51ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു
national news
51ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2024, 12:40 pm

ന്യൂദല്‍ഹി: ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 മെയ് 13 വരെയായിരിക്കും സഞ്ജീവ് ഖന്നയുടെ പ്രവര്‍ത്തന കാലാവധി.

മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ദന്‍കര്‍, കേന്ദ്രമന്ത്രിമാര്‍, മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് സഞ്ജാവ് ഖന്ന. ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് രണ്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചതോടെയാണ് സഞ്ജീവ് ഖന്ന ചുമതലയേറ്റത്.

സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് ഒക്ടോബര്‍ 24നാണ് നിയമ-നീതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കുന്ന വിധി ഉള്‍പ്പെടെ നിരവധി വിധി പ്രഖ്യാപനങ്ങള്‍ക്ക് സഞ്ജീവ് ഖന്ന ഭാഗമായിട്ടുണ്ട്.

സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന് അനുമതി നല്‍കിയ ബെഞ്ചിന്റെ ഭാഗവുമായിരുന്നു അദ്ദേഹം. കൂടാതെ മദ്യ നയവുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസില്‍ മുന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമനുവദിച്ചതും സഞ്ജീവ് ഖന്നയായിരുന്നു.

2018 ലെ ഇലക്ടറല്‍ ബോണ്ട് സകീം റദ്ദാക്കിയ അഞ്ചംഗ ബെഞ്ചിലും ജസ്റ്റിസ് ഖന്ന ഉള്‍പ്പെട്ടിരുന്നു.

1983ലാണ് ദല്‍ഹി ബാര്‍ കൗണ്‍സിലില്‍ സഞ്ജീവ് ഖന്ന അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. പിന്നീട് ദല്‍ഹിയിലെ തീസ് ഹസാരി കോംപ്ലക്‌സിലെ ജില്ലാ കോടതികള്‍, ദല്‍ഹി ഹൈക്കോടതി, ട്രൈബ്യൂണലുകള്‍ തുടങ്ങിയ ഇടങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം.

ആദായ നികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലായി ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ലാണ് ദല്‍ഹിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലായി നിയമിതനാവുന്നത്.

2005ല്‍ ദല്‍ഹി ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ഉയര്‍ത്തപ്പെടുകയും 2006ല്‍ സ്ഥിരം ജഡ്ജിയാവുകയും ചെയ്തു.

2019 ജനുവരിയിലാണ് സുപ്രീം കോടതിയില്‍ ജഡ്ജിയാവുന്നത്. 2023 ജൂണ്‍ 17 മുതല്‍ 2023 ഡിസംബര്‍ 25വരെ സുപ്രീം കോടതി ലീഗല്‍ സര്‍വീസ് കമ്മീറ്റിയുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Content Highlight: Sanjeev Khanna took charge as the 51st Chief Justice