| Thursday, 17th October 2024, 9:34 am

ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; പിന്‍ഗാമിയെ തെരഞ്ഞെടുത്ത് ഡി.വൈ ചന്ദ്രചൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. സഞ്ജീവ് ഖന്നയെ തന്റെ പിന്‍ഗാമിയായി അറിയിച്ചുകൊണ്ട് നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് തന്റെ പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമുണ്ട്. ഈ കീഴ്‌വഴക്ക പ്രകാരമാണ് ഖന്നയെ ഡി.വൈ.ചന്ദ്രചൂഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചാല്‍ ഇന്ത്യയുടെ അടുത്ത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കും.

നിലവില്‍ സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന അഭിഭാഷകനാണ് ഖന്ന. ഇപ്പോഴത്തെ സി.ജെയായ ഡി.വൈ ചന്ദ്രചൂഡിന്റെ കാലാവധി നവംബര്‍ 10ന് അവസാനിക്കും. തുടര്‍ന്ന് ചുമതലയേല്‍ക്കുന്ന സഞ്ജീവ് ഖന്ന 2025 മെയ് 13വരെ ചീഫ് ജസ്റ്റിസ് പദവി അലങ്കരിക്കും എന്നാണ് സൂചന.

ഏകദേശം രണ്ട് വര്‍ഷം മുമ്പ് 2022 നവംബര്‍ ഒമ്പതിനാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. നവംബറില്‍ 65 വയസ് പൂര്‍ത്തീകരിക്കുന്നതോടെയാണ് അദ്ദേഹം വിരമിക്കുന്നത്. മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസായ വൈ. വി ചന്ദ്രചൂഡിന്റെ മകനാണ് ഇദ്ദേഹം.

ആരാണ് സഞ്ജീവ് ഖന്ന

1983ല്‍ ദല്‍ഹി ബാര്‍ കൗണ്‍സില്‍ അഭിഭാഷകനായാണ് സഞ്ജീവ് ഖന്ന തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ദല്‍ഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രാക്ടീസ് ചെയ്തു. ഇന്‍കം ടാക്‌സ് സീനിയര്‍ സ്റ്റാന്‍ഡിങ്‌ കൗണ്‍സല്‍, ദല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി സ്റ്റാന്‍ഡിങ്‌ കൗണ്‍സല്‍ (സിവില്‍) എന്നിവയായും പ്രവര്‍ത്തിച്ചു.

പിന്നീട് ദല്‍ഹി ഹൈക്കോടതിയിലെ ക്രിമിനല്‍ കേസുകളില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, അമിക്കസ് ക്യൂറി എന്നീ പദവികളും വഹിച്ചു. 2005ല്‍ ദല്‍ഹി ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റു. 2006ല്‍ സ്ഥിരം ജഡ്ജിയായി.

2019 ജനുവരി 18ന് ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പുതന്നെ അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റു. വിവാദമായ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് അനുമതി നല്‍കിയ ബെഞ്ചിലെ അംഗമായിരുന്നു ഇദ്ദേഹം.

കൂടാതെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശെരിവെച്ചതും ഇദ്ദേഹം അംഗമായ ബെഞ്ചാണ്. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ ഭരണഘടനാ ബെഞ്ചുകളുടെ ഭാഗവുമായിരുന്നു. നിലവില്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാണ് ഇദ്ദേഹം.

Content Highlight: Sanjiv Khanna will become next Supreme Court Chief Justice

We use cookies to give you the best possible experience. Learn more