പുതിയ സീസണില്‍ ആരാകും രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍
IPL
പുതിയ സീസണില്‍ ആരാകും രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd December 2024, 11:05 am

ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ 2025ന് മുന്നോടിയായുള്ള റിറ്റെന്‍ഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. സഞ്ജുവും ജെയ്സ്വാളും പരാഗും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയിലുണ്ടാകുമെന്ന് ഉറപ്പിച്ച ആരാധകര്‍ക്ക് അണ്‍ക്യാപ്ഡ് താരത്തെ കുറിച്ചും കണക്കുകൂട്ടലുകളുണ്ടായിരുന്നു.

എന്നാല്‍ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചാണ് ധ്രുവ് ജുറെലിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഏറെ സസ്പെന്‍സിന് ശേഷം അവസാന നിമിഷമാണ് ജുറെലിന്റെ കാര്യത്തില്‍ തീരുമാനമായത്. ജോസ് ബട്‌ലറിനും ആര്‍. അശ്വിനും യൂസി ചഹലിനും മുകളിലായി ജുറെല്‍ റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ ഇടം നേടിയത് ആരാധകരെ സംബന്ധിച്ചും സര്‍പ്രൈസായി.

മെഗാ താരലേലത്തില്‍ ബട്‌ലറിനും അശ്വിനും ചഹലിനുമായി രാജസ്ഥാന്‍ ശ്രമിച്ചെങ്കിലും മൂവരെയും തിരിച്ച് സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തിക്കാന്‍ മാത്രം റോയല്‍സിന് സാധിച്ചില്ല.

ഗുജറാത്ത് ടൈറ്റന്‍സാണ് ബട്‌ലറിനെ സ്വന്തമാക്കിയത്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 15.75 കോടിക്കാണ് ടൈറ്റന്‍സ് ടീമിലെത്തിച്ചത്. ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന തുകയായ 18 കോടിക്ക് ചഹലിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയപ്പോള്‍ 9.75 കോടിക്ക് അശ്വിനെ സൂപ്പര്‍ കിങ്‌സ് പഴയ തട്ടകത്തിലെത്തിച്ചു.

അതേസമയം, താരലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കാനും മോശമല്ലാത്ത സ്‌ക്വാഡ് പടുത്തുയര്‍ത്താനും രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിരുന്നു.

പുതിയ സീസണില്‍ രാജസ്ഥാന്റെ തന്ത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. എ.ബി. ഡി വില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സഞ്ജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പുതിയ സീസണില്‍ താനും ധ്രുവ് ജുറെലും ചേര്‍ന്നാകും വിക്കറ്റ് കീപ്പര്‍മാരാവുക എന്നാണ് സഞ്ജു പറയുന്നത്.

‘ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ഞാനും ധ്രുവ് ജുറെലും വിക്കറ്റ് കീപ്പര്‍ സ്ഥാനം പങ്കിടുമെന്നാണ് എനിക്ക് തോന്നുന്നത്. ക്യാപ്റ്റന്റെ റോളിലെത്തുന്ന ഫീല്‍ഡര്‍ എന്ന നിലയില്‍ എനിക്ക് കാര്യമായി അനുഭവസമ്പത്തില്ല, ഇത് ഒരുപക്ഷേ വെല്ലുവിളിയായേക്കാം,’ സഞ്ജു പറഞ്ഞു.

വിക്കറ്റ് കീപ്പറുടെ റോളില്‍ ഇതിനോടകം തന്നെ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ധ്രുവ് ജുറെല്‍. ഇന്ത്യക്കായി ടെസ്റ്റ് ടീമിലും താരം ഗ്ലൗമാന്റെ റോള്‍ നിര്‍വഹിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ വിക്കറ്റ് കീപ്പര്‍ ഓപ്ഷനായി കുണാല്‍ സിങ് റാത്തോഡും രാജസ്ഥാന്‍ സ്‌ക്വാഡിലുണ്ട്.

കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ രാജസ്ഥാന്റെ പകുതി വിക്കറ്റ് കീപ്പര്‍മാരും ഇപ്പോള്‍ ടീമിനൊപ്പമില്ല. ക്യാപ്റ്റന്‍ സഞ്ജുവും ജുറെലും സൂപ്പര്‍ താരം ജോസ് ബട്‌ലറുമടക്കം ആറ് വിക്കറ്റ് കീപ്പര്‍മാരായിരുന്നു കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ടായിരുന്നത്.

സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ധ്രുവ് ജുറെല്‍, ടോം കോലര്‍ കാഡ്‌മോര്‍, കുണാല്‍ സിങ് റാത്തോഡ്, ഡോണോവന്‍ ഫെരേര എന്നിവരായിരുന്നു കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍മാര്‍. എന്നാല്‍ സഞ്ജു തന്നെയാണ് എല്ലാ മത്സരത്തിലും രാജസ്ഥാനായി വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ചത്.

എന്നാല്‍ ഇത്തവണ രാജസ്ഥാന്‍ മാറ്റങ്ങള്‍ക്കൊരുങ്ങുമോ എന്നും കണ്ടറിയണം. ഇന്ത്യന്‍ ജേഴ്‌സിയില്‍ പലപ്പോഴായി മികച്ച ഫീല്‍ഡിങ് പ്രകടനം പുറത്തെടുത്ത സഞ്ജു മാജിക് ഇത്തവണ പിങ്ക് ജേഴ്‌സിയിലും കാണാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രാജസ്ഥാന്‍ സ്‌ക്വാഡ് (IPL 2025: Rajasthan Royals Squad)

ബാറ്റര്‍മാര്‍

നിതീഷ് റാണ
ശുഭം ദുബെ
വൈഭവ് സൂര്യവംശി
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ✈︎
യശസ്വി ജെയ്‌സ്വാള്‍
റിയാന്‍ പരാഗ്

ഓള്‍റൗണ്ടര്‍മാര്‍

വാനിന്ദു ഹസരങ്ക ✈︎
ജോഫ്രാ ആര്‍ച്ചര്‍ ✈︎
യുദ്ധ്‌വീര്‍ സിങ്

വിക്കറ്റ് കീപ്പര്‍മാര്‍

സഞ്ജു സാംസണ്‍
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോഡ്

ബൗളര്‍മാര്‍

മഹീഷ് തീക്ഷണ ✈︎
ആകാശ് മധ്വാള്‍
കുമാര്‍ കാര്‍ത്തികേയ സിങ്
തുഷാര്‍ ദേശ്പാണ്ഡേ
ഫസല്‍ഹഖ് ഫാറൂഖി ✈︎
ക്വേന മഫാക്ക ✈︎
അശോക് ശര്‍മ
സന്ദീപ് ശര്‍മ

 

Content highlight: Sanju Samson about Rajasthan Royals’ wicket keepers in IPL 2025