| Wednesday, 30th March 2022, 2:51 pm

ഹൈദരാബാദിനെതിരായ ഒറ്റ മത്സരത്തില്‍ സഞ്ജു സ്വന്തം പേരിലാക്കിയത് നാല് റെക്കോര്‍ഡുകള്‍; മറികടന്നതിലൊന്ന് ഷെയ്‌ന് വാട്‌സന്റെ പേരിലുണ്ടായ റെക്കോര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

പൂനെ: ഐ.പി.എല്ലിലെ 15ാം സീസണിലെ അദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 61 റണ്‍സിന്റെ വമ്പന്‍ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സടിച്ചപ്പോള്‍, ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഈ വിജയത്തോടെ ഒരുപിടി റെക്കോഡുകളാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്റെ പേരിലാക്കിയത്.

15ാം സീസണില്‍ ഐ.പി.എല്ലില്‍ ആദ്യ ബാറ്റ് ചെയ്ത ടീം ഇതുവരെ പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ ഈ രീതിയെ മറികടക്കാന്‍ സഞ്ജുവിനായി. ഇതോടെ ആദ്യം ബാറ്റ് ചെയ്ത് ഈ സീസണില്‍ വിജയം കരസ്ഥമാക്കുന്ന ആദ്യ ടീമായി സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മാറി.

ഐ.പി.എല്‍ 15ാം സീസണില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്ന ആദ്യ ക്യാപ്റ്റനും ഈ മത്സരത്തിലെ മിന്നും പ്രകടനത്തോടെ സഞ്ജു തന്റെ പേരിലാക്കി. 27 പന്തുകള്‍ നേരിട്ട് 56 റണ്‍സാണ് സഞ്ജു മത്സരത്തില്‍ നേടിയത്. മൂന്നു ഫോറും അഞ്ച് സിക്‌സറുകളും സഹിതമായിരുന്നു സഞ്ജുവിന്റെ മിന്നും പ്രകടനം.

ഓസീസ് താരം ഷെയ്‌ന് വാട്‌സന്റെ പേരിലുണ്ടായിരുന്ന ഒരു റെക്കോര്‍ഡും സണ്‍റൈസേഴ്‌സിനെതിരായ ഇന്നിങ്‌സിനിടെ സഞ്ജു മറികടന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് വാട്‌സനെ പിന്തള്ളി സഞ്ജു തന്റെ പേരിലാക്കുന്നത്.

ഐ.പി.എലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 100ാം മത്സരത്തിനായിരുന്നു സഞ്ജു കഴിഞ്ഞ ദിവസം ഇറങ്ങിയത്. അങ്ങനെ ചൊവ്വാഴ്ചത്തെ ഒറ്റ മത്സരം കൊണ്ട് നാല് റെക്കോര്‍ഡുകളാണ് സഞ്ജു സാംസണ്‍ തന്റെ പേരിലാക്കിയത്.

അതേസമയം, 41 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രവും വാലറ്റത്ത് തകര്‍ത്തടിച്ച വാഷിംഗ്ടണ്‍ സുന്ദറുമാണ്(40) ഹൈദരാബാദിന്റെ തോല്‍വി ഭാരം കുറച്ചത്.

ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതമെടുത്തു.

CONTENT HIGHLIGHTS: Sanju Samson holds four records in a single match against Hyderabad

We use cookies to give you the best possible experience. Learn more