ഐ.പി.എല്ലിലെ വലിയ സര്‍പ്രൈസ് ആയി കാണികള്‍ പ്രതീക്ഷിച്ചിരുന്ന എന്‍ട്രിയായിരുന്നു റിഷബ് പന്തിന്റേത്. പല ടീമുകളും റിഷബിനു വേണ്ടി വമ്പന്‍ തുക ലേലത്തിന് മുമ്പ് തന്നെ മാറ്റിവച്ചിരുന്നു. എന്നാല്‍ ലേലം വിളിയുടെ അവസാനം ത്രില്ലിങ് ക്ലൈമാക്‌സോടെയാണ് ദല്‍ഹിയുടെ കപ്പിത്താനെ ലഖ്നൗവിന്റെ തട്ടകത്തിലേക്കെത്തിച്ചത്. അതും ഐ.പി.എല്ലിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക്.
നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്‍ 2025 മെഗാ ലേലത്തിന്റെ ആദ്യ ദിനത്തില്‍ 27 കോടി രൂപ നല്‍കിയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍.എസ്.ജി) ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനാക്കി മാറ്റിയത്.
തുടക്കത്തില്‍, ലഖ്നൗ സൂപ്പര്‍ ജയന്റ്സും (എല്‍.എസ്.ജി) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍.സി.ബി) എന്നിവര്‍ തമ്മില്‍ കടുത്ത പോരാട്ടം അരങ്ങേറി. എന്നാല്‍ ലഖ്നൗവിന്റെ പിടിവാശിയില്‍ ആര്‍.സി.ബിയ്ക്ക് ഒടുവില്‍ പിന്‍മാറേണ്ടി വന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദും അവരുടെ ബാറ്റിങ് നിരയെ ശക്തിപ്പെടുത്താനായി ലേലത്തില്‍ ചേര്‍ന്നെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു.
പന്തിനെ തട്ടകത്തിലെത്തിച്ചതിനുശേഷം ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലഖ്‌നൗ ഫ്രാഞ്ചസി ഉടമ സഞ്ജീവ് ഗോയങ്കെ. ഞങ്ങള്‍ ക്യാപ്റ്റനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ടീം മാനേജ്മെന്റിന്റെ ആദ്യ പ്രതികരണം.
‘എനിക്ക് ഒരു കാര്യം പറയാന്‍ കഴിയും, പന്ത്, പൂരന്‍, മില്ലര്‍ എന്നിവരടങ്ങുന്ന ശക്തരായ കളിക്കാരുള്ളതിനാല്‍ ഞങ്ങള്‍ക്ക് ഒരു മികച്ച ടീം ഉണ്ടാക്കാന്‍ സാധിക്കും. ലേലത്തില്‍ പോകുമ്പോള്‍ ഞങ്ങളുടെ ആദ്യ ലക്ഷ്യം പന്തായിരുന്നു. പന്തിനെ ചുറ്റിപ്പറ്റി ഞങ്ങള്‍ ഞങ്ങളുടെ ലേല തന്ത്രം മുന്നേ ആസൂത്രണം ചെയ്തിരുന്നു,’ സഞ്ജീവ് ഗോയങ്കെ പറഞ്ഞു.
റിഷബ് പന്തിനു വേണ്ടി നേരത്തെ തന്നെ ലേലത്തിനായി വലിയ തുക ടീം മാറ്റിവച്ചിരുന്നു. ഓരോ ഗെയിമിലും റിഷബ് നടത്തുന്ന പ്ലാനിങ്ങും സ്ട്രാറ്റജിയും പലപ്പോഴായും ക്രിക്കറ്റ് ലോകം കണ്ടതാണ്.
ലഖ്നൗവിലെത്തിയ പന്തിനെ ഇനി നായകനായി പ്രഖ്യപിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ അതിനുള്ള സൂചനയൊന്നും നിലവില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ലേലത്തിന്റെ രണ്ടാം ദിനമായ ഇന്ന് ലഖ്‌നൗ ടീമിന്റെ താരങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ കൂടി കഴിഞ്ഞാല്‍ നായകന്‍ ആരാകുമെന്ന കാര്യത്തില്‍ വ്യക്തമായ ചിത്രം ലഭിക്കും.
പന്തിന് പുറമെ പല ഗംഭീര പിക്കുകളും ആദ്യ ദിവസം ലഖ്‌നൗ നടത്തിയിരുന്നു. വമ്പനടി വീരന്‍മാരായ ഡേവിഡ് മില്ലറിനെയും ഏയ്ഡന്‍ മര്‍ക്രമിനെയും സ്വന്തമാക്കിയ എല്‍.എസ്.ജി ആവേശ് ഖാനെ തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു.