| Friday, 13th December 2024, 1:00 pm

അക്കാര്യത്തെ കുറിച്ച് ധോണി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, പറയുകയുമില്ല; 7 വര്‍ഷം പഴക്കമുള്ള ഐ.പി.എല്‍ വിവാദത്തെ കുറിച്ച് ലഖ്‌നൗ ഉടമ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരിക്കലും മാറ്റിവെക്കാന്‍ സാധിക്കാത്ത പേരാണ് ഇതിഹാസ താരം എം.എസ്. ധോണിയുടേത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അഞ്ച് തവണ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട ധോണി ടൂര്‍ണമെന്റിന്റെ ആദ്യ സീസണായ 2008 മുതല്‍ പുതിയ സീസണായ 2025 വരെ കളിക്കുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ്.

രണ്ട് സീസണിലൊഴികെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. മാച്ച് ഫിക്‌സിങ് വിവാദവുമായ ബന്ധപ്പെട്ട് സൂപ്പര്‍ കിങ്‌സിന് വിലക്ക് ലഭിച്ച രണ്ട് വര്‍ഷമൊഴികെ ചെപ്പോക് അദ്ദേഹത്തിന്റെ സെക്കന്‍ഡ് ഹോം തന്നെയായിരുന്നു. ഈ രണ്ട് വര്‍ഷക്കാലം ധോണി റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുറമെ രാജസ്ഥാന്‍ റോയല്‍സിനും വിലക്ക് നേരിടേണ്ടി വന്ന സീസണുകളില്‍ പുതുതായി അവതരിപ്പിച്ച രണ്ട് ടീമുകളില്‍ ഒന്നായിരുന്നു റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്. ഗുജറാത്ത് ലയണ്‍സായിരുന്നു രണ്ടാം ടീം.

ആദ്യ സീസണായ 2016ല്‍ ധോണിയായിരുന്നു ആര്‍.പി.എസ്.ജിയുടെ നായകന്‍. ആ സീസണില്‍ ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. തൊട്ടടുത്ത സീസണില്‍, അതായത് 2017ല്‍ ടീം ഫൈനലിലെത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സിനോട് ഒറ്റ റണ്‍സിന് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുത്തി.

എന്നാല്‍ ആ സീസണിന്റെ തുടക്കത്തില്‍ തന്നെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ധോണിയെ മാറ്റി പകരം ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ നായകനാക്കിയാണ് പൂനെ കളത്തിലിറങ്ങിയത്.

ഇപ്പോള്‍ ക്യാപ്റ്റനെ മാറ്റാനുണ്ടായ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമയും അന്നത്തെ ആര്‍.പി.എസ്.ജി ഉടമയുമായ സഞ്ജീവ് ഗോയങ്കേ. രണ്‍വീര്‍ അലഹബാദിയയുടെ പോഡ്കാസ്റ്റിലാണ് ധോണിയുമായുള്ള ബന്ധത്തെ കുറിച്ചും ഈ വിവാദത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചത്.

‘ഒരുപാട് കാലം മുമ്പാണ്. സംഭവിച്ചതെന്താണോ അത് വളരെ കൃത്യമായ സംസാരത്തിലൂടെ തന്നെ സംഭവിച്ചതാണ്. ഞാന്‍ ഇന്നും ധോണിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. ആ തീരുമാനം ശരിയോ തെറ്റോ ആയിരിക്കാം, എന്നത് കാലം തെളിയിക്കും. പക്ഷേ ആ തീരുമാനം യുക്തിപരമായിരുന്നോ എന്നതാണ് പ്രധാനം.

എന്തുകൊണ്ട് ഞാന്‍ ആ തീരുമാനത്തിലെത്തി? അവിടെയാണ് കാഴ്ചപ്പാടുകള്‍ വരുന്നത്. ഞാന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇന്നും ആവര്‍ത്തിക്കുകയാണ്, ‘ മഹിയോടൊപ്പമുള്ള ഓരോ കൂടിക്കാഴ്ചകളും ഞാന്‍ പുതുതായി എന്തെങ്കിലും പഠിച്ചാണ് അവസാനിപ്പിച്ചിട്ടുള്ളത്’.

അടുത്തിടെ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം എന്റെ മകന്‍ ശാശ്വതിനോട് അവന്റെ ബിസിനസില്‍ ക്രിക്കറ്റ് എങ്ങനെയെല്ലാം സഹായകരമാകുമെന്ന് പറയുകയായിരുന്നു. ഈ സ്‌നേഹം, ഈ അനുഭൂതി, ഈ സ്പിരിറ്റ് എല്ലാം എന്നെ സംബന്ധിച്ച് വളരെ വലുതാണ്. എന്നാല്‍ ഒരു പരിധിക്കപ്പുറം സ്വാധീനിക്കാന്‍ നിങ്ങളതിനെ അനുവദിക്കുന്നില്ല. അത് സ്വാധീനം ചെലുത്തുന്നില്ല എന്ന് പറഞ്ഞാല്‍ അത് തീര്‍ച്ചയായും തെറ്റായിരിക്കും.

ഞാന്‍ ഏറെ ആത്മവിശ്വാസമുള്ള ആളാണ്. എന്റെ തീരുമാനങ്ങള്‍ ആത്മാര്‍ത്ഥമായിരുന്നോ അല്ലയോ എന്നതില്‍ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. ആത്മാര്‍ത്ഥത നിങ്ങള്‍ക്ക് അത്തരത്തിലുള്ള ആത്മവിശ്വാസം നല്‍കുന്നു. ആര് എന്തുതന്നെ പറഞ്ഞാലും സത്യം ഒരുനാള്‍ പുറത്തുവരിക തന്നെ ചെയ്യും.

ആരാണ് ഇത് ചെയ്തത് എന്നതിനെ കുറിച്ച് എനിക്ക് ഉറപ്പില്ല. പക്ഷേ എം.എസ്. ഇതുവരെ അതിനെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചിട്ടില്ല, സംസാരിക്കുകയുമില്ല. ഇതൊരു പ്രൈവറ്റ് റിലേഷന്‍ഷിപ്പാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയമായിരുന്നു അത്, അവര്‍ ഒരു നിഗമനത്തിലെത്തുകയും ചെയ്തു. ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും ഊഷ്മളമായ ബന്ധം തുടരുന്നു എന്നതാണ് പ്രധാനം,’ ഗോയങ്ക പറഞ്ഞു.

Content Highlight:  Sanjiv Goenke about MS Dhoni

We use cookies to give you the best possible experience. Learn more