| Sunday, 13th October 2024, 11:40 am

ഞാന്‍ ഒരുപാട് തവണ തോറ്റുപോയവനാണ്, ഇക്കാരണം കൊണ്ടുതന്നെ... സെഞ്ച്വറിക്ക് പിന്നാലെ തുറന്നുപറഞ്ഞ് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ആതിഥേയര്‍ പരമ്പര തൂത്തുവാരിയിരുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 133 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 167 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

സൂപ്പര്‍ താരം സഞ്ജു സാസംണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടി-20 സ്‌കോറിലേക്ക് നടന്നുകയറിയത്. നേരിട്ട 40ാം പന്തില്‍ നൂറടിച്ച താരം 47ാം പന്തില്‍ വ്യക്തിഗത സ്‌കോര്‍ 111ല്‍ നില്‍ക്കവെ പുറത്തായി.

ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെയാണ് മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരുപാട് സന്തോഷമുണ്ടെന്നും എന്നാല്‍ ഇതിലും മികച്ചതായി ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയിരുന്നുവെന്നും സഞ്ജു പറയുന്നു.

സഞ്ജുവിന്റെ വാക്കുകള്‍

ഞാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ അവര്‍ സന്തോഷിക്കുന്നു എന്നതില്‍ ഞാനും ഏറെ സന്തോഷവാനാണ്. ഇതിലും മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു.

ഒരുപാട് മത്സരങ്ങള്‍ കളിച്ചതിനാല്‍ എങ്ങനെ സമ്മര്‍ദത്തെയും എന്റെ തോല്‍വികളെയും മറികടക്കാമെന്ന് എനിക്ക് നന്നായി അറിയാം, കാരണം ഞാന്‍ ഒരുപാട് തവണ തോറ്റുപോയവനാണ്. ഇപ്പോള്‍ ചെയ്യുന്നതെന്തോ അതില്‍ ശ്രദ്ധ ചെലുത്തി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ചെയ്യേണ്ടത്.

രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഉറപ്പായും സമ്മര്‍ദമുണ്ടാകും. പക്ഷേ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കണമായിരുന്നു, എനിക്ക് പലതും തെളിയിക്കേണ്ടതായി ഉണ്ടായിരുന്നു. പക്ഷേ എന്നിരുന്നാലും വണ്‍ ബോള്‍ അറ്റ് എ ടൈം എന്ന ബേസിക് രീതിയില്‍ കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

എന്ത് സംഭവിച്ചാലും അവര്‍ എന്നെ പിന്തുണയ്ക്കുമെന്നാണ് പറഞ്ഞത്. അത് കേവലം വാക്കില്‍ മാത്രമായിരുന്നില്ല, പ്രവൃത്തിയിലുമുണ്ടായിരുന്നു,’ സഞ്ജു പറഞ്ഞു.

മത്സരത്തിലെ മറ്റ് പ്രധാന നിമിഷങ്ങള്‍

സഞ്ജുവിന് പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചിരുന്നു. സ്‌കൈ 35 പന്തില്‍ 75 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ 47 റണ്‍സുമായാണ് കുങ്ഫു പാണ്ഡ്യ തിളങ്ങിയത്. 13 പന്തില്‍ 34 റണ്‍സുമായി റിയാന്‍ പരാഗും മികച്ച നിന്നു.

298 എന്ന വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ആദ്യ പന്തില്‍ തന്നെ മായങ്ക് യാദവ് സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ സൂപ്പര്‍ താരം പര്‍വേസ് ഹൊസൈന്‍ എമോണിനെ റിയാന്‍ പരാഗിന്റെ കൈകളിലെത്തിച്ച് താരം മടക്കി.

തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് വീഴ്ത്തി.

രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മായങ്ക് യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി. വാഷിങ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയത്.

ബംഗ്ലാദേശിനായി തൗഹിദ് ഹൃദോയ് അര്‍ധ സെഞ്ച്വറി നേടി. 42 പന്തില്‍ പുറത്താകാതെ 63 റണ്‍സാണ് താരം സ്വന്തമാക്കിയത്. 25 പന്തില്‍ 42 റണ്‍സടിച്ച ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശിന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

മുമ്പില്‍ ഇനിയെന്ത്?

ബംഗ്ലാദേശിനെതിരെ തകര്‍ത്തടിച്ചതോടെ അടുത്ത പരമ്പരയിലും സഞ്ജുവിനെ കാണാനാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടി-20 പരമ്പര.

ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ പരിപൂര്‍ണ പിന്തുണയും സഞ്ജുവിനുണ്ട്. ഇക്കാരണം കൊണ്ടുതന്നെ പ്രോട്ടിയാസിനെതിരെ ബാറ്റ് വീശാനും സഞ്ജുവുണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

നവംബറിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുക. നാല് മത്സരങ്ങളുടെ പരമ്പരയ്ക്കാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയിലേക്ക് പറക്കുന്നത്.

Content Highlight: Sanju Samson about his performances

We use cookies to give you the best possible experience. Learn more