സഞ്ജീവ് ഭട്ടിനെ ആര്‍ക്കാണ് പേടി? ഗുജറാത്ത് വംശഹത്യയ്ക്കുശേഷമുള്ള ആ തുറന്നുപറച്ചിലുകള്‍ ഭയപ്പെടുത്തുന്നതാരെ?
Gujarat riots
സഞ്ജീവ് ഭട്ടിനെ ആര്‍ക്കാണ് പേടി? ഗുജറാത്ത് വംശഹത്യയ്ക്കുശേഷമുള്ള ആ തുറന്നുപറച്ചിലുകള്‍ ഭയപ്പെടുത്തുന്നതാരെ?
ദര്‍ശന്‍ ദേശായി
Tuesday, 11th September 2018, 12:56 pm

പ്രത്യേക അന്വേഷണം നടത്തി കണ്ടെത്തേണ്ട കാര്യമില്ലാത്ത ചില കഥകള്‍ ഗുജറാത്തിലുണ്ട്. വസ്തുതകളെല്ലാം പെട്ടെന്ന് പരിശോധിച്ചാല്‍ തന്നെ നമുക്ക് കാര്യം പിടികിട്ടും.

അതുകൊണ്ടുതന്നെ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെതിരെ ഗുജറാത്ത് പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പെട്ടെന്നൊരു ദിവസവും മുന്നോട്ടുവന്ന് 1996ലെ കേസില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുമ്പോള്‍ അത് അദ്ദേഹത്തെ അധികം അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. 22 വര്‍ഷം മുമ്പ് ഒരു അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന കുറ്റമാണ് ഇത്തവണ സഞ്ജീവ് ഭട്ടിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഇതിലും ബലമില്ലാത്ത കേസിന്റെ പേരിലായിരുന്നു നേരത്തെ 27 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം അദ്ദേഹത്തിന് വിലയായി നല്‍കേണ്ടി വന്നത്.

2015ലാണ് ജോലിയില്‍ നിന്നും പുറത്താക്കിയ കാര്യം അറിയിച്ചുകൊണ്ട് സഞ്ജീവ് ഭട്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മെമ്മോ ലഭിക്കുന്നത്. എന്താണ് അദ്ദേഹം ചെയ്ത കുറ്റം? “മുന്‍കൂട്ടി പറയാതെ ഡ്യൂട്ടിയില്‍ നിന്നും അവധിയെടുത്തു” എന്നത്. ഇതില്‍ സഞ്ജീവ് ഭട്ടിന് പറയാനുള്ളതുപോലും കേള്‍ക്കാതെ ഒരു ഡിപ്പാര്‍ട്ട്‌മെന്റല്‍ അന്വേഷണം നടത്തി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പെന്‍ഷനും മറ്റ് സര്‍വ്വീസ് ആനുകൂല്യങ്ങളും നിഷേധിക്കുകയും ചെയ്തു.

സഞ്ജീവ് ഭട്ടിന്റെ ഡ്യൂട്ടിയില്‍ നിന്നും “അകാരണമായി” അവധിയെടുക്കല്‍

അനുമതിയില്ലാതെ ഡ്യൂട്ടിയില്‍ നിന്നും അവധിയെടുത്തുവെന്ന് പറയുന്ന സമയത്ത് യഥാര്‍ത്ഥത്തില്‍ അദ്ദേഹം എന്തു ചെയ്യുകയായിരുന്നു? ഗുജറാത്ത് സര്‍ക്കാര്‍ തന്നെ നിയമിച്ച ജസ്റ്റിസ് നാനാവതി കമ്മീഷനു മുമ്പില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു അദ്ദേഹം. എന്തായിരുന്നു ജസ്റ്റിസ് നാനാവതി കമ്മീഷന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്? അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ ആരോപണം ഉയര്‍ന്ന 2002ലെ ഗോധ്ര, ഗോധ്രാനന്തര വംശഹത്യയെക്കുറിച്ചായിരുന്നു അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്.

സഞ്ജീവ് ഭട്ട് അവര്‍ക്കൊപ്പമായിരുന്നു. നാനാവതി കമ്മീഷനും ദേശീയ ന്യൂനപക്ഷ കമ്മീഷനും സുപ്രീം കോടതിക്കും മുമ്പാകെ അദ്ദേഹം എടുത്ത നിലപാടുകളും സത്യാവാങ്മൂലവും 2002ലെ വംശഹത്യ സമയത്ത് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ബോധപൂര്‍വ്വമായ ഉദാസീനതയുണ്ടായിട്ടുണ്ടെന്നതായിരുന്നു.

Also Read:പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദിവത്കരണം ആരംഭിച്ചു ; നാല് റീട്ടെയില്‍ മേഖലകളില്‍ ഇന്നുമുതല്‍ പരിശോധന

2002ലെ വംശഹത്യ സമയത്ത് സഞ്ജീവ് ഭട്ട് ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയില്‍ ആഭ്യന്തര സുരക്ഷയുടെ ചാര്‍ജുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു. 2002 ഫെബ്രുവരി 27ലെ ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിന് പ്രതിക്രിയയെന്ന രീതിയിലുള്ള അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അദ്ദേഹം. അത് സംഭവിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ 1000ത്തോളം പേര്‍, ഭൂരിപക്ഷവും മുസ്‌ലീങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇന്റലിജന്‍സ് സൂചനകളുണ്ടായിട്ടും ഇത്രയും വലിയ അക്രമ സംഭവം തടയാത്ത ഗുജറാത്ത് സര്‍ക്കാറിനെതിരെ അഖിലേന്ത്യാ തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അധികം വൈകാതെ തന്നെ സഞ്ജീവ് ഭട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും അത് വിവാദമാകുകയും ചെയ്തു. 2002 ഫെബ്രുവരി 27ന് രാത്രി മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ഗാന്ധിനഗറിലെ ഔദ്യോഗിക വസതിയില്‍ ഒരു ഉന്നതതല യോഗം നടക്കുകയും ഗോധ്ര സംഭവത്തിന് പ്രതികാരം തീര്‍ക്കാന്‍ 72 മണിക്കൂറേക്ക് ജനങ്ങളെ അനുവദിക്കണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ അവകാശവാദം.

