|

അക്കാര്യത്തില്‍ തൊണ്ണൂറ് ശതമാനവും എനിക്കും ടീമിനും ഉറപ്പുണ്ട്; തുറന്നടിച്ച് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യാത്ര ഏതാണ്ട് അവസാനിച്ച മട്ടാണ്. പ്ലേ ഓഫില്‍ കയറാന്‍ ഇനിയും സാധ്യകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ കയറാനും ഒരുപക്ഷേ ഇടനെഞ്ചില്‍ രണ്ടാം നക്ഷത്രം തുന്നിച്ചേര്‍ക്കാനും സാധിച്ചേക്കും.

ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളിലുണ്ടായിരുന്ന ഡോമിനന്‍സ് തുടര്‍ന്ന് ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയതാണ് രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായത്. ആദ്യം കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും നാല് മത്സരം വിജയിച്ചെങ്കിലും ശേഷം കളിച്ച ഒമ്പത് മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചത് വെറും മൂന്നെണ്ണത്തില്‍ മാത്രമാണ്. ഇതില്‍ വിജയിക്കാന്‍ സാധിക്കുന്ന മൂന്നോളം മത്സരങ്ങളിലും രാജസ്ഥാന്‍ പരാജയം ചോദിച്ചുവാങ്ങിയിരുന്നു.

ടീം എന്ന നിലയില്‍ രാജസ്ഥാന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെങ്കിലും വ്യക്തിഗത നേട്ടങ്ങള്‍ ഒരുപാട് സ്വന്തമാക്കാന്‍ രാജസ്ഥാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. കരിയറിലെ ആദ്യ സെഞ്ച്വറിയടക്കമുള്ള യശസ്വി ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനവും ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ലീഡിങ് വിക്കറ്റ് ടേക്കറായുള്ള ചഹലിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്.

ഇവര്‍ക്കൊപ്പം തന്നെ ചേര്‍ത്തുവെക്കാന്‍ സാധിക്കുന്ന പേരാണ് റോയല്‍സിന്റെ കീവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റേത്. പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ വീഴ്ത്തി ടീമിന് അപ്പര്‍ഹാന്‍ഡ് നല്‍കുന്ന ബോള്‍ട്ട് ടീമിന്റെ പല വിജയങ്ങളിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഇപ്പോള്‍ ബോള്‍ട്ടില്‍ ടീം അര്‍പ്പിച്ച വിശ്വാസത്തെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. ആദ്യ ഓവറില്‍ ബോള്‍ട്ട് വിക്കറ്റ് വീഴ്ത്തുമെന്നാണ് ടീം കരുതുന്നതെന്നാണ് സഞ്ജു പറയുന്നത്. പ്രമുഖ കായികമാധ്യമമായ ക്രിക്ഇന്‍ഫോര്‍മറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

’90 ശതമാനവും ആദ്യ ഓവറില്‍ ബോള്‍ട്ട് വിക്കറ്റ് വീഴ്ത്തുമെന്നാണ് ഞങ്ങള്‍ക്ക് എപ്പോഴും തോന്നാറുള്ളത്,’ സഞ്ജു പറഞ്ഞു.

രാജസ്ഥാന് വേണ്ടി ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നത് ബോള്‍ട്ടിന്റെ ശീലമാണ്. ഈ സീസണില്‍ രണ്ട് തവണയാണ് ബോള്‍ട്ട് ആദ്യ ഓവര്‍ വിക്കറ്റ് മെയ്ഡമനാക്കിയത്.

രാജസ്ഥാനായി സീസണില്‍ കളിച്ച പത്ത് മത്സരത്തില്‍ നിന്നും 13 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 24.00 എന്ന ആവറേജില്‍ പന്തെറിയുന്ന ബോള്‍ട്ടിന്റെ എക്കോണമി 8.21 ആണ്.

Content Highlight: Sanju Samson about Trent Boult