പരിശീലകന്‍ ഗൗതം ഗംഭീര്‍ തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. എന്ത് തന്നെ സംഭവിച്ചാലും തന്നെ പിന്തുണയ്ക്കുമെന്ന് ഗംഭീര്‍ പറഞ്ഞെന്നും ഇത് വലിയ ആത്മവിശ്വാസമാണ് തനിക്ക് നല്‍കിയതെന്നും സഞ്ജു പറഞ്ഞു.
എ.ബി. ഡി വില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സഞ്ജു തന്റെ മികച്ച പ്രകടനങ്ങളുടെ കാരണക്കാരനായി ഗൗതം ഗംഭീറിനെ പരാമര്‍ശിച്ചത്.
‘സഞ്ജൂ, നിന്നെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് എനിക്കറിയാം എന്നാണ് അദ്ദേഹം ഡ്രസ്സിങ് റൂമിലെത്തി എന്നോട് പറഞ്ഞത്. നിന്നില്‍ വളരെ സ്‌പെഷ്യലായി എന്തോ ഉണ്ട്, എന്ത് തന്നെ സംഭവിച്ചാലും നിന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കളിക്കളത്തിലെ ഓരോ ഇന്നിങ്‌സിലും സ്വയം എക്‌സ്പ്രസ് ചെയ്യാനാണ് അദ്ദേഹമെന്നോട് ആവശ്യപ്പെട്ടത്. കോച്ചിന്റെ ഈ വാക്കുകള്‍ എനിക്ക് വല്ലാത്ത ആത്മവിശ്വാസവും ക്ലാരിറ്റിയുമാണ് നല്‍കിയത്,’ സഞ്ജു പറഞ്ഞു.
എന്നാല്‍ ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ നിരാശനായെന്നും സഞ്ജു പറഞ്ഞു.
‘കുറച്ച് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടാകും. കാരണം ഒരാള്‍ നിങ്ങളെ പിന്തുണയ്ക്കുന്നു, എന്നാല്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ല. ഞാന്‍ എന്നോട് തന്നെ പറഞ്ഞു, കം ഓണ്‍ സഞ്ജൂ, നീ ചിലത് ചെയ്യണം, കോച്ച് നിന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാക്കണം,’ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
2024ല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് സഞ്ജു ടി-20 ഫോര്‍മാറ്റില്‍ പുറത്തെടുത്തത്. കരിയറിലെ ആദ്യ ടി-20ഐ സെഞ്ച്വറിയും തുടര്‍ച്ചയായ അന്താരാഷ്ട്ര മത്സരങ്ങളില്‍ സെഞ്ച്വറിയും തുടങ്ങി പല റെക്കോഡുകളും കരിയറിലെ സുപ്രധാന നാഴികക്കല്ലുകളും സഞ്ജു താണ്ടിയിരുന്നു.
ഈ കലണ്ടര്‍ ഇയറില്‍ കളിച്ച 32 ഇന്നിങ്‌സില്‍ നിന്നും 1103 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 42.42 എന്ന മികച്ച ശരാശരിയിലും 162.44 എന്ന അതിലും മികച്ച സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്.
കരിയറില്‍ ഇതാദ്യമായാണ് സഞ്ജു ഒരു കലണ്ടര്‍ ഇയറില്‍ 1000 ടി-20 റണ്‍സ് പൂര്‍ത്തിയാക്കുന്നത്. ഇന്ത്യന്‍ ദേശീയ ടീമിന് പുറമെ ആഭ്യന്തര തലത്തില്‍ കേരളത്തിന് വേണ്ടിയും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയുമാണ് താരം സ്‌കോര്‍ ചെയ്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി കളത്തിലിറങ്ങിയപ്പോഴാണ് 1000 എന്ന മാജിക്കല്‍ നമ്പറില്‍ സഞ്ജുവെത്തിയത്.
Content highlight: Sanju Samson about coach Gautam Gambhir