'ആ 30 കുട്ടികള്‍ക്കുപകരം മരിച്ചത് ഒരു മുസ്‌ലിം കച്ചവടക്കാരന്റെ പത്തുപശുക്കളായിരുന്നെങ്കിലോ?' സംഭവിക്കുക ഇതാണ്: രൂക്ഷവിമര്‍ശനവുമായി സഞ്ജീവ് ഭട്ട്
India
'ആ 30 കുട്ടികള്‍ക്കുപകരം മരിച്ചത് ഒരു മുസ്‌ലിം കച്ചവടക്കാരന്റെ പത്തുപശുക്കളായിരുന്നെങ്കിലോ?' സംഭവിക്കുക ഇതാണ്: രൂക്ഷവിമര്‍ശനവുമായി സഞ്ജീവ് ഭട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th August 2017, 2:02 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 30 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മോദി സര്‍ക്കാറിന്റെയും യോഗി സര്‍ക്കാറിന്റെയും സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളുടെയും നിസ്സംഗതയെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച് ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

ഗോരഖ്പൂരില്‍ കുട്ടികള്‍ക്കു പകരം പത്തുപശുക്കളാണ് മരിച്ചതെങ്കില്‍ എന്തു സംഭവിക്കും എന്ന കാര്യം സങ്കല്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മരിച്ചത് പശുക്കളാണെങ്കില്‍ ഒരു ട്വീറ്റോടുകൂടിയാവും ലോകം ഉണര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. എന്തിനും ഏതിനും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരം വിഷയങ്ങളില്‍ പാലിക്കുന്ന മൗനത്തെ പരിഹസിച്ചാണ് സഞ്ജീവ് ഭട്ടിന്റെ ഈ പരാമര്‍ശം.


Don”t Miss: ഗോരഖ്പൂരില്‍ ദുരന്തമുഖത്ത് പതറാതെ ഒരു ഡോക്ടര്‍: ഓക്‌സിജന്‍ കുറവാണെന്നറിഞ്ഞപ്പോള്‍ ഡോ കഫീല്‍ ഖാന്‍ ചെയ്തത്


കേന്ദ്രമന്ത്രിമാരാരും തന്നെ സ്ഥലം സന്ദര്‍ശിക്കാനോ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവാത്തതിനെയും സഞ്ജീവ് ഭട്ട് വിമര്‍ശിക്കുന്നു. പശുവിന്റെയും മറ്റും വിഷയം വരുമ്പോള്‍ ആഞ്ഞടിക്കാറുള്ള അര്‍ണബ് ഗോസ്വാമിയെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ മൗനം പാലിച്ചതിനെയും അദ്ദേഹം തുറന്നുകാട്ടുന്നുണ്ട്.

സഞ്ജീവ് ഭട്ടിന്റെ പോസ്റ്റ്:
ഗോരഖ് പൂരിലെ ആശുപത്രിയിലെ 30 കുട്ടികള്‍ക്കു പകരം ഒരു മുസ്‌ലിം കാലി കച്ചവടക്കാരന്റെ 10 പശുക്കളാണ് മരിച്ചതെങ്കിലോ.. ഒന്ന് ആലോചിച്ചു നോക്കിയേ..

ഒരു ട്വീറ്റ് കണ്ടായിരുന്നു ലോകം തന്നെ ഉണരുക.

അരുണ്‍ ജെയ്റ്റ്‌ലിയോ അതുപോലുള്ള ഏതെങ്കിലും പ്രകോപിപ്പിക്കുന്നയാള്‍ ഗോരഖ്പൂര്‍ സന്ദര്‍ശിക്കും. ആളുകളെ പ്രചോദിപ്പിക്കുകയും പിന്നീട് സമാധാനം പാലിച്ചതിന് അവരെ പ്രകീര്‍ത്തിക്കുകയും ചെയ്യും.

“കാഡി നിന്ദ” മന്ത്രി പ്രസ്താവനയിറക്കും. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയുണ്ടെന്ന്.

ഗോരഖ്പൂരിലെ “കുരങ്ങു മനുഷ്യന്‍” മുസ്‌ലീങ്ങളെ കൊല്ലാനും അംഗഭംഗം വരുത്താനും കൊലയാളി കൂട്ടങ്ങളെ പറഞ്ഞുവിടും.

വളര്‍ത്തുനായയായ അവതാരകന്‍ കേസ് സ്റ്റുഡിയോയിലെ കോടതിമുറിയില്‍ വിചാരണ ചെയ്യും.

വിവേകബുദ്ധിയോടെ ആരെങ്കിലും സംസാരിച്ചാല്‍ ഉടന്‍ പാകിസ്ഥാനിലേക്ക് പാക്കു ചെയ്തുവിടും.
അല്പബുദ്ധിയായ സോംഷിത് പാത്ര സ്റ്റുഡിയോകള്‍ തോറും കയറിയിറങ്ങി തനിക്കുപോലും അര്‍ത്ഥമെന്തെന്ന് അറിയാത്ത സംസ്‌കൃത ശ്ലോകങ്ങളും ചൊല്ലി നടക്കും.

ഭക്തരെല്ലാം സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കുന്നതിന്റെ തിരക്കിലായിരിക്കും.

ഈ സംഘര്‍ഷത്തിനിടെ എങ്ങനെ ക്രമസമാധാനം പാലിക്കാനാണെന്ന് പറഞ്ഞ് പൊലീസ് കൈയ്യും കെട്ടി നോക്കി നില്‍ക്കും.