ഐ.പി.എല്ലിന്റെ ചുവടുപിടിച്ച് വിവിധ ഫ്രാഞ്ചൈസി ലീഗുകള്‍ ഓരോ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് കീഴിലും പിറവിയെടുത്തിരുന്നു. തമിഴ്‌നാട് പ്രീമിയര്‍ലീഗ് എന്ന ടി.എന്‍.പി.എല്ലും കര്‍ണാടക പ്രീമിയര്‍ ലീഗ് എന്ന കെ.പി.എല്ലും ഏറ്റവുമൊടുവില്‍ പിറവിയെടുത്ത ദല്‍ഹി പ്രീമിയര്‍ ലീഗുമെല്ലാം ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി. അല്‍പം വൈകിയാണെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷനും തങ്ങളുടെ ഫ്രാഞ്ചൈസി ലീഗുമായെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് കേരള ക്രിക്കറ്റ് ലീഗ് എന്ന കെ.സി.എല്ലിന്റെ ലോഗോ പ്രകാശനം ചെയ്തത്. സഞ്ജു സാംസണാണ് ലോഗോ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.
ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ട് മുതല്‍ 19 വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ആറ് ടീമുകളാണ് ആദ്യ സീസണില്‍ ലീഗിന്റെ ഭാഗമാവുക. ആരീസ് കൊല്ലം സെയ്‌ലേഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ആലപ്പി റിപ്പിള്‍സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നിവരാണ് ടീമുകള്‍.
ടൂര്‍ണമെന്റിന്റെ ലേല നടപടികളാണ് ഇനി അടുത്തതായി നടക്കാനുള്ളത്. ശനിയാഴ്ച നടക്കുന്ന താരലേലത്തില്‍ 168 താരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ ടീമിനും 20 താരങ്ങളെ വീതം സ്വന്തമാക്കാം.
ഈ താരലേലത്തെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍.
‘ശനിയാഴ്ചയാണ് കേരള ക്രിക്കറ്റ് ലീഗിനുള്ള താരലേലം അരങ്ങേറുന്നത്. രാവിലെ പത്ത് മണി മുതല്‍ ഹയാത്ത് റീജന്‍സി ഹോട്ടലിലാണ് ലേലം നടക്കുന്നത്.
പ്രശസ്തയായ ചാരു ശര്‍മയാണ് ഫ്രാഞ്ചൈസികള്‍ക്കായി ലേല നടപടികള്‍ വിശദീകരിച്ചത്. ഇതിന് പിന്നാലെ ലേല നടപടികളെ കുറിച്ച് കൂടുതല്‍ വ്യക്തമാകുന്നതിനായി ഒരു മോക് ഓക്ഷനും നടത്തി,’ ലോഗോ പ്രകാശനം ചെയ്യുന്ന വേളയില്‍ സഞ്ജു സാംസണ്‍ പറഞ്ഞു.
‘ഓരോ ദിവസവും രണ്ട് ത്രില്ലിങ് മത്സരങ്ങള്‍ക്ക് ആരാധകര്‍ സാക്ഷ്യം വഹിക്കും. ഡേ ആന്‍ഡ് നൈറ്റ് മാച്ചുകളായിരിക്കും ഉണ്ടാവുക. ഓഗസ്റ്റ് 31ന് പകല്‍ 12 മണിക്ക് ഹയാത്ത് റീജന്‍സിയില്‍ വെച്ച് കെ.സി.എല്ലിന്റെ ബ്രാന്‍ഡ് അംബാസഡറും ലെജന്‍ഡറി ആക്ടറുമായ മോഹന്‍ലാലാണ് ലീഗ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുക,’ സഞ്ജു പറഞ്ഞു.
കെ.സി.എല്‍ താര ലേലം
എ, ബി, സി മൂന്ന് കാറ്റഗറികളിയിട്ടാണ് താര ലേലം നടക്കുകയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.