|

അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകര്‍മ്മം; ആര്‍.എസ്.എസുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകര്‍മ്മമാണെന്ന് പറഞ്ഞ  ആര്‍.എസ്.എസ് വനിത സംഘടനയിലെ അംഗമായ സഞ്ജീവനി മിശ്രയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ മന്ത്രി തോമസ് ഐസക്ക്. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേല്‍ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു.

സഞ്ജീവനി മിശ്രയെപ്പോലുള്ളവരുടെ ഈ സവര്‍ണ ബോധമാണ് ഇക്കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ തോക്കേന്തിയതും നിറയൊഴിച്ചതും ദളിതരെ കൊന്നതും അദ്ദേഹം പറഞ്ഞു. നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരെ കാവി പതാകയ്ക്കു കീഴില്‍ ഒരുമിപ്പിക്കാന്‍ നടക്കുന്നവര്‍ കണ്ണടയ്ക്കുന്നത് സഞ്ജീവനി മിശ്രയെപ്പോലുള്ള യാഥാര്‍ത്ഥ്യത്തിനെതിരെയാണെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ഐസക്ക് വ്യക്തമാക്കി.


Read Also : വര്‍ക്കലയിലെ ഭൂമി ഇടപാട്; സബ് കലക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി


സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകള്‍ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്, പരസ്യമായി ഇത്തരം ആക്രോശങ്ങള്‍ മുഴക്കാന്‍ ഒരു നിയമവും നീതിവ്യവസ്ഥയും അവര്‍ക്കു പ്രതിബന്ധമല്ല തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നത്. ഐസക്ക് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകര്‍മ്മമാണത്രേ. ദുര്‍ഗാ വാഹിനി എന്ന ആര്‍എസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര ഫേസ് ബുക്കില്‍ കുറിച്ച വരികളാണ്. വിമര്‍ശനവും പ്രതിഷേധവും രൂക്ഷമായപ്പോള്‍ അവര്‍ പോസ്റ്റു പിന്‍വലിച്ചു.

സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകള്‍ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്. പരസ്യമായി ഇത്തരം ആക്രോശങ്ങള്‍ മുഴക്കാന്‍ ഒരു നിയമവും നീതിവ്യവസ്ഥയും അവര്‍ക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നത്.

ഇവരുടെ ഫേസ് ബുക്ക് പേജിലെ മറ്റൊരു ചര്‍ച്ച ശ്രദ്ധയില്‍പ്പെടുത്താം. ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങളില്‍ വിളക്കു വെയ്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്ത് അവര്‍ ചോദിച്ചത് ഇങ്ങനെയാണ് – – इस शुद्र लड़की को आप लोग दिखिए ये अपने भीम को बुद्ध से बड़ा बना रही है।.

ബുദ്ധന്റെ ചിത്രത്തിനേക്കാള്‍ വലുതായിപ്പോയി അംബേദ്കറുടെ ചിത്രം. അതാണ് അപരാധം. അതിനാണ് ചിത്രത്തിലെ പെണ്‍കുട്ടിയെ ശുദ്രയെന്ന് അധിക്ഷേപിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ചുപേരെ കൊന്നാല്‍ ഒരശ്വമേധം നടത്തുന്നതിന്റെ പുണ്യം കിട്ടുമെന്നാണ് ആര്‍എസ്എസുകാരി പ്രചരിപ്പിക്കുന്നത്.

സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേല്‍ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണ്. സഞ്ജീവനി മിശ്രയെപ്പോലുള്ളവരുടെ ഈ സവര്‍ണ ബോധമാണ് ഇക്കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ തോക്കേന്തിയതും നിറയൊഴിച്ചതും ദളിതരെ കൊന്നതും.

നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരെ കാവി പതാകയ്ക്കു കീഴില്‍ ഒരുമിപ്പിക്കാന്‍ നടക്കുന്നവര്‍ കണ്ണടയ്ക്കുന്നത് സഞ്ജീവനി മിശ്രയെപ്പോലുള്ള യാഥാര്‍ത്ഥ്യത്തിനെതിരെയാണ്.

Video Stories