| Monday, 2nd December 2024, 12:30 pm

27 കോടിക്ക് വാങ്ങിയ പന്തല്ലേ ക്യാപ്റ്റന്‍? അതോ ആ സൂപ്പര്‍ താരമോ? എല്ലാം തീരുമാനിച്ചുകഴിഞ്ഞെന്ന് ലഖ്‌നൗ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് റിഷബ് പന്തിനെ ടീമിലെത്തിച്ചത്. 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ പന്തിനെ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലെത്തിച്ചത്.

കെ.എല്‍. രാഹുലുമായി ടീം ഉടമ സഞ്ജീവ് ഗോയങ്കേയുടെ വാക്കുതര്‍ക്കത്തിന് പിന്നാലെ പുതിയ സീസണിന് മുന്നോടിയായി താരം ടീം വിടുകയും ചെയ്തതോടെ ക്യാപ്റ്റനെ കൂടിയായിരുന്നു ആരാധകര്‍ ലേലത്തില്‍ കാത്തിരുന്നത്. മുന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകനെ സ്വന്തമാക്കിയതോടെ പന്ത് തന്നെ ടീമിന്റെ ക്യാപ്റ്റനെന്ന് ആരാധകരും വിശ്വസിച്ചു.

ഇപ്പോള്‍ ടീമിന്റെ ക്യാപ്റ്റനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജീവ് ഗോയങ്കേ. എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഗോയങ്കേ ഇക്കാര്യം പറഞ്ഞത്.

‘ആളുകള്‍ വളരെ പെട്ടെന്ന് തന്നെ സര്‍പ്രൈസാകുന്നു. എന്നെ സംബന്ധിച്ച് ഞാന്‍ ഒരു തരത്തിലുമുള്ള സര്‍പ്രൈസുകള്‍ നല്‍കുന്ന ആളല്ല. ഇക്കാര്യം തീരുമാനിക്കപ്പെട്ടിട്ടുണ്ട്, വരും ദിവസങ്ങളില്‍ അറിയിക്കാം,’ ക്യാപ്റ്റനെ കുറിച്ചുള്ള ചോദ്യത്തിന് ഗോയങ്കെ പറഞ്ഞു.

റിഷബ് പന്ത് തന്നെ ക്യാപ്റ്റനാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ പന്തിനേക്കാള്‍ ക്യാപ്റ്റന്‍സിയില്‍ എക്‌സ്പീരിയന്‍സുള്ള നിക്കോളാസ് പൂരന്‍ ടീമിനൊപ്പമുണ്ട് എന്നതും ആരാധകര്‍ മറക്കുന്നില്ല.

റിഷബ് പന്തിനെ 27 കോടി നല്‍കിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

‘അവര്‍ (ദല്‍ഹി ക്യാപ്പിറ്റല്‍സ്) ശ്രേയസിനായി (ശ്രേയസ് അയ്യര്‍) 26.5 കോടി വരെ ബിഡ് ചെയ്തിരുന്നു. അതായത് അവരുടെ നമ്പര്‍ വണ്‍ താരത്തിനായി അവരുടെ കയ്യില്‍ അത്രത്തോളം ബജറ്റ് ഉണ്ടായിരുന്നു. പാര്‍ത്ഥിന് (പാര്‍ത്ഥ് ജിന്‍ഡാല്‍) റിഷബ് പന്തിനോട് അത്രത്തോളം ഇഷ്ടമുണ്ട് എന്നതിനാല്‍ ശ്രേയസിന് വേണ്ടി ചെലവാക്കിയതിനേക്കാള്‍ അല്‍പ്പം കൂടി ഉയര്‍ന്ന തുക അവര്‍ പന്തിനായി ചെലവഴിക്കുമെന്ന് എനിക്ക് തോന്നി. ഇതുകൊണ്ടാണ് അതിനേക്കാള്‍ ഉയര്‍ന്ന തുക ഞങ്ങള്‍ പറഞ്ഞത്,’ ഗോയങ്കേ കൂട്ടിച്ചേര്‍ത്തു.

മെഗാ താര ലേലത്തില്‍ ആദ്യ സെറ്റിലെ അവസാന പേരുകാരനായാണ് റിഷബ് പന്ത് എത്തിയത്. ലേലനടപടികള്‍ നിയന്ത്രിച്ചിരുന്ന മല്ലിക സാഗര്‍ പന്തിന്റെ പേര് പ്രഖ്യാപിച്ചതുമുതല്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരും പഞ്ചാബ് ആരാധകരുമാണ് പന്തിനായി പ്രധാനമായും ആര്‍പ്പുവിളിച്ചത്.

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന പന്തിനായി മിക്ക ടീമുകളും ഒരുപോലെ മത്സരിച്ചു. ആര്‍.സി.ബിയും ലഖ്നൗവും ഹൈദരാബാദും ഒരുപോലെ മത്സരിച്ചെങ്കിലും അവസാനം ഹൈദരാബാദും ലഖ്നൗവും മാത്രമായി.

ലഖ്നൗവിന്റെ 20.75 കോടിക്ക് ഉത്തരമില്ലാതെ ഹൈദരാബാദും പിന്‍മാറിയപ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ‘ബാറ്റില്‍ സ്ട്രാറ്റജിസ്റ്റ്’ കിരണ്‍ ഗാന്ധി ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിക്കുകയായിരുന്നു. ഇതോടെ പുതിയ തുക പ്രഖ്യാപിക്കാന്‍ ലഖ്നൗ നിര്‍ബന്ധിതരാവുകയും 27 കോടിയെന്ന റെക്കോഡ് ഫിഗര്‍ പ്രഖ്യാപിക്കുകയായിരുന്നു.

Content highlight: Sanjiv Goenka about Rishabh Pant becoming Lucknow Super Giants’ captain

We use cookies to give you the best possible experience. Learn more