| Wednesday, 20th September 2023, 5:04 pm

സഞ്ജുവിന് അവസരമില്ല, ഇത് നിരാശജനകം: പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരങ്ങൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പിന് മുമ്പായുള്ള ഓസ്ട്രേലിയൻ ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. സ്‌ക്വാഡിൽ സഞ്ജുവിന് അവസരം ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ.

ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ റോബിൻ ഉത്തപ്പയും ഓൾ റൗണ്ടർ ഇർഫാൻ പത്താനും ആണ് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നത്. ‘ഇപ്പോൾ ആരും സഞ്ജുവിനായി മുറവിളി കൂട്ടുന്നില്ല’ എന്നാണ് ഉത്തപ്പ ട്വീറ്റ് ചെയ്തത്.

‘സ്‌ക്വാഡിൽ ഉണ്ടായിരുന്നിട്ട് കൂടിയും സഞ്ജുവിന് ഒരു കളിയിലും അവസരം ലഭിക്കില്ല. അതുകൊണ്ട് സഞ്ജു സ്ക്വാഡിൽ ഇല്ലാത്തത് നിരാശാജനകമാണ്,’ ഉത്തപ്പ കൂട്ടിചേർത്തു.

ഉത്തപ്പക്ക് പിന്നാലെ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താനും ട്വീറ്റ് ചെയ്തു. ‘താനായിരുന്നു സഞ്ജുവിന്റെ സ്ഥാനത്ത്‌ എങ്കിൽ താനും വളരെയധികം നിരാശനായേനെ’, ഇർഫാൻ ട്വീറ്റ് ചെയ്തു.

ഇതിനിടെ സഞ്ജു ഇന്ത്യൻ ജേഴ്സിയിലുള്ള തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം എന്നായിരുന്നു ഫോട്ടോയിലുണ്ടായിരുന്ന ക്യാപ്ഷൻ.

ഏഷ്യാ കപ്പ്‌ സ്‌ക്വാഡിൽ ട്രാവലിങ് മെമ്പർ ആയി സഞ്ജു സാംസൺ ഉണ്ടായിരുന്നു. കെ. എൽ രാഹുൽ പരിക്ക് മാറി തിരിച്ചുവന്നതോടെ താരം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഏഷ്യാ കപ്പിന് ശേഷം ഉള്ള ഓസ്ട്രേലിയൻ പരമ്പരയിലുള്ള ടീമിലും താരത്തിന് അവസരം ഉണ്ടായില്ല.

വിരാട് കോഹ്‌ലി, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നീ താരങ്ങൾക്ക് ഇന്ത്യൻ ടീം വിശ്രമം അനുവദിച്ചിരുന്നു. ആർ. അശ്വിൻ നീണ്ട ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തി. ഈ മാറ്റങ്ങളെല്ലാം വന്നിട്ടും മലയാളി താരത്തിന് അവസരം ലഭിക്കാത്തതിനാലാണ് മുൻ താരങ്ങളിലും ആരാധകരും പ്രതികരിച്ചത്.

ഓസ്ട്രേലിയൻ പരമ്പരക്ക് ശേഷം ഇന്ത്യ സെപ്റ്റംബർ 30 ന് ഇംഗ്ലണ്ടുമായും ഒക്ടോബർ മൂന്നിന് ഹോളണ്ടിനെതിരെയും സന്നാഹമത്സരം കളിക്കും.

ലോകകപ്പിൽ ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight:Sanju has no chance in the team for the Australian series, ex-players have exploded on social media.

We use cookies to give you the best possible experience. Learn more