| Monday, 21st October 2024, 11:01 am

എപ്പോള്‍ ബാറ്റിങ്ങിനിറങ്ങണം; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20 എന്നും സഞ്ജു സാംസണിന്റെ പേരിലാകും ഓര്‍ത്തുവെക്കപ്പെടുക. ഓപ്പണറുടെ റോളിലെത്തി സെഞ്ച്വറി നേടിയാണ് സഞ്ജു സാംസണ്‍ തിളങ്ങിയത്. സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ ടി-20യിലെ തങ്ങളുടെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല തകര്‍പ്പന്‍ നേട്ടങ്ങളും സഞ്ജു സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് ഇതില്‍ ആദ്യം. ഇതിന് പുറമെ നേരിട്ട 40ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.

ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട ബാറ്റിങ് പൊസിഷനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം സംസാരിക്കുന്നത്.

‘വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താങ്കളുടെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പൊസിഷന്‍ ഏതാണ്? താങ്കള്‍ ഓപ്പണറായി കളത്തിലിറങ്ങിയിട്ടുണ്ട്, മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം കളിച്ചിട്ടുണ്ട്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പൊസിഷന്‍ ഏതാണ്,’ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഇതിന് മറുപടിയായി ‘എത്രയും പെട്ടെന്ന് ക്രീസിലെത്തുന്നോ, അത്രയും നല്ലതാണ്,’ എന്നാണ് സഞ്ജു മറുപടി നല്‍കിയത്.

ഇന്ത്യയുടെ അടുത്ത ടി-20 പരമ്പരയിലും സഞ്ജു ഇതേ റോളില്‍ തന്നെ തുടരുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?

ബംഗ്ലാദേശിനെതിരെ തകര്‍ത്തടിച്ചതോടെ അടുത്ത പരമ്പരയിലും സഞ്ജുവിനെ കാണാനാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടി-20 പരമ്പര.

ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ പരിപൂര്‍ണ പിന്തുണയും സഞ്ജുവിനുണ്ട്. ഇക്കാരണം കൊണ്ടുതന്നെ പ്രോട്ടിയാസിനെതിരെ ബാറ്റ് വീശാനും സഞ്ജുവുണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

നവംബറിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുക. നാല് മത്സരങ്ങളുടെ പരമ്പരയ്ക്കാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയിലേക്ക് പറക്കുന്നത്.

ടെസ്റ്റ് ടീമിലേക്കും കണ്ണുണ്ട്

ഇന്ത്യക്കായി ടെസ്റ്റിലും അരങ്ങേറ്റം കുറിക്കാനാണ് സഞ്ജു സാംസണ്‍ ഒരുങ്ങുന്നത്. ഇതിനായി താരം രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കുകയാണ്. ബംഗ്ലാദേശിനെതിരായ പരമ്പരക്ക് തൊട്ടുപിന്നാലെ താരം കേരള ക്യാമ്പില്‍ ചേര്‍ന്നിരുന്നു.

നിലവില്‍ ആളൂരില്‍ കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന്റെ മത്സരം പുരോഗമിക്കുകയാണ്. അവസാന ദിവസവും വില്ലനായി മഴയെത്തിയതോടെ മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 13 പന്തില്‍ 15 റണ്‍സുമായി താരം ബാറ്റിങ് തുടരുകയാണ്.

Content Highlight: Sanju Samson about his favorite batting position

We use cookies to give you the best possible experience. Learn more