ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം തുടരുകയാണ്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് ഇന്ത്യയുടെ കരീബിയന്‍ ടൂറിലുള്ളത്. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ജൂലൈ 20ന് ക്യൂന്‍സ് പാര്‍ക്ക് ഓവലിലാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്.
ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുക. ഐ.സി.സി ഏകദിന ലോകകപ്പിന് ഇനി അധിക നാളില്ലാത്തതിനാല്‍ ശേഷിക്കുന്ന ഒ.ഡി.ഐ മത്സരങ്ങളെല്ലാം തന്നെ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
മലയാളി താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജുവിനെ സംബന്ധിച്ച് ഈ പരമ്പര അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാനും സഞ്ജുവിന് സാധിച്ചേക്കും.
വിക്കറ്റ് കീപ്പറുടെ റോളിലാണ് താരം സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതെങ്കിലും മികച്ച ഒരു ഫീല്‍ഡറാണ് താനെന്നത് സഞ്ജു പലകുറി തെളിയിച്ചതാണ്. ഒരുപക്ഷേ വിക്കറ്റ് കീപ്പറുടെ റോളില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ലെങ്കിലും ഫീല്‍ഡറായി സ്‌ക്വാഡില്‍ ഇടം നേടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.
ഇന്ത്യ – വിന്‍ഡീസ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനൊപ്പം ഒരു കരിയര്‍ മൈല്‍സ്റ്റോണും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ഏകദിനത്തില്‍ 500 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാന്‍ 170 റണ്‍സ് കൂടിയാണ് സഞ്ജുവിന് ആവശ്യമുള്ളത്.
കളിച്ച 11 മത്സരത്തിലെ 10 ഇന്നിങ്‌സില്‍ നിന്നുമായി 330 റണ്‍സാണ് സഞ്ജുവിനുള്ളത്. 66.00 എന്ന തകര്‍പ്പന്‍ ആവറേജിലും 104.76 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു സ്‌കോര്‍ ചെയ്യുന്നത്.
രണ്ട് അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 86* ആണ്. 25 ബൗണ്ടറിയും 15 സിക്‌സറും നേടിയ സഞ്ജു, വിക്കറ്റിന് പിന്നില്‍ ഏഴ് ക്യാച്ചും രണ്ട് സ്റ്റംപിങ്ങും നടത്തിയിട്ടുണ്ട്.
ജൂലൈ 27നാണ് പരമ്പരയിലെ ആദ്യ മത്സരം. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് വേദി.
ഇന്ത്യ ഏകദിന സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജയ്‌ദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ഷര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിത്, യൂസ്വേന്ദ്ര ചഹല്‍.
Content Highlight: Sanju is about to cross 500 runs in ODIs