ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ നാലാം ടി-20 മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ജോഹന്നാസ്‌ബെര്‍ഗില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പ്രോട്ടിയാസിനോട് പരമ്പര സ്വന്തമാക്കാനാണ് സാധിക്കുക. മറിച്ച് പ്രോട്ടിയാസിന് വിജയിച്ചാല്‍ പരമ്പര സമനിലയിലാക്കാനും സാധിക്കും.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഓപ്പണര്‍ സഞ്ജു സാംസണിലാണ് ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്നത്. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും പൂജ്യം റണ്‍സിനാണ് പുറത്തായത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഈ മത്സരത്തില്‍ ഒരു സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ സഞ്ജുവിന് ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. 2024 കലണ്ടര്‍ ഇയറില്‍ ഏറ്റവും അധികം ടി-20 സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമാകാനും ഈ നേട്ടത്തില്‍ രോഹിത്തിനെ മറികടക്കാനുമാണ് സഞ്ജുവിനുള്ള അവസരം.
2024ല്‍ ഏറ്റവുമധികം ടി-20 സിക്സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – സിക്സര്‍ എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – 65
സഞ്ജു സാംസണ്‍ – 46
രോഹിത് ശര്‍മ – 46
വിരാട് കോഹ്ലി – 45
ശിവം ദുബെ – 43
റിയാന്‍ പരാഗ് – 42
ഇന്ത്യന്‍ ടീമിനായി പത്ത് ഇന്നിങ്സില്‍ നിന്നുമായി 22 സിക്സര്‍ സ്വന്തമാക്കിയ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച 15 ഇന്നിങ്സില്‍ നിന്നും 24 സിക്സറും സ്വന്തമാക്കിയിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയോടുള്ള ആദ്യ മത്സരത്തില്‍ വമ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇന്റര്‍നാഷണല്‍ കരിയറില്‍ രണ്ടാം സെഞ്ച്വറി നേടാനും സഞ്ജുവിന് സാധിച്ചിരുന്നു. 10 സിക്‌സും 9 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു.
Content Highlight: Sanju Samso0n Need One More Six For Surpass Rohit Sharma In T-20