അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടി-20 മത്സരത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.
ക്യാപ്റ്റന്റെ റോളിലെത്തിയ ആദ്യ പരമ്പര തന്നെ ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കുകയെന്നത് ഹര്‍ദിക്കിനെ സംബന്ധിച്ചും അഭിമാന നേട്ടമാവും.
കഴിഞ്ഞ മത്സരത്തിലെ ഇന്ത്യന്‍ ടീമില്‍ നിന്നും കാര്യമായ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതോടെ ബാറ്റിങ് നിരയില്‍ മാറ്റത്തിന് സാധ്യത കാണുന്നുണ്ട്. കാഫ് മസിലിനാണ് താരത്തിന് പരിക്ക്. എന്നാല്‍ അത് സാരമുള്ളതാണോ എന്ന കാര്യത്തില്‍ സംശയമാണ്.
ഋതുരാജിന് പകരം മലയാളി താരം സഞ്ജു സാംസണോ യുവതാരം രാഹുല്‍ ത്രിപാഠിയോ ആവും ലക്ഷ്മണിന്റെ മനസില്‍ ഉണ്ടാവുക. ത്രിപാഠി ഒരു ഡെബ്യൂട്ടന്റ് താരമാണെന്നതിനാലും അദ്ദേഹത്തെക്കാള്‍ മത്സരം കളിച്ചതിന്റെ എക്‌സ്പീരിയന്‍സ് ഉള്ളതിനാലും സഞ്ജുവിനെ തന്നെയാവും പരിഗണിക്കാന്‍ സാധ്യത.
എന്നാല്‍, ത്രിപാഠിക്ക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റ മത്സരം നല്‍കാന്‍ വി.വി.എസ് തീരുമാനിച്ചാല്‍ സഞ്ജു വീണ്ടും ബെഞ്ചിലിരിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീമിനൊപ്പം അയര്‍ലന്‍ഡില്‍ പര്യടനം നടത്തി എന്ന് ആശ്വസിച്ച് സഞ്ജുവിന് മടങ്ങേണ്ടിയും വരും.
ഇവര്‍ രണ്ട് പേരുമല്ല, ബാറ്റിങ് ഓര്‍ഡര്‍ മുഴുവനായും ഉടച്ചുവാര്‍ത്ത് വെങ്കിടേഷ് അയ്യരെ ഇറക്കാനും ലക്ഷ്മണ്‍ തീരുമാനിച്ചേക്കാം.
കഴിഞ്ഞ മത്സരത്തില്‍ ഉമ്രാന്‍ മാലിക്കിന് അവസരം നല്‍കിയതിനാല്‍ അരങ്ങേറ്റക്കാരന്‍ അര്‍ഷ്ദിപ് സിങ്ങും ഈ മത്സരത്തില്‍ ഇറങ്ങിയേക്കും.
കഴിഞ്ഞ മത്സരത്തിലേതെന്നപോലെ മഴ വില്ലനായേക്കുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ടോസ് നിര്‍ണായകമാവും. ടോസ് നേടുന്നവര്‍ ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
കഴിഞ്ഞ മത്സരം മഴ കാരണം 12 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട ഐറിഷ് പട നിശ്ചിത ഓവറില്‍ 108 റണ്‍സായിരുന്നു നേടിയത്. ഓപ്പണിങ് ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ നാലാമനായി ഇറങ്ങിയ ഹാരി ടെക്ടറായിരുന്നു ഐറിഷ് ഇന്നിങ്സിനെ നങ്കൂരമിട്ട് നിര്‍ത്തിയത്.
33 പന്തില്‍ നിന്നും പുറത്താവാതെ 64 റണ്‍സായിരുന്നു ടെക്ടര്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ദീപക് ഹൂഡയുടെയും ഇഷാന്‍ കിഷന്റെയും തകര്‍പ്പന്‍ ഇന്നിങ്സിന്റെ ബലത്തില്‍ ഏഴ് വിക്കറ്റും 16 പന്തും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ടീം ഇന്ത്യ: സാധ്യതാ ഇലവന്‍
ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്/ സഞ്ജു സാംസണ്‍/രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്ക്/ അര്‍ഷ്ദീപ് സിങ്.
Content Highlight: Sanju may play in the second match against Ireland due to injury to Rituraj