| Monday, 22nd August 2022, 6:01 pm

അവരെപോലുള്ളവര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഞാന്‍ സ്ഥിരമായി തഴയപ്പെടുന്നത് വിഷമമുണ്ടാക്കുന്നു: സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

മെന്‍ ഇന്‍ ബ്ലൂസിന്റെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ രക്ഷകന്‍ സഞ്ജു സാംസണായിരുന്നു.

ഷെവ്‌റോണ്‍സ് നിരയിലെ മൂന്ന് മുന്‍നിര ബാറ്റര്‍മാരെ ക്യാച്ചെടുത്ത് പുറത്താക്കി വിക്കറ്റിന് പിന്നില്‍ വിസ്മയം കാണിക്കുകയും, സിക്‌സറടിച്ചുകൊണ്ട് ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്ത സഞ്ജു തന്നെയായിരുന്നു കളിയിലെ താരവും.

താന്‍ ടീമില്‍ ഉള്‍പ്പെടുന്ന എല്ലാ പരമ്പരയിലും സഞ്ജു തന്റെ കൈമുദ്ര പതിപ്പിക്കാറുണ്ട്.

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ദീപക് ഹൂഡയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ ടി-20യിലെ ഏറ്റവും വലിയ പാര്‍ട്‌നര്‍ഷിപ്പ് പടുത്തുയര്‍ത്തിയതും, ഏറെ നാളുകള്‍ക്ക് ശേഷം ഏകദിന ടീമില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ഇന്ത്യയുടെ വിജയത്തിന് തന്നെ നിദാനമായ മാച്ച് വിന്നിങ് ആക്രോബാക്ടിക് ക്യാച്ചും സഞ്ജുവിന്റെ കരിയറിലെ തന്നെ മികച്ച മൊമെന്റുകളായിരുന്നു.

എന്നിരുന്നാലും, എത്ര മികച്ച പ്രകടനം നടത്തിയാലും മേജര്‍ ലീഗുകളോ, ടൂര്‍ണമെന്റുകളോ വരുമ്പോള്‍ തഴയപ്പെടുന്ന പേരുകാരില്‍ പ്രധാനിയും സഞ്ജു തന്നെ ആയിരുന്നു.

കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ചാമ്പ്യന്‍മാരാക്കിയിട്ടും മറ്റേത് ക്യാപ്ഡ് ഇന്ത്യന്‍ ബാറ്റര്‍മാരേക്കാളും പ്രഹരശേഷിയുണ്ടായിട്ടും, ടൂര്‍ണമെന്റിന് തൊട്ടുപിന്നാലെയെത്തിയ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും താരം ടീമിന് പുറത്തായിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ ബി.സി.സി.ഐയുടെ ഈ നയത്തിനെതിരെ രംഗത്തുവന്നിരുന്നു. ഒരുകാലത്ത് മലയാളികള്‍ മാത്രം ആരാധകരായുണ്ടായിരുന്ന സഞ്ജുവിന് പാന്‍ ഇന്ത്യ ഫാന്‍ ഫോളോയിങ്ങും സെലക്ടര്‍മാരുടെ ഒഴിവാക്കലിന് പിന്നാലെ നേടാനായിരുന്നു.

ഇന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് സ്‌ക്വാഡിന്റെ പരിസരത്തുപോലും സഞ്ജുവിനെ അടുപ്പിച്ചിരുന്നില്ല.

ടീമില്‍ നിന്നും നിരന്തരമായി തഴയപ്പെടുന്നത് തനിക്കേറെ വിഷമമുണ്ടാക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സഞ്ജു. സുനില്‍ ഗവാസ്‌കറിന്റെ മകനും മുന്‍ ഇന്ത്യന്‍ താരവുമായ രോഹന്‍ ഗവാസ്‌കറിനൊപ്പം നടന്ന അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറയുന്നത്.

ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടാത്തത് വിഷമമുണ്ടാക്കിയെന്നും, ഒപ്പമുള്ളവര്‍ കളിക്കുമ്പോള്‍ താന്‍ സ്‌ക്വാഡില്‍ പോലും ഉള്‍പ്പെടാത്തത് വിഷമമുണ്ടാക്കിയെന്നും താരം പറയുന്നു.

‘ആത്മാര്‍ത്ഥമായി പറയുകയാണെങ്കില്‍ എല്ലാം പോസിറ്റീവായി മാത്രം കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും തന്റെ കൂടെയുള്ള കൂട്ടുകാര്‍ ടീമിന് വേണ്ടി കളിക്കുകയും ഞാന്‍ സ്‌ക്വാഡില്‍ പോലും ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്നത് ഏറെ വിഷമമുണ്ടാക്കുന്നു,’ സഞ്ജു പറഞ്ഞു.

ഈ മാസം അവസാനമാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടി-20 ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം കാഴ്ചവെക്കാനും കിരീടം നിലനിര്‍ത്താനും തന്നെയാവും ഇന്ത്യ ഒരുങ്ങുന്നത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് :

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

Content Highlight: Sanju Samson about his regular snub from Team India

We use cookies to give you the best possible experience. Learn more