ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ കളിക്കാന്‍ മലയാളി താരം സഞ്ജു സാംസണ് നേരിയ സാധ്യത. വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള സാധ്യത സ്‌ക്വാഡില്‍ ബാക് അപ് ബാറ്ററുടെ റോളില്‍ സഞ്ജു കളിക്കാന്‍ സാധ്യത കാണുന്നുണ്ട്.
ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ദരിച്ച് പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജുവിനൊപ്പം ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ എന്നവരും ബാക് അപ് ബാറ്റുടെ പട്ടികയിലുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ സാധിക്കാത്ത ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ ബാക് അപ് ആയി പോലും സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടില്ല.
ഏഷ്യാ കപ്പില്‍ കളിക്കുന്ന അതേ സ്‌ക്വാഡിനെ തന്നെയാവും ലോകകപ്പിലും പരിഗണിക്കുന്നത് എന്നതിനാല്‍ എല്ലാ താരങ്ങള്‍ക്കും ഏഷ്യാ കപ്പും പിന്നാലെ വരുന്ന പരമ്പരകളും പ്രധാനമാണ്.
സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. മലയാളി ആരാധകര്‍ മാത്രമല്ല, നോര്‍ത്തില്‍ നിന്നുപോലും ഇപ്പോള്‍ സഞ്ജുവിന് പിന്തുണ ലഭിക്കുന്നുണ്ട്.
എന്നാല്‍, വിന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ അവസാന നിമിഷം ഉള്‍പ്പെട്ടിട്ടും ഒരു മത്സരം പോലും സഞ്ജുവിന് ഇനിയും കളിക്കാനായിട്ടില്ല. പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിന് പകരക്കാരനായിട്ടാണ് സഞ്ജു സ്‌ക്വാഡിലെത്തിയത്.
എന്നാല്‍, ഫ്‌ളോറിഡയില്‍ വെച്ച് നടക്കുന്ന പരമ്പരയിലെ നാലാം മത്സരത്തില്‍ സഞ്ജു കളിക്കാന്‍ സാധ്യത കാണുന്നുണ്ട്. മൂന്നാം നമ്പറില്‍ തുടര്‍ പരാജയമായ ശ്രേയസ് അയ്യരിന് പകരക്കാരനായിട്ടാവും സഞ്ജു ഇറങ്ങുക.
മൂന്നാം മത്സരത്തിനിടെ റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്തായ രോഹിത് ശര്‍മയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ഇനിയുമായിട്ടില്ല. താരം പൂര്‍ണമായും ഫിറ്റല്ലെങ്കില്‍ നാലാം മത്സരത്തില്‍ ഇന്ത്യ അദ്ദേഹത്തിന് വിശ്രമം നല്‍കിയേക്കും.
താരങ്ങളുടെ ആധിക്യമുള്ള സ്‌ക്വാഡില്‍ രോഹിത്തിന് പകരക്കാരെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ല.
വിന്‍ഡീസിനെതിരായ ശേഷിക്കുന്ന മത്സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ കയറിപ്പറ്റാനും മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചാല്‍ സഞ്ജുവിന്റെ സാധ്യതകള്‍ അനന്തമാണ്.
ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ എല്ലാ താരങ്ങളും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഉറപ്പാണ്.
ആഗസ്റ്റ് എട്ടിനകം ഇന്ത്യ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കും.