെയ്യാറുള്ളത്.
ഇവരെ സപ്പോര്‍ട്ട് ചെയ്യുന്നതിന്റെയും കൂടി നില്‍ക്കുന്നതിനാലും മാനേജ്‌മെന്റിനും ഈ ക്രെഡിറ്റ് അവകാശപ്പെട്ടതാണ്. ജെയ്‌സ്വാള്‍ അക്കാദമിയില്‍ വളരെയേറ കഠിനപരിശ്രമം നടത്തിയിരുന്നു. അവന്റെ സക്‌സസിന് പിന്നില്‍ പരിശ്രമത്തിന്റെ ഒരുപാട് കഥകളുണ്ട്. അവന്‍ കളിക്കുന്നത് കാണുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു,’ സഞ്ജു പറഞ്ഞു.
ഐ.പി.എല്‍ സീസണിന് ശേഷവും ജെയ്‌സ്വാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുകയായിരുന്നുവെന്നും നിരവധി പന്തുകള്‍ ദിവസവും താരം നെറ്റ്‌സില്‍ നേരിട്ടിരുന്നുവെന്നും സഞ്ജു പറഞ്ഞിരുന്നു. ജെയ്‌സ്വാളിന് വേണ്ടി നെറ്റ്‌സില്‍ നിരന്തരമായി പന്തെറിഞ്ഞ പല കോച്ചിങ് സ്റ്റാഫുകളുടെയും ഷോള്‍ഡര്‍ ഡിസ്‌ലൊക്കേറ്റ് ആയിരുന്നുവെന്നും തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ജെയ്‌സ്വാള്‍ അത്രത്തോളം കഠിനാധ്വാനം ചെയ്തിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസത്തെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ജെയ്‌സ്വാളിന് സാധിച്ചിരുന്നു. എട്ട് മത്സരത്തില്‍ നിന്നും 147.57 എന്ന് സ്‌ട്രൈക്ക് റേറ്റില്‍ 304 റണ്‍സാണ് താരം നേടിയത്.
Content highlight: Sanju Samson about Yashasvi Jaiswal’s struggle to get success