Advertisement
DSport
ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ചുവടുറപ്പിച്ച് ഐ.പി.എല്ലില്‍ മലയാളി താരത്തിന്റെ മിന്നുന്ന പ്രകടനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Apr 29, 05:28 pm
Monday, 29th April 2013, 10:58 pm

ജയ്പൂര്‍: ഐ.പി.എല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ചുവടുറപ്പിച്ച് മറ്റൊരു മലയാളി  കൂടി. രാജസ്ഥാന്‍ റോയല്‍സിന്റെ  വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനമായ സഞ്ജു സാംസനാണ് ഉജ്ജ്വല ബാറ്റിങ്ങിലൂടെ രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലെത്തിച്ച് ശ്രദ്ധാകേന്ദ്രമായത്.

41 പന്തില്‍ സഞ്ജു നേടിയ 63 റണ്‍സാണ് റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഏഴ് ബൗണ്ടറിയും രണ്ട് ചേതോഹര സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഒടുവില്‍ അര്‍ഹിച്ച മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി. ഐ.പി.എല്ലില്‍ അര്‍ധശതകം നേടുന്ന ഏറ്റവും പ്രായകുറഞ്ഞ വ്യക്തി കൂടിയായി മാറി 18 കാരനായ സഞ്ജു.[]

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഐ.പി.എല്ലില്‍ സഞ്ജുവിന് ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയത്.

23 പന്തില്‍ 27 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് റോയല്‍സിനെ അന്ന് വിജയത്തിലെത്തിച്ചെങ്കിലും അടുത്ത രണ്ട് കളികളിലും സഞ്ജുവിന് അവസരം കിട്ടിയില്ല. ബാംഗ്ലൂരിനെതിരെ വീണ്ടും ടീമില്‍ ഇടം കിട്ടിയപ്പോള്‍ സഞ്ജു അത് ശരിക്കും മുതലാക്കി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് കുറിച്ചു. ഗെയില്‍(34), കോഹ്‌ലി(32) എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. തകര്‍ത്തടിച്ച് തുടങ്ങിയ ഗെയിലിനെ (16 പന്തില്‍ 34) വാട്‌സന്റെ പന്തില്‍ സഞ്ജു പിടിച്ചു പുറത്താക്കുകയായിരുന്നു. രാംപോളിനെയും വിക്കറ്റിന് പിന്നില്‍ പിടികൂടിയ സഞ്ജു ഹെന്‍ റിക്കസിനെ റണ്ണൗട്ടാക്കുന്നതിലും തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് പരീക്ഷണത്തോടെയാണ് തുടങ്ങിയത്. റഹാനയ്‌ക്കൊപ്പം വാട്‌സണ് പകരം ദ്രാവിഡാണ് ഓപ്പണ്‍ ചെയ്തത്.

രഹാന പെട്ടെന്ന് പുറത്തായപ്പോള്‍ ടീം സമ്മര്‍ദത്തിലായി. എന്നാല്‍ യഥാര്‍ത്ഥ പരീക്ഷണം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു സാംസണ്‍. ബാറ്റിങ്ങില്‍ പ്രമോഷന്‍ കിട്ടിയതിനെ ആദ്യ രണ്ട് പന്തുകളും അതിര്‍ത്തി കടത്തിയാണ് സഞ്ജു ആഘോഷിച്ചത്.

അതും മനോഹരമായ പുള്‍ ഷോട്ടുകള്‍. ദ്രാവിഡിനൊപ്പം ഇന്നിങ്‌സ് മുന്നോട്ട് നീക്കുന്നതിനിടെ ക്യാപ്റ്റന്‍ ബൗള്‍ഡായതോടെ വീണ്ടും സമ്മര്‍ദത്തിലായി. എന്നാല്‍ ഒരു തുടക്കക്കാരന്റെ യാതൊരു സമ്മര്‍ദവുമില്ലാതെ സഞ്ജു ബാറ്റ് വീശി. മുരളി കാര്‍ത്തിക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ട് പന്തുകളും എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സര്‍ പറത്തിയ ഷോട്ടുകള്‍ ഒരു പ്രതിഭയുടെ വരവറിയിക്കുന്നതായിരുന്നു.

മൂന്നാം വിക്കറ്റില്‍ വാട്‌സണൊപ്പം(41) അടിച്ചുകൂട്ടിയ 68 റണ്‍സാണ് ടീമിന് അടിത്തറപാകിയത്. ഒരു പന്ത് ശേഷിക്കെയായിരുന്നു റോയല്‍സിന്റെ വിജയം. ബ്രാഡ് ഹോഡ്ജ്(18 പന്തില്‍ 32) വിജയതീരത്തെത്തിച്ചെങ്കിലും അവസാന ഓവറില്‍ പുറത്തായി.

പിന്നാലെ ഒവൈസ് ഷോ റണ്ണൗട്ടായതോടെ കളി എങ്ങോട്ടും തിരിയാമെന്നായി. ഒരു പന്തില്‍ ഒരു റണ്‍സ് എന്ന നിലയില്‍ സ്റ്റുവാര്‍ട്ട് ബിന്നി ബൗണ്ടറിയടിച്ച് ടീമിനെ വിജയത്തിലെത്തിച്ചു.