അഹമ്മദാബാദ്: പുത്തന്‍ പ്രതീക്ഷയും കരുത്തുമായി തങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ. ഭട്ടിനെ അറസ്റ്റു ചെയ്ത പൊലീസുകാരോട് തനിക്ക് ദേഷ്യമല്ല, സഹതാപമാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.
22 വര്‍ഷം മുമ്പത്തെ കേസില്‍ 2018 സെപ്റ്റംബര്‍ അഞ്ചിനാണ് ഭട്ടിനെ അറസ്റ്റു ചെയ്യുന്നത്. വാതില്‍ക്കല്‍ പൊലീസുകാരുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവരെ വിളിച്ച് അകത്തിരുത്തി ചായവേണോയെന്ന് ചോദിക്കെന്നാണ് അദ്ദേഹം ഹെല്‍പ്പറോട് പറഞ്ഞത്.
എന്നാല്‍ രണ്ടു പൊലീസുകാരുടെ നേതൃത്വത്തില്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും പരതുകയുമായിരുന്നു. ചിലര്‍ ബെഡ്‌റൂമില്‍ കയറാനും ശ്രമിച്ചിരുന്നു. എന്നാല്‍ മകന്‍ തടയുകയായിരുന്നെന്നും അവര്‍ പറയുന്നു.
Also Read:പെട്രോള്‍ വില 90 ലേക്ക്; ബി.ജെ.പിയുടെ അച്ഛാ ദിന്‍ എന്ന് ശിവസേന
“എനിക്ക് അവരോട് ദേഷ്യം തോന്നേണ്ടതാണ്. പക്ഷേ എനിക്ക് സഹതാപം മാത്രമാണ് തോന്നുന്നത്. കാരണം മനസില്ലാ മനസോടെയാണ് അവരിതു ചെയ്യുന്നതെന്ന് എനിക്കറിയാം. രാജ്യത്തെയും ജനങ്ങളേയും സേവിക്കുന്നതിലുള്ള അഭിമാനത്തേക്കാള്‍ വലുതാണ് എന്തും ചെയ്യാന്‍ മടിയില്ലാത്ത അവരുടെ ബോസുമാരെ സന്തോഷിപ്പിച്ചാലുള്ള നേട്ടവും ജോലി നഷ്ടപ്പെടുമെന്ന ഭയവും” അവര്‍ പറയുന്നു.
കാക്കിക്ക് അതിന്റെ ഐഡന്റിറ്റി നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ നിറം പതുക്കെ മങ്ങുകയാണെന്നും അവര്‍ പറഞ്ഞു.
” ഇന്ന് രാത്രിയേക്ക് എന്റെ ഭര്‍ത്താവ് അഞ്ചാം ദിവസമാണ് ജയിലില്‍ കഴിയുന്നത്. നിങ്ങളുടെ സ്‌നേഹത്താലും പിന്തുണയോടെയും ഞങ്ങള്‍ പോരാട്ടം തുടരും, പുത്തന്‍ പ്രതീക്ഷകളും കരുത്തുമായി” ശ്വേത പറയുന്നു.
ഒരു അഭിഭാഷകനെതിരെ വ്യാജകേസ് സൃഷ്ടിച്ചുവെന്ന 1996ലെ ആരോപണത്തിലാണ് സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റു ചെയ്തത്. സഞ്ജീവിനെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷ വ്യാഴാഴ്ച കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ സഞ്ജീവ് ഭട്ടിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.