ന്യൂദല്‍ഹി: ഹാദിയ വിഷയത്തില്‍ എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ച സുപ്രീം കോടതി നിലപാടിനെ വിമര്‍ശിച്ച് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. പ്രായപൂര്‍ത്തിയായവര്‍ക്കിടയിലുള്ള പരസ്പരസമ്മതപ്രകാരമുള്ള ബന്ധത്തില്‍ പരമോന്നത കോടതി അന്വേഷണം ആവശ്യപ്പെടേണ്ടതുണ്ടോ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് സഞ്ജീവ് ഭട്ടിന്റെ വിമര്‍ശനം.
ഹിന്ദുയുവതിയും മുസ്‌ലിം യുവാവും എന്നതിനു പകരം 24 വയസുള്ള മുസ്‌ലിം യുവതി 27 വയസുള്ള ഹിന്ദു യുവാവും ആണ് പ്രണയിച്ച് വിവാഹം കഴിച്ചതെങ്കിലോ എന്ന ഉദാഹരണം നിരത്തിയാണ് സഞ്ജീവ് ഭട്ട് കോടതി നിലപാടിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
“ഇത് ഒരു ദേശീയ അന്വേഷണം അര്‍ഹിക്കുന്ന സംഭവമാണോ? പ്രായപൂര്‍ത്തിയായവര്‍ക്കിടയിലുള്ള പരസ്പരസമ്മതപ്രകാരമുള്ള ബന്ധത്തില്‍ പരമോന്നത കോടതി അന്വേഷണം ആവശ്യപ്പെടേണ്ടതുണ്ടോ? (67 കുട്ടികള്‍ മരിച്ചതിനു പിന്നിലെ നിഗൂഢത നീക്കാന്‍ അന്വേഷണത്തിന് ആവശ്യപ്പെടാത്ത കോടതിയാണ്) പൗരന്മാര്‍ എന്ന നിലയില്‍ നമ്മള്‍ പിന്തുടരുന്ന വിശ്വാസത്തിന്റെ പേരില്‍ നമ്മള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടോ? എന്തുകൊണ്ടാണ് തങ്ങളുടെ കുട്ടികളുടെ ഉടമസ്ഥരാണ് തങ്ങള്‍ എന്ന് ഇന്ത്യക്കാര്‍ ചിന്തിക്കുന്നത്? ” അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
24 വയസുള്ള മുസ്‌ലിം യുവതി 27 വയസുള്ള ഹിന്ദു യുവാവുമായി പ്രണയത്തിലായി. അവള്‍ അവനെ വിവാഹം കഴിക്കുകയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു.
അവളെ ബലംപ്രയോഗിച്ച് ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചെന്നും അവളുടെ ഭര്‍ത്താവിന് ഗോരക്ഷക് കൂട്ടവുമായി ബന്ധമുണ്ടെന്നും ആന്നാരോപിച്ച് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ഹൈക്കോടതി വിവാഹം റദ്ദാക്കി അവളെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുന്നു.
എന്നാല്‍ പ്രായപൂര്‍ത്തിയായ യുവതി ക്യാമറയില്‍ തുറന്നുപറയുന്നത് പുതിയ പേരില്‍ അറിയപ്പെടാനും ഹിന്ദുവായി ജീവിച്ചുമരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നാണ്.
ഇത് ഒരു ദേശീയ അന്വേഷണം അര്‍ഹിക്കുന്ന സംഭവമാണോ? പ്രായപൂര്‍ത്തിയായവര്‍ക്കിടയിലുള്ള പരസ്പരസമ്മതപ്രകാരമുള്ള ബന്ധത്തില്‍ പരമോന്നത കോടതി അന്വേഷണം ആവശ്യപ്പെടേണ്ടതുണ്ടോ? (67 കുട്ടികള്‍ മരിച്ചതിനു പിന്നിലെ നിഗൂഢത നീക്കാന്‍ അന്വേഷണത്തിന് ആവശ്യപ്പെടാത്ത കോടതിയാണ്) പൗരന്മാര്‍ എന്ന നിലയില്‍ നമ്മള്‍ പിന്തുടരുന്ന വിശ്വാസത്തിന്റെ പേരില്‍ നമ്മള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടോ? എന്തുകൊണ്ടാണ് തങ്ങളുടെ കുട്ടികളുടെ ഉടമസ്ഥരാണ് തങ്ങള്‍ എന്ന് ഇന്ത്യക്കാര്‍ ചിന്തിക്കുന്നത്?
അവള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഏതുമതത്തില്‍പ്പെട്ടയാളായാലും ശിക്ഷിക്കപ്പെടണം. അല്ലാത്തപക്ഷം രാജ്യത്തിന്റെ അനുമതിക്ക് നോക്കാതെ അവര്‍ക്ക് ജീവിക്കാനും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനും അവകാശമുണ്ട്.
(പെണ്‍കുട്ടി ഹിന്ദുവും പുരുഷന്‍ മുസ്‌ലിമും ആയാലും, അതായത് വിപരീത മതത്തിലുള്ളവരായാലും ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്.)