അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെതിരായ നടപടി പകതീര്‍ക്കലെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. പൊലീസിനെയും ജുഡീഷ്യറിയേയും കൂട്ടുപിടിച്ച് അദ്ദേഹത്തോട് പകതീര്‍ക്കുകയാണെന്നാണ് ശ്വേത ഭട്ട് സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നത്.
“പൊലീസിനെയും ജുഡീഷ്യറിയേയും വ്യക്തിവിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന, മാധ്യമപ്രവര്‍ത്തകര്‍ ജോലിപരമായ സത്യസന്ധതയേക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ കാലത്ത് സത്യവും നീതിയും പുലരുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ” എന്നാണ് ശ്വേത പറയുന്നത്.
സഞ്ജീവ് ഭട്ടിനെ ജയിലില്‍ നിന്ന് ഇറക്കാന്‍ എല്ലാവരുടേയും പിന്തുണ ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു.
“ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ കനത്ത പോരാട്ടമാണിത്. ഇപ്പോഴാണ് നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും എന്നെത്തേക്കാളും ആവശ്യമുള്ളത്. നിങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെങ്കില്‍ മാത്രമേ നമുക്ക് സഞ്ജീവിനെ തിരിച്ചു വീട്ടിലെത്തിക്കാനാവൂ.” അവര്‍ പറയുന്നു.
Must Read:ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം
സഞ്ജീവ് ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ മഹാത്മാഗാന്ധിയുടെ പ്രശസ്തമായ വചനം ഉദ്ധരിക്കുമായിരുന്നെന്ന് പറഞ്ഞുകൊണ്ട് ശ്വേത കുറിച്ചു- ” നിരാശതോന്നുമ്പോള്‍ ഞാന്‍ ആ ചരിത്രത്തിലൂടെ ഏതു രീതിയിലാണ് സത്യവും സ്‌നേഹവും എല്ലായ്‌പ്പോഴും വിജയം നേടിയതെന്ന് ചിന്തിക്കും. സ്വച്ഛാധിപതികളും കൊലയാളികളും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഒരുസമയത്ത് അവര്‍ അജയ്യരാണെന്ന് തോന്നും. പക്ഷേ അവസാനം അവര്‍ തകരുക തന്നെ ചെയ്യും.”
സഞ്ജീവ് ഭട്ടിന്റെ സത്യസന്ധതയിലും ആത്മാര്‍ത്ഥയിലും വിശ്വസിച്ച് അദ്ദേഹത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും ശ്വേത നന്ദി അറിയിക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്കു മുമ്പാണ് ഒരു അഭിഭാഷകനെതിരെ വ്യാജകേസ് സൃഷ്ടിച്ചുവെന്ന 1996ലെ ആരോപണത്തില്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റു ചെയ്തത്. സഞ്ജീവിനെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷ വ്യാഴാഴ്ച കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ സഞ്ജീവ് ഭട്ടിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.