ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് കളി എളുപ്പമാവുന്നത് അവരുള്ളതുകൊണ്ടാണ്; തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍
IPL
ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് കളി എളുപ്പമാവുന്നത് അവരുള്ളതുകൊണ്ടാണ്; തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th March 2022, 5:22 pm

മലയാളികള്‍ ഏറെ ആവേശത്തോടെയാണ് മാര്‍ച്ച് 29ന് നടക്കുന്ന ഐ.പി.എല്‍ മത്സരത്തെ നോക്കിക്കാണുന്നത്. പുത്തന്‍ ഉണര്‍വോടെ കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും പുതിയ സീസണിലെ ആദ്യ മത്സരത്തിന് കളത്തിലിറങ്ങുന്നത് 29നാണ്.

ആദ്യ സീസണില്‍ നേടിയ, പിന്നീട് ഒരിക്കലും എത്തിപ്പിടിക്കാന്‍ സാധിക്കാതിരുന്ന ഐ.പി.എല്ലിന്റെ കിരീടം തന്നെയാണ് രാജസ്ഥാന്‍ റോയല്‍സും സഞ്ജുവും ലക്ഷ്യമിടുന്നത്.

മികച്ച സ്‌ക്വാഡാണ് ടീം ടൂര്‍ണമെന്റിന് മുമ്പ് പടുത്തുയര്‍ത്തിയത്. നിലനിര്‍ത്തിയ താരങ്ങള്‍ മുതല്‍ പുതുതായി ടീമിനൊപ്പം ചേര്‍ന്ന താരങ്ങള്‍ വരെ ഒരേ സ്പിരിറ്റോടെയാണ് മുന്നോട്ട് പോവുന്നത്.

ഇവര്‍ക്കു പുറമെ ബൗളിംഗ് കോച്ചായി ലസിത് മലിംഗയെ ടീമിലെത്തിച്ചതാണ് രാജസ്ഥാന്റെ ഏറ്റവനും വലിയ കരുത്ത്. ഇപ്പോഴിതാ പരിശീലകരായ സംഗക്കാരയെ കുറിച്ചും മലിംഗയെ കുറിച്ചും തുറന്നുപറയുകയാണ് സഞ്ജു.

”മലിംഗയും കുമാര്‍ സംഗക്കാരയും ഇന്ന് ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളെല്ലാം അവരുടെ കളി കണ്ട് വളര്‍ന്നവരാണ്. ടീമിലെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ് ഇരുവരുടേയും സാന്നിധ്യം.

അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ലാളിത്യത്തോടെയാണ് അദ്ദേഹം താരങ്ങളോട് പെരുമാറുന്നതും സംസാരിക്കുന്നതും. എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം വ്യക്തതയോടെയുള്ള മറുപടി തരും.

 

മാത്രമല്ല, ഇത്തരം പരിചയസമ്പന്നരുണ്ടാകുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് കാര്യങ്ങള്‍ എളുപ്പമാവും. എതിര്‍ ടീം താരങ്ങളുടെ ദൗര്‍ബല്യങ്ങള്‍ എന്താണെന്ന് കൃത്യമായി പറഞ്ഞുതരാന്‍ അവര്‍ക്ക് സാധിക്കും.” സഞ്ജു പറയുന്നു.

കെയ്ന്‍ വില്യംസണ്‍ നായകനാവുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പൂനെയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ജയം കൊണ്ടുതന്നെ തുടങ്ങാനാണ് ഇരു ടീമും ലക്ഷ്യമിടുന്നത്.

Content Highlight: Sanju Samson about Malinga and Sangakara