| Thursday, 18th July 2024, 12:05 pm

ഇതൊരു സ്വപ്‌നമാണ്; രാജസ്ഥാന്‍ പങ്കുവെച്ച വീഡിയോക്ക് പിന്നാലെ സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയും തമ്മിലുള്ള ബോണ്ട് ഹല്ലാ ബോല്‍ ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചാ വിഷയമാണ്. കളിക്കളത്തിനകത്തും പുറത്തും സഞ്ജുവിനൊപ്പം മികച്ച ബന്ധമാണ് ക്രിക്കറ്റ് ഇതിഹാസം വെച്ചുപുലര്‍ത്തുന്നത്.

സഞ്ജു സാംസണ്‍ നല്‍കിയ ബാറ്റ് ഉപയോഗിച്ച് താന്‍ ബാറ്റ് ചെയ്തിരുന്നുവെന്ന സംഗക്കാരയുടെ ഒരു വീഡിയോ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്തുവിട്ടിരുന്നു. ഈ വര്‍ഷമാദ്യം യു.കെ.യില്‍ കളിക്കാനൊരുങ്ങവെ തന്റെ കയ്യില്‍ ബാറ്റ് ഉണ്ടായിരുന്നില്ല എന്നും സഞ്ജു നല്‍കിയ ബാറ്റ് ഉപയോഗിച്ചാണ് താന്‍ കളിച്ചതെന്നുമാണ് സംഗ പറഞ്ഞത്.

‘എനിക്ക് ക്രിക്കറ്റ് കളിക്കാന്‍ സഞ്ജുവിന്റെ രണ്ട് ബാറ്റുകളാണ് ഉണ്ടായിരുന്നത്. അവന്റെ രണ്ട് ബാറ്റുകള്‍ എനിക്ക് നല്‍കാന്‍ തയ്യാറായി.ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനുശേഷം എന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു അതിനാല്‍ എനിക്ക് ആദ്യം മുതല്‍ക്കുതന്നെ എല്ലാം തുടങ്ങേണ്ടി വന്നു.

യൂസി (യൂസ്വേന്ദ്ര ചഹല്‍), നിങ്ങള്‍ എനിക്ക് ചില കിറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനുവേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്,’ കുമാര്‍ സംഗക്കാര പറഞ്ഞു.

ഈ വീഡിയോക്ക് പിന്നാലെ സഞ്ജുവും സംഗയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും മറ്റൊരു ക്രിക്കറ്ററോടുള്ള സഞ്ജുവിന്റെ സ്‌നേഹത്തെ കുറിച്ചുമെല്ലാം കമന്റുകളുയര്‍ന്നു.

ഈ വീഡിയോക്ക് പിന്നാലെ സഞ്ജു സാംസണും രംഗത്തെത്തിയിരിക്കുകയാണ്. ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചുകൊണ്ട് ‘കുമാര്‍ സംഗക്കാര എന്റെ ബാറ്റ് ഉപയോഗിച്ചിരിക്കുന്നു, ഇതൊരു സ്വപ്‌നമാണ്,’ എന്നാണ് സഞ്ജു കുറിച്ചത്.

അതേസമയം ലോകകപ്പിന് പിന്നാലെ സിംബാബ്‌വേക്കെതിരെ നടന്ന അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന പരാജയമേറ്റുവാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. പര്യടനത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു സഞ്ജു.

ലോകകപ്പ് കാരണം ആദ്യ രണ്ട് മത്സരത്തില്‍ സഞ്ജുവടക്കമുള്ള താരങ്ങള്‍ ടീമിന്റെ ഭാഗമായിരുന്നില്ല. മൂന്നാം ടി-20യിലും അഞ്ചാം ടി-20യിലുമാണ് സഞ്ജു കളത്തിലിറങ്ങിയത്. ഇതില്‍ നിന്നും 70.0 ശരാശരിയിലും 134.61 സ്‌ട്രൈക്ക് റേറ്റിലും 70 റണ്‍സാണ് സഞ്ജു നേടിയത്.

അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടികൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് കൂറ്റന്‍ സിക്‌സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇതോടെ പിന്നാലെ ടി-20യില്‍ ഷെവ്‌റോണ്‍സിനെതിരെ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കയിരുന്നു.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനമാണ് ഇനി സഞ്ജുവിന് മുമ്പിലുള്ളത്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തുക. മൂന്ന് ടി-20യും അത്ര തന്നെ ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.ഈ ബൈലാറ്ററല്‍ സീരിസില്‍ സഞ്ജുവിന് ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlight: Sanju Samson about Kumar Sangakara batting with his bat

We use cookies to give you the best possible experience. Learn more