തന്നെ സ്ഥിരമായി പുറത്താക്കുന്ന ഹോള്‍ഡറെ ടീമിലെത്തിക്കാന്‍ സഞ്ജുവിന് അറിയേണ്ടിയിരുന്നത് ഇത്രമാത്രം; സഞ്ജു ഒരു മികച്ച ക്യാപ്റ്റനാകുന്നത് ഇതുകൊണ്ടാണ്
Sports News
തന്നെ സ്ഥിരമായി പുറത്താക്കുന്ന ഹോള്‍ഡറെ ടീമിലെത്തിക്കാന്‍ സഞ്ജുവിന് അറിയേണ്ടിയിരുന്നത് ഇത്രമാത്രം; സഞ്ജു ഒരു മികച്ച ക്യാപ്റ്റനാകുന്നത് ഇതുകൊണ്ടാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st February 2023, 6:33 pm

ഐ.പി.എല്ലിന്റെ മിനി ലേലത്തില്‍ സ്‌ക്വാഡ് ഡെപ്ത് വര്‍ധിപ്പിച്ചതിലും കൃത്യമായ സ്ട്രാറ്റജിയോടെ ലേലം വിളിച്ചവരില്‍ പ്രധാനികളാണ് രാജസ്ഥാന്‍ റോയല്‍സ്. ടീമിന് ഏറ്റവും അധികം ആവശ്യമായിരുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറെ ടീമിലെത്തിച്ചായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കരുത്ത് വര്‍ധിപ്പിച്ചത്.

ജേസണ്‍ ഹോള്‍ഡറായിരുന്നു മിനി ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കീ പിക്. ഹോള്‍ഡറിന് പുറമെ ജോ റൂട്ടിനെയും ആദം സാംപയെയും ടീ മിലെത്തിച്ച രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ കരുത്ത് ഇരട്ടിയാക്കിയിരുന്നു.

കാര്യമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടീം ഹോള്‍ഡറിന് സ്വന്തമാക്കാന്‍ മുതിര്‍ന്നത്. ലേലത്തിന് മുമ്പ് എത്രത്തോളം ഓവര്‍സീസ് സ്ലോട്ടുകളുണ്ടെന്നും ബാക്കിയുള്ള തുകയ്ക്ക് ആ സ്ലോട്ട് മുഴുവന്‍ ഫില്‍ ചെയ്യണമോ അതല്ല ആഭ്യന്തര താരങ്ങളെ ടീമിലെത്തിക്കണമോ തുടങ്ങി മറ്റെല്ലാ ടീമിനെ പോലെയും രാജസ്ഥാനും കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നു.

ഹോള്‍ഡറിന് പുറമെ മറ്റ് പല ഓപ്ഷനുകളും ടീമിന് മുമ്പിലുണ്ടായിരുന്നു. എന്നാല്‍ ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആദ്യം തന്നെ ഹോള്‍ഡറിനെ ടീമിലെത്തിക്കാനാണ് കണക്കുകൂട്ടിയത്.

ട്വിറ്ററില്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

ഓക്ഷന് മുമ്പായി ടീം മീറ്റിങ്ങില്‍ രാജസ്ഥാന്‍ സി.ഇ.ഒ സഞ്ജുവിനെ വിളിക്കുകയും ആരെ ടീമിലെത്തിക്കണമെന്ന് ചോദിക്കുകയുമായിരുന്നു.

 

‘ലേലത്തിലെ ഏറ്റവും മികച്ച പേസര്‍ ആരാണ് എന്നതിനെ സംബന്ധിച്ചാണ് ഇവിടെ തര്‍ക്കം നടക്കുന്നത്. ഹോള്‍ഡര്‍, റിച്ചാര്‍ഡ്‌സണ്‍, മില്‍നെ, മെര്‍ഡെത്ത്, ചമീര, സാംസ് എന്നിവരാണ് ഇതില്‍ പ്രധാനികള്‍ നിനക്ക് എന്തെങ്കിലും ഓപ്ഷനുണ്ടോ? നീ ആരെയാണ് തെരഞ്ഞെടുക്കുന്നത്?’ എന്നായിരുന്നു സി.ഇ.ഒ ആയ ലഷ് മാക്രം സഞ്ജുവിനോട് ചോദിച്ചത്.

ഇതിന് മറുപടിയായി ‘ഒരു കാര്യം അറിയാന്‍ വേണ്ടിയാണ്, ഡെത്ത് ഓവറില്‍ ഹോള്‍ഡറിന്റെ പ്രകടനം എങ്ങനെയാണ്,’ എന്നായിരുന്നു സഞ്ജു ചോദിച്ചത്. ഇതിന് പിന്നാലെ ഡെത്ത് ഓവറില്‍ ഹോള്‍ഡറിന്റെ സ്റ്റാറ്റുകള്‍ റോയല്‍സ് ഒഫീഷ്യല്‍സ് വിശദീകരിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മിനി ലേലത്തില്‍ രാജസ്ഥാന്‍ ഹോള്‍ഡറിന് പിന്നാലെ കൂടിയത്.

 

മിനി ലേലത്തിന് ശേഷമുള്ള രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ജോ റൂട്ട്, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി. എ.

 

 

 

 

Content Highlight: Sanju Samson about Jason Holder