ഭട്ടിന്റെ ശക്തമായ തുറന്നുപറച്ചിലുകള്‍:

കലാപസമയത്തെ ഗുജറാത്ത് സര്‍ക്കാറിന്റെ ഉദാസീനതയ്ക്ക് തെളിവായി ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും വിവിധ കമ്മീഷനനുകൡും കോടതികളിലും അദ്ദേഹം സമര്‍പ്പിച്ചിരുന്നു. 2002 ഫെബ്രുവരി 28ലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 38 പേരിലൊരാളായ മുന്‍ എം.പി എസ്ഹാന്‍ ജാഫരിയുടെ ഭാര്യ സാക്കിയ ജാഫരി 2006ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രധാന സാക്ഷിയായി ഭട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു.

ഈ പരാതി എഫ്.ഐ.ആര്‍ ആയി കൈകാര്യം ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് പൊലീസ് നടപടിയെ 2008ല്‍ അവര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. സാക്കിയാ ജാഫരിയുടെ പരാതി അന്വേഷിക്കുന്ന എസ്.ഐ.ടിക്കു മുമ്പില്‍ അദ്ദേഹം സാക്ഷി പറഞ്ഞിരുന്നു. കൂടാതെ നരേന്ദ്രമോദിയുള്‍പ്പെടെ അധികാര സ്ഥാനത്തിരിക്കുന്നവര്‍ എസ്.ഐ.ടിയെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നതായി ആരോപിച്ച് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ തള്ളുകയും നരേന്ദ്രമോദിക്കും മറ്റ് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് കേസ് അവസാനിപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയും 2002ലെ കലാപത്തിലെ സംസ്ഥാന ഭരണകൂടത്തിന്റെ പങ്കുണ്ടെന്ന ആരോപണത്തില്‍ മുഖ്യ സാക്ഷിയായ സഞ്ജീവ് ഭട്ട് തുടരുകയുമാണ്.

ഭട്ടിന്റെ കുടുംബത്തിന് നല്‍കിയ സുരക്ഷ പിന്‍വലിച്ചു

1987ല്‍ തന്റെ 23ാം വയസിലാണ് ഭട്ട് സിവില്‍ സര്‍വ്വീസ് പരീക്ഷ ഉയര്‍ന്ന റാങ്കില്‍ വിജയിച്ച് ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ് തെരഞ്ഞെടുത്തത്. ഗുജറാത്ത് കേഡറിലേക്ക് അദ്ദേഹം നിയമിതനായി.

രണ്ടുമാസം മുമ്പ് ജൂലിയില്‍ ബി.ജെ.പി നിയന്ത്രണത്തിലുള്ള അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമവിരുദ്ധ നിര്‍മ്മാണമെന്നാരോപിച്ച് ഭട്ടിന്റെ വീടിന്റെ ഒരുഭാഗം ഇടിച്ചുതകര്‍ത്തിരുന്നു. ഒരാഴ്ച മുഴുവനെടുത്താണ് ഇത് നടപ്പിലാക്കിയത്. 2012ല്‍ മണിനിഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത വീട് തകര്‍ക്കാനുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സുപ്രീം കോടതി ഈ ഹര്‍ജി തള്ളി മണിക്കൂറുകള്‍ക്കുള്ളിലാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബുള്‍ഡോസറുകളുമായി വന്ന് വീടിന്റെ ഒരു ഭാഗം തകര്‍ക്കാന്‍ തുടങ്ങിയത്.

അതിനിടെ, ഏതാണ്ട് ഇതേ സമയത്തു തന്നെ ഗുജറാത്ത് സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനും കുടുംബത്തിനും അനുവദിച്ച സുരക്ഷ പിന്‍വലിച്ചു.

ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ നിലകൊണ്ട് അധികാര സ്ഥാനത്തിരിക്കുന്നവരുടെ പകയ്ക്ക് പാത്രമായത് സഞ്ജീവ് ഭട്ട് മാത്രമല്ല. ഗുജറാത്ത് കേഡറിലെ മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സതീഷ് വര്‍മ്മയും ഡി.ഐ.ജി രജനീഷ് റായിയും മറ്റ് ഉദാഹരണങ്ങളാണ്.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം വര്‍മ്മയെ മേഘാലയയിലെ ഷില്ലോങ്ങിലെ നോര്‍ത്ത് ഇസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ചീഫ് വിജിലന്‍സ് ഓഫീസറായി പുറന്തള്ളി. റായിയെ ഝാര്‍ഖണ്ഡിലെ ജാഡുഗുഡയിലെ യുറാനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സി.വി.ഒയുമാക്കി.

തങ്ങളുടെ ജോലി കൃത്യമായി ചെയ്തതിന് ലഭിച്ച പീഡനമാണിതെന്ന് ഇവര്‍ ഇതിനെതിരെ നല്‍കിയ പരാതിയില്‍ കൃത്യമായി പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

കടപ്പാട്: ദ ക്വിന്റ്
വിവര്‍ത്തനം: ജിന്‍സി ബാലകൃഷ്ണന്‍