| Friday, 22nd December 2023, 7:47 pm

ഹൊ.. ഈ സഞ്ജുവിന്റെ ഒരു പവര്‍; ഇതിഹാസങ്ങള്‍ക്കൊപ്പം മൂന്നാമനായി മറ്റൊരു നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരത്തില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു.

സൗത്ത് ആഫ്രിക്കക്കെതിരെ ഡിസംബര്‍ 21ന് ബോളണ്ട് പാര്‍ക്കില്‍ നടന്ന മൂന്നാമത്തെ മത്സരത്തിലും വിജയം കണ്ടതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. അവസാന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ 50 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടീയാസ് 45.5 ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടായി സ്വന്തം തട്ടകത്തില്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ നിര്‍ണായകമായ പ്രകടനത്തിലാണ് ടീം ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് മികച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി മിന്നും സെഞ്ച്വറി നേടിയാണ് ടീമിന്റെ നെടും തൂണ്‍ ആയത്. സൗത്ത് ആഫ്രിക്കയിലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മറ്റൊരു റെക്കോഡ് നേട്ടം കൂടെ സഞ്ജു കൈക്കലാക്കിയിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കയിലെ ബോളണ്ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ ആതിഥേരുമായി ഏറ്റുമുട്ടിയതില്‍ ഇതുവരെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് സെഞ്ച്വറി നേടാന്‍ സാധിച്ചത്. ഇതിഹാസങ്ങള്‍ ആയ സച്ചിന്‍ ടെണ്ടുല്‍ക്കറിനും സൗരവ് ഗാംഗുലിക്കുമാണ് അവിടെ സെഞ്ചുറി നേടിയത്. എന്നാല്‍ ഡിസംബര്‍ 21ന് സഞ്ജു സാംസണ്‍ ഇരുവര്‍ക്കും ഇടയിലേക്ക് പുതിയ ചരിത്രവുമായി എത്തിയിരിക്കുകയാണ്. ബോളണ്ട് പാര്‍ക്കില്‍ സെഞ്ച്വറി നേടിയ ഇതിഹാസങ്ങളുടെ കൂടെ മൂന്നാം സ്ഥാനത്ത് എത്താന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.

114 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറുകളുമടക്കമാണ് സഞ്ജു 108 റണ്‍സ് നേടി ടീമിന്റെ പവര്‍ ഹൗസ് ആയത്. തന്റെ അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി ആണ് സഞ്ജു നിര്‍ണായക മത്സരത്തില്‍ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ വെറും 12 റണ്‍സിന് പുറത്തായ സഞ്ജുവിന് ലഭിച്ച നിര്‍ണായക അവസരത്തില്‍ തീപാറുന്ന പ്രകടനമാണ് കാഴ്ചവെക്കാന്‍ സാധിച്ചത്.

മധ്യ നിരയില്‍ തിലക് വര്‍മ 77 പന്തില്‍ ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 52 റണ്‍സ് നേടി മികച്ച കൂട്ടുകെട്ടാണ് സഞ്ജുവിന് നല്‍കിയത്. നിര്‍ണായകമായ മത്സരത്തില്‍ ഇരുവരുടേയും ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോറിങ് മിഷ്യന്‍ ഓണ്‍ ആക്കിയത്. തുടര്‍ന്ന് 43ാം ഓവറിന്റെ മൂന്നാം പന്തില്‍ ലിസാഡ് വില്ല്യംസ് എറിഞ്ഞ പന്തില്‍ കളിച്ച സഞ്ജു റീസാ ഹെന്‍ട്രിക്‌സിന് ക്യാച്ച് നല്‍കിയാണ് തന്റെ ഇന്നിങ്‌സ് അവസാനിച്ചത്.

Content Highlight: Sanju also got another achievement as the third along with the legends

We use cookies to give you the best possible experience. Learn